ഓരോ വിശ്വാസിയും ബൈബിള്‍ ടവര്‍ ആകട്ടെ: പാലാ രൂപത

ലോക്ക് ഡൗൺ നാളുകൾ വിശ്വാസത്തിന്റെ പുതിയ അനുഭവങ്ങളിലേയ്ക്ക് വളരുവാനുള്ള അവസരമാക്കി മാറ്റണമെന്ന് ആഹ്വാനം ചെയ്ത് പാലാ രൂപത. ഈ നാളുകളിൽ ഓരോ വിശ്വാസിയും ബൈബിള്‍ ടവര്‍ ആയി മാറട്ടെ എന്നാണ് രൂപതാംഗങ്ങൾക്ക് ബിഷപ്പ് മാർ കല്ലറങ്ങാട്ട് നൽകുന്ന ആശംസ. രണ്ടാഴ്ചക്കാലം വീട്ടിലിരുന്നു വിശുദ്ധ ഗ്രന്ഥം വായിച്ചാൽ ഓരോ വ്യക്തിക്കും ബൈബിൾ ടവർ ആകുവാൻ സാധിക്കും.

ലോകത്തിൽ വിശുദ്ധ ഗ്രന്ഥം ഏറ്റവും കൂടുതൽ സ്നേഹിക്കുകയും പരിചയപ്പെടുകയും വായിക്കുകയും ചെയ്യുന്നത് യഹൂദന്മാരായിരിക്കും. ഈശോ പതിവായി സിനഗോഗുകളിൽ പോവുകയും വചനം വായിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു. ക്രൈസ്തവലോകത്ത് തിരുവചനം സമഗ്രമായി പഠിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തവർ ആദിമസഭയുടെ പിതാക്കന്മാരായിരുന്നു. വർഷങ്ങൾ വീടിനുള്ളിൽ തന്നെ ഇരുന്നു വചനം പഠിച്ചവർ അവരിൽ അനേകർ ഉണ്ടായിരുന്നു.

സുറിയാനി സഭാപിതാക്കന്മാരെല്ലാം വചനവ്യാഖ്യാതാക്കൾ ആയിരുന്നു. അവർ വ്യാഖ്യാനിച്ച വചനരൂപമാണ് നമ്മുടെ വിശുദ്ധ കുർബാനയും യാമപ്രാർത്ഥനകളും കൂദാശാക്രമങ്ങളുമെല്ലാം. വി. കൊച്ചുത്രേസ്യ പറയുന്നു: ” ഞാൻ സുവിശേഷത്തിലേയ്ക്ക് കണ്ണോടിച്ചാൽ മതി; ഉടൻതന്നെ ഈശോയുടെ ജീവിതത്തിന്റെ പരിമളം ഞാൻ ശ്വസിച്ചുതുടങ്ങുന്നു. എങ്ങോട്ടാണ് പോകേണ്ടതെന്ന് എനിക്ക് ഉടൻ മനസിലാകും.”