പള്ളത്തു കുടുംബത്തിലെ ത്രിവര്‍ണ നക്ഷത്രങ്ങള്‍ക്ക് സുവര്‍ണപ്രഭ

സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന സഹോദരങ്ങളായ ഫാ. ബര്‍ളിന്‍ പള്ളന്‍, സിസ്റ്റര്‍ മാഡ്‌ലിന്‍ പള്ളന്‍, ഫാ. റയ്മണ്ട് പള്ളന്‍

നക്ഷത്രം തെളിച്ച് പുല്‍ക്കൂടൊരുക്കി ക്രിസ്മസാഘോഷത്തിനായി ലോകം ഒരുങ്ങുമ്പോള്‍ കൊച്ചിയിലെ പാലാരിവട്ടത്ത് പള്ളത്ത് കുടുംബത്തില്‍ മൂന്നു നക്ഷത്രങ്ങളുടെ ഒളിമങ്ങാത്ത സുവര്‍ണ പ്രഭയിലാണ് ഇത്തവണത്തെ ക്രിസ്മസാഘോഷം. ദൈവവിളിയുടെ ജ്ഞാനമേറ്റ മൂന്നു സഹോദരങ്ങള്‍ ഒരുമിച്ച് ദൈവവിളിയുടെ അരനൂറ്റാണ്ടിലെ നന്മകള്‍ക്കും കൃപകള്‍ക്കും തുറന്ന മനസുമായി തമ്പുരാന് നന്ദി പറയുന്നു.

വരാപ്പുഴ അതിരൂപതയിലെ പാലാരിവട്ടം സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് ഇടവകയിലെ പള്ളത്ത് കുടുംബത്തിലെ ഫാ. റയ്മണ്ട്, ഫാ. ബര്‍ളി, സിസ്റ്റര്‍ മാഡ്‌ലിന്‍ എന്നിവര്‍ പൗരോഹിത്യ-സന്യാസ ജീവിതത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയാണ്. പള്ളത്ത് കാക്കോയുടെയും മേരിയുടെയും ദാമ്പത്യത്തില്‍ വിരിഞ്ഞ ദശപുഷ്പങ്ങളിലെ മൂന്നു പുണ്യ പൂക്കളാണിവര്‍. ജീവിത നിയോഗം തിരിച്ചറിഞ്ഞ് മൂവരും പൗരോഹിത്യ-സന്യസ്ത ജീവിതത്തിന്റെ പ്രശോഭിത മേഖലയിലേക്ക് കടന്നത് 1967-ലാണ്. അഞ്ചു പതിറ്റാണ്ടുകാലം വിളിയില്‍ വിശ്വസ്തതയും വിളിച്ചവനോട് കൂറും പുലര്‍ത്തി സഭാധികാരികള്‍ക്ക് വിധേയമായും ജീവിതം ശോഭനമാക്കിയപ്പോള്‍ മൂവര്‍ക്കും ആത്മസംതൃപ്തി. അതുകൊണ്ടാണ് ജീവിതത്തിന്റെ പിന്നിട്ട നാളുകളില്‍ ഏതവസ്ഥയിലും ഈ മൂന്നു പേരുടെയും മുഖത്തുനിന്നും പുഞ്ചിരി മറഞ്ഞിട്ടില്ല. ക്രിസ്തുവിന്റെ മുഖവും മുദ്രയും ഭാഗവുമായി അരനൂറ്റാണ്ടുകാലം വിശുദ്ധ പൗരോഹിത്യത്തിന്റെ വഴിയെ ചരിച്ച ഫാ. റയ്മണ്ട് പള്ളനും, ഫാ. ബര്‍ളി പള്ളനും വ്രതത്രയങ്ങളുടെ നിര്‍മലതയ്ക്ക് ഭംഗംവരുത്താതെ സന്യാസത്തിന്റെ കര്‍മ മണ്ഡലങ്ങളില്‍ ശോഭിച്ച സിസ്റ്റര്‍ മാഡ്‌ലിന്‍ പള്ളനും വരാപ്പുഴ അതിരൂപതയില്‍ ഈ ക്രിസ്മസ് കാലത്ത് തെളിയുന്ന ത്രിവര്‍ണ നക്ഷത്രങ്ങളാണ്.

ഫാ. റയ്മണ്ട് പള്ളനാണ് ത്രിമൂര്‍ത്തികളില്‍ മൂത്തയാള്‍. 78 പിന്നിട്ട റയ്മണ്ടച്ചന്‍ 1939 ജനുവരി 23-നാണ് ജനിച്ചത്. 1967 ഡിസംബര്‍ 18-ന് പൗരോഹിത്യവും സ്വീകരിച്ചു. ഇതേ വര്‍ഷം തന്നെ ബര്‍ലിനച്ചന്‍ എസ്‌വിഡി സ്യനാസസഭാ വൈദികനായി. സിസ്റ്റര്‍ മാഡ്‌ലിന്‍ സിജെഎം സന്യാസിനിയുമായി. വരാപ്പുഴ അതിരൂപതയിലെ വിവിധ ഇടവകകളില്‍ സഹവികാരിയും വികാരിയുമായി അജപാലന ശുശ്രൂഷ ചെയ്ത റയ്മണ്ടച്ചന്‍ പെരുമ്പിള്ളി ക്രിസ്തു ജയന്തി ഹോസ്പിറ്റല്‍ ചാപ്ലിനായും കളമശ്ശേരി സെന്റ് ജോസഫ് മൈനര്‍ സെമിനാരി സ്പിരിച്വല്‍ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാനന്‍ നിയമപ്രകാരം 75 വയസില്‍ വൈദിക ശുശ്രൂഷകളില്‍ നിന്നും വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചെങ്കിലും ഇപ്പോഴും ചുറുചുറുക്കോടെയും പ്രസരിപ്പോടെയും കഴിയുന്ന റയ്മണ്ടച്ചന്‍ കാഴ്ചയില്‍ വരാപ്പുഴ അതിരൂപതയിലെ ഒരു കൊച്ചച്ചന്‍ കണക്കേ ആവശ്യമുള്ള ശുശ്രൂഷായിടങ്ങളിലൊക്കെ വിനയാന്വിതനായി, കര്‍മനിരതനായി വ്യാപരിച്ചു നടക്കുകയാണ്. അതിരൂപതയിലെ വിശ്രമജീവിതം നയിക്കുന്ന വൈദികര്‍ക്കുള്ള കാക്കനാട് ആവിലാ ഭവനിലാണ് റയ്മണ്ടച്ചന്റെ ഇപ്പോഴത്തെ താമസം. തളരാതെ ഓടി നടക്കുന്ന വന്ദ്യനായ ഈ ജൂബിലേറിയന്‍ ധരിച്ചിരിക്കുന്ന ധവള വസ്ത്രത്തിന്റെ പ്രഭ തന്നെയാണ് ഇന്നും ജീവിതത്തില്‍ പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നത്. കാല്‍നട യാത്രയും ബസ് സഞ്ചാരവുമാണ് അച്ചനിന്നും പ്രിയം. നടപ്പില്‍ അച്ചനെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല. അതുപോലെ സൗഹൃദം കാത്തുപാലിക്കുന്നതിലും അച്ചന്റെ റെക്കോര്‍ഡ് മറികടക്കാനാവില്ല. പ്രായത്തെ തോല്‍പ്പിക്കുന്ന വിധം നവമാധ്യമങ്ങളിലൂടെ അച്ചനിന്നും നവസുവിശേഷവത്ക്കരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്റര്‍നെറ്റും ഇ-മെയിലും വാട്‌സ് ആപ്പും ഫെയ്‌സ് ബുക്കും അച്ചന് പഥ്യമല്ല. ടയേര്‍ഡാവാത്ത ഈ റിട്ടേര്‍ഡ് പ്രീസ്റ്റ് അശീതിയിലേക്ക് നടന്നു കയറുമ്പോഴും പുഞ്ചിരിക്ക് ശോഭയും കാലുകള്‍ക്ക് വേഗതയും ശുശ്രൂഷകള്‍ക്ക് ആത്മീയതയും പുണ്യത്തിന്റെ പ്രസരിപ്പും ഏറിവരികയാണ്.

ബര്‍ളിനച്ചന്‍ സൊസൈറ്റി ഓഫ് ഡിവൈന്‍ വേര്‍ഡ് (എസ്‌വിഡി) സന്യാസ സഭാംഗമാണ്. ഇന്‍ഡോറിലെ പ്രേഷിതപ്രവര്‍ത്തനങ്ങളിലായിരുന്നു അച്ചന്റെ ശുശ്രൂഷാ ജീവിതത്തിലേറെക്കാലവും. റോമില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയിട്ടുള്ള ഫാ. ബര്‍ളിന്‍ മുംബൈ സാന്ദ്ര സെന്റ് തെരേസാസ് പള്ളി വികാരിയായും സേവനമനുഷ്ഠച്ചിട്ടുണ്ട്.

പുഞ്ചിരിക്കുന്ന ഈ വൈദികന്‍ നലംതികഞ്ഞൊരു ഗായകനും ഗാനരചയിതാവുമാണ്. ‘ഗ്യാനാശ്രം’ എന്ന പേരില്‍ സംഗീതപഠനത്തിനായി ഒരു സ്ഥാപനവും അച്ചന്‍ ആരംഭിച്ചിട്ടുണ്ട്. വിശ്രമജീവിതത്തിലേക്ക് ബര്‍ളിനച്ചനും പ്രവേശിച്ചെങ്കിലും ഇനിയും അച്ചനൊരു ജന്മമുണ്ടെങ്കില്‍ ആഗ്രഹമെന്തെന്ന് ചോദിക്കുമ്പോള്‍ പുഞ്ചിരിച്ചുകൊണ്ടുതന്നെ അച്ചന്‍ പറയുന്നു: ”ഒരു എസ്‌വിഡി സന്യാസ വൈദികനാകണം.” കണ്ടെത്തി സ്വീകരിച്ച ജീവിതത്തോടുള്ള അതിരറ്റ വിശ്വസ്തയും അതിലനുഭവിച്ച സന്തോഷവുമാണ് ബര്‍ളിനച്ചനെക്കൊണ്ടിതു പറയിപ്പിക്കുന്നത്.
ഈ വൈദിക സഹോദരങ്ങളുടെ പുന്നാരപെങ്ങള്‍ മാഡ്‌ലിന്‍ കോണ്‍ഗ്രിഗേഷന്‍ ഓഫ് ജീസസ് ആന്റ് മേരി (സിജെഎം) സന്യാസിനി സമൂഹത്തിലെ അംഗമാണ്. സഭാവസ്ത്രം സ്വീകരിച്ചതിനെ തുടര്‍ന്ന് വര്‍ഷങ്ങളോളം കര്‍മ മണ്ഡലമാക്കിയത് ഷിംലയിലായിരുന്നു. സന്യാസിനിമാര്‍ക്ക് വിരമിക്കല്‍ ഇല്ലാത്തതിനാല്‍ സിസ്റ്റര്‍ മാഡ്‌ലിന്‍ ഇപ്പോഴും സഭയിലെ സജീവ പ്രവര്‍ത്തകയാണ്. പൂനെയിലാണ് ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നത്. സന്യസ്ത ജീവിതം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും തനിക്കതൊരു ആസ്വാദ്യജീവിതമായിരുന്നുവെന്ന് വിടര്‍ന്ന ചിരിയോടെ തന്നെ സിസ്റ്റര്‍ മാഡ്‌ലിന്‍ പറയുന്നു. പൂര്‍ണ സംതൃപ്തിയാണ് തനിക്ക് ലഭിച്ചിട്ടുള്ളതെന്ന് സിസ്റ്റര്‍ പറയുമ്പോള്‍ റയ്മണ്ടച്ചനും ബര്‍ളിനച്ചനും കൂടെ ഏറ്റുപറയുന്നു ഞങ്ങളും സംതൃപ്തരാണ്. സിസ്റ്റര്‍ ഒന്നു കൂടെ കൂട്ടിച്ചേര്‍ത്തു: ”ഞങ്ങള്‍ സന്തുഷ്ടരുമാണ്.”

നാളെ ഇടവക ദേവാലയമായ പാലാരിവട്ടം വിശുദ്ധ യോഹന്നാന്‍ മാംദാനയുടെ പള്ളിയില്‍ രാവിലെ 11-ന് ജൂബിലേറിയന്മാര്‍ അര്‍പ്പിക്കുന്ന കൃതജ്ഞതാ ബലിയും സുവര്‍ണ ജൂബിലി ആഘോഷങ്ങളും ഉണ്ടായിരിക്കും. പള്ളത്തു കുടുംബാംഗങ്ങള്‍ ഈ മൂവര്‍ണ നക്ഷത്ര പ്രഭയില്‍ ആഹ്ലാദചിത്തരായാണ് രക്ഷകന്റെ പിറവിത്തിരുനാളിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

ജോസ് ക്ലെമന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.