പ്രലോഭനങ്ങളെ അതിജീവിക്കാൻ ദൈവസഹായം യാചിക്കാം ഈ പ്രാർത്ഥനയിലൂടെ

ദൈവവുമായുള്ള നമ്മുടെ സൗഹൃദത്തിന് എന്നും തടസമാണ് പ്രലോഭനങ്ങൾ അല്ലെങ്കിൽ തിന്മ ചെയ്യാനുള്ള പ്രേരണകൾ. പല സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരാണ് നാം. അതിനാൽ തന്നെ പലതരത്തിലുള്ള പ്രേരണകളും നമ്മുടെ ജീവിതത്തിൽ ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കുവാൻ ചിലപ്പോൾ നമുക്ക് കഴിഞ്ഞെന്നു വരില്ല. പ്രലോഭനങ്ങളെ അതിജീവിക്കുവാൻ ദൈവത്തിന്റെ സഹായം നമുക്ക് ആവശ്യമാണ്. അതിന് പ്രാർത്ഥിക്കുകയല്ലാതെ മറ്റു വഴികൾ ഒന്നും തന്നെയില്ല.

പ്രലോഭനങ്ങളുടെ സമയത്ത് ക്രിസ്തുവിനെ അനുകരിക്കുവാനും അങ്ങനെ ദൈവത്തോട് സഹായം അഭ്യർത്ഥിക്കുവാനും സഹായിക്കുന്ന വളരെ ചെറിയതും മനോഹരവുമായ ഒരു പ്രാർത്ഥന ഇതാ. ഈ പ്രാർത്ഥനയിലൂടെ പാപസാഹചര്യങ്ങളെ ഇല്ലാതാക്കി ക്രിസ്തുവിനോട് നമുക്ക് ചേർന്നിരിക്കാം:

“പ്രലോഭനങ്ങൾ ശക്തമാകുന്ന ഈ നിമിഷം യേശുവേ, അവിടുത്തെ തിരുനാമത്തിന്‍ ശക്തി ഒഴുക്കണമേ. ഈ സാഹചര്യത്തെ ഒഴിവാക്കുവാൻ ഞാൻ അശക്തനാണ് എന്ന് അങ്ങേയ്ക്ക് അറിയാമല്ലോ. അതിനാൽ, ഞാൻ അങ്ങയുടെ പക്കൽ എത്തിയിരിക്കുകയാണ്. ഞാൻ അസ്വസ്ഥതയുടെ വക്കിലാണെന്ന് നീ അറിയുന്നല്ലോ. എന്റെ മനസിനെ ശാന്തമാക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ.

പ്രിയപിതാവേ, ഞാൻ എന്തു പറയണം എന്ന് എനിക്കറിയില്ല. പ്രലോഭനങ്ങൾ എന്നെ വലയ്ക്കുന്ന ഈ നിമിഷം എന്റെ സഹായത്തിനായി എത്തേണമേ. സംരക്ഷിക്കേണമേ. ഈ പാപബന്ധനങ്ങളിൽ നിന്ന് എന്നെ രക്ഷിക്കേണമേ. ഈ നിമിഷം അങ്ങില്ലാതെ മറ്റാരിൽ നിന്നും എനിക്ക് സഹായം ലഭിക്കില്ല എന്ന് ദൈവമേ, ഞാൻ തിരിച്ചറിയുന്നു. ആകയാൽ ദൈവമേ, ഈ പാപിയെ കടാക്ഷിക്കേണമേ.

ദൈവമേ, അങ്ങയോട് ചേർന്നിരിക്കുവാൻ, അങ്ങയുടെ ഇഷ്ടം നിറവേറ്റുവാൻ ഞാൻ കഷ്ടപ്പെടുകയാണ്. ദൈവമേ പാപിയാണ് ഞാൻ. ഈ കഷ്ടതകൾ അനുഭവിക്കുവാൻ ഞാൻ അർഹനാണ് എങ്കിൽക്കൂടി എന്നെ സഹായിക്കേണമേ. ഈ സഹനത്തിന്റെ, പ്രലോഭനത്തിന്റെ നിമിഷത്തിൽ അങ്ങയുടെ കരുണയുടെ കരം എന്നിലേയ്ക്ക് അയയ്ക്കേണമേ. അല്ലെങ്കിൽ ഞാൻ വീണുപോകും. മുൻപ് പല തെറ്റുകളിലും വീഴാതെ എന്നെ സംരക്ഷിച്ച കാരുണ്യവാനായ ദൈവമേ, ഈ പാപസാഹചര്യങ്ങളിൽ നിന്നും എന്നെ സംരക്ഷിക്കേണമേ. ആമ്മേൻ.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.