പത്തുലക്ഷം കുട്ടികള്‍ ഒന്നിച്ചു ജപമാല ചൊല്ലിയാല്‍ ലോകം മാറിമറയുമെന്ന വി. പാദ്രെ പിയോയുടെ വാക്കുകളെ ബഹുമാനിച്ച് ഫിലിപ്പൈന്‍സും

ഒരു മില്യന്‍ കുട്ടികള്‍ ജപമാല ചൊല്ലിയാല്‍ ഈ ലോകം തന്നെ മാറിപ്പോകും എന്നാണ് വി. പാദ്രെ പിയോയുടെ വാഗ്ദാനം. ഈ വാഗ്ദാനത്തെ അനുസ്മരിച്ചുകൊണ്ട് ലോകവ്യാപകമായി ആരംഭിച്ചിരിക്കുന്ന ഒരു പ്രോഗ്രാമാണ് വണ്‍ മില്യന്‍ ചില്‍ഡ്രന്‍ പ്രേയിങ് ദ റോസറി. ഇതിനു വേണ്ടി ഫിലിപ്പൈന്‍സിലെ കത്തോലിക്കാ സഭ കുട്ടികള്‍ക്ക് സൗജന്യമായി കൊന്തകള്‍ വിതരണം ചെയ്യും. ലോകത്തിലുള്ള എല്ലാ കുട്ടികളെയും പ്രാര്‍ത്ഥനയില്‍ ഒരുമിച്ചുചേര്‍ക്കുന്നതിന് വേണ്ടിയാണ് കൊന്ത വിതരണം ചെയ്യുന്നത്. എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

2005-ല്‍ വെനിസ്വേലയുടെ തലസ്ഥാനമായ കാരാക്കാസില്‍ ഒരു കൂട്ടം കുട്ടികള്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഏതാനും സ്ത്രീകള്‍ അതില്‍ പങ്കുചേരുകയും അവര്‍ക്കെല്ലാവര്‍ക്കും പരിശുദ്ധ കന്യാമറിയത്തിന്റെ സാന്നിധ്യം അനുഭവിക്കാന്‍ സാധിക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ഇത്തരത്തിലുള്ള പ്രാര്‍ത്ഥനകള്‍ക്ക് തുടക്കമായത്. ഒക്ടോബര്‍ 18-ന് ആരംഭിച്ച ഈ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ ലോകത്തിലെ 80 രാജ്യങ്ങള്‍ പങ്കെടുക്കും. രാജ്യങ്ങള്‍ തമ്മിലുള്ള സമാധാനവും ഐക്യവും ഊട്ടിയുറപ്പിക്കുക എന്നതും പ്രാര്‍ത്ഥനാ യജ്ഞത്തിന്റെ ലക്ഷ്യമാണ്.