ഈ പ്രാര്‍ത്ഥന ദൈവത്തിന് കേള്‍ക്കാതിരിക്കാനാവില്ല! വിശുദ്ധ പാദ്രേ പിയോ പഠിപ്പിക്കുന്നു

ജീവിതലാളിത്യം കൊണ്ടും നന്മ കൊണ്ടും അനേകായിരങ്ങളെ ക്രിസ്തുവിലേയ്ക്ക് അടുപ്പിച്ച വിശുദ്ധനാണ് പാദ്രേ പിയോ. അദ്ദേഹത്തിന്റെ പഞ്ചക്ഷതങ്ങളും ഒരേസമയം രണ്ട് സ്ഥലങ്ങളില്‍ പ്രത്യക്ഷനാകാനുള്ള കഴിവുമെല്ലാം പ്രസിദ്ധമാണ്. പ്രാര്‍ത്ഥനയുടെ പ്രധാന്യത്തെക്കുറിച്ചും പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെയെന്നും വിശദമായി പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ദൈവത്തിന് ഇഷ്ടമുള്ള പ്രാര്‍ത്ഥനയെക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ വിശദീകരിച്ചിട്ടുണ്ട്.

നാം സ്‌നേഹിക്കുന്നവരോട് സംസാരിക്കാന്‍ നമുക്ക് ഏറെ ഇഷ്ടമാണ്. അവരുടെയൊപ്പം ഇരിക്കുമ്പോള്‍ നമുക്ക് മിണ്ടാതിരിക്കാനാവില്ല. ഇതേ കാര്യം തന്നെയാണ് ദൈവവുമായുള്ള ബന്ധത്തിലും സംഭവിക്കുന്നതെന്നാണ് വിശുദ്ധന്‍ പറയുന്നത്. ദൈവം നമ്മോടു കൂടെയുണ്ട് – വളരെ അടുത്തുണ്ട്. അവിടുന്ന് നമ്മുടെ ഹൃദയത്തോട് സംസാരിക്കുന്നുമുണ്ട്. അപ്പോള്‍ നമുക്ക് എങ്ങനെ ദൈവത്തോട് സംസാരിക്കാതിരിക്കാന്‍ കഴിയും..? പാദ്രോ പിയോ ചോദിക്കുന്നു.

കുഞ്ഞുങ്ങളുടേതുപോലെ ലളിതവും നിഷ്‌കളങ്കവുമായിരിക്കണം ദൈവത്തോടുള്ള നമ്മുടെ സംഭാഷണങ്ങള്‍ എന്നും വിശുദ്ധന്‍ പറയുന്നു. ‘ഈശോയേ, ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു’ എന്നുപറയാം. അല്ലെങ്കില്‍ ‘അപ്പാ’ എന്നുള്ള വിളി മതി ദൈവത്തിന്. ‘ഈശോയേ, എന്റെ ജീവിതത്തില്‍ വരേണമേ’ എന്നും ‘ഈശോ, മറിയം, യൗസേപ്പേ ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു; ആത്മാക്കളേ രക്ഷിക്കണമേ’ എന്നും പ്രാര്‍ത്ഥിക്കുന്നത് മനോഹരമായ പ്രാര്‍ത്ഥനയാണെന്ന് പ്രോദ പിയോ പറയുന്നു.

ഇത്തരം കൊച്ചുപ്രാര്‍ത്ഥനകള്‍ വളരെ വിലപ്പെട്ടതാണ്. കാരണം, അങ്ങനെ ചെയ്താല്‍ നാം എപ്പോഴും ദൈവസാന്നിധ്യത്തില്‍ ആയിരിക്കും. ഈ പ്രാര്‍ത്ഥനകള്‍ ചൊല്ലിക്കൊണ്ടിരുന്നാല്‍ എപ്പോഴും നമുക്ക് ദൈവത്തെക്കുറിച്ചുള്ള ബോധമുണ്ടാകും, ബന്ധവുമുണ്ടാകും – വിശുദ്ധന്‍ വ്യക്തമാക്കുന്നു.