വി. പാദ്രെ പിയോ സഹനങ്ങളെ പ്രത്യാശയോടെ നേരിട്ട മനുഷ്യന്‍: ഇറ്റാലിയന്‍ ജേര്‍ണലിസ്റ്റ്

സഹനങ്ങളെയും വേദനകളെയും പ്രത്യാശയോടെ നേരിട്ട വ്യക്തിത്വത്തിന് ഉടമയായിരുന്നു വി. പാദ്രെ പിയോ എന്ന് ഇറ്റാലിയന്‍  ജേര്‍ണലിസ്റ്റ് റെന്‍സോ അലെഗ്രി. ജീവിച്ചിരിക്കുമ്പോള്‍ തന്നെ വി. പാദ്രെ പിയോയെക്കുറിച്ച് ജീവിതകഥ എഴുതിയ വ്യക്തിയാണദ്ദേഹം. 1968-ല്‍, പാദ്രെ പിയോ മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പാണ്‌ ‘Man of Hope’ എന്ന പുസ്തകം അദ്ദേഹം എഴുതിയത്.

“അദ്ദേഹം സങ്കീർത്തിയിലൂടെയും വരാന്തയിലൂടെയും തന്‍റെ വയ്യാത്ത കാലുകള്‍ ഏന്തിവലിച്ച്  നടക്കുന്നതു കാണുമ്പോള്‍ വലിയ വിഷമം തോന്നുമായിരുന്നു. നിശബ്ദനായി നടക്കുന്ന അദ്ദേഹത്തില്‍ ദൈവസാന്നിധ്യം ദര്‍ശിക്കുവാന്‍ സാധിക്കുമായിരുന്നു” – റെന്‍സോ പറഞ്ഞു.

ജീവിതത്തില്‍ സഹനങ്ങളുടെ തീച്ചൂളയില്‍ എരിയപ്പെട്ടിട്ടും വിശ്വാസവും പ്രത്യാശയും സ്നേഹവും കൈവിടാതെ ജീവിച്ച മനുഷ്യനാണ് പാദ്രെ പിയോ. പീഡനങ്ങളും കളിയാക്കലുകളും ആരോപണങ്ങളും ഒക്കെയുണ്ടായപ്പോൾ അവയുടെ മുന്‍പില്‍ അദ്ദേഹം ശുഭാപ്തിവിശ്വാസത്തോടെ നിലകൊണ്ടു. ആധുനിക ലോകത്തില്‍ വേദനകളുടെ മുന്‍പില്‍ പ്രത്യാശയോടെ നിലകൊള്ളാന്‍ വി. പാദ്രെ പിയോയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ പ്രലോഭനങ്ങളുടെ മുന്‍പില്‍ വി. പാദ്രെ പിയോയുടെ ജീവിതം ഒരു വിളക്കായി നമ്മുടെ മുന്‍പില്‍ പ്രശോഭിക്കുന്നു.

1887-ല്‍ ഇറ്റലിയില്‍ ജനിച്ച പിയോ, ചെറുപ്പം മുതല്‍ ആദ്ധ്യാത്മികതയില്‍ വളര്‍ന്ന വ്യക്തിയായിരുന്നു. തന്‍റെ പതിനഞ്ചാമത്തെ വയസില്‍ ഫ്രാന്‍സിസ്കന്‍ കപ്പൂച്ചിന്‍ സെമിനാരിയില്‍ നോവിഷ്യറ്റില്‍ ചേര്‍ന്നു. ഒന്നാം ലോകമഹാ യുദ്ധകാലത്ത് നിര്‍ബന്ധിത സൈനികസേവനത്തിന് അയക്കപ്പെട്ടെങ്കിലും ആരോഗ്യം മോശമായതിനാല്‍ തിരിച്ചയച്ചു. പിയോയുടെ ജീവിതത്തില്‍ വലിയ സഹനങ്ങള്‍ ശാരീരികമായും മാനസികമായും അനുഭവിക്കേണ്ടി വന്നു. പൈശാചിക പ്രലോഭനങ്ങള്‍ അദ്ദേഹത്തെ നിരന്തരം വേട്ടയാടി. ഈശോയുടെ പഞ്ചക്ഷതങ്ങള്‍ അദ്ദേഹത്തിന് ദാനമായും സഹനമായും ലഭിച്ചു. ധാരാളം അത്ഭുതങ്ങളും അടയാളങ്ങളും അദ്ദേഹത്തിലൂടെ ഉണ്ടായി.

മരണം വരെ കര്‍ത്താവിന്റെ സഹങ്ങളോട് ചേര്‍ന്നുനിന്ന് ജീവിച്ച മനുഷ്യന്‍ ഇന്ന് ലോകത്തിന്‍റെ മുന്‍പില്‍ പ്രത്യാശയുടെ മനുഷ്യനായി. കാലഘട്ടത്തിന് അതീതമായി നമ്മുടെ മുന്‍പില്‍ വി. പാദ്രെ പിയോ നിലകൊള്ളുന്നു. പ്രത്യാശയുടെയും വിശ്വാസത്തിന്റെയും സന്ദേശം പകര്‍ന്നുകൊണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.