അവര്‍ ലേഡി ഓഫ് കെവ് – മാതാവിന്റെ പ്രത്യക്ഷപ്പടലുകള്‍ – 3

ലോകത്തിലുടെനീളം കനിവിന്റെ തൈലമായും കരുണയുടെ ഉറവയായും ലോകത്തിന് നലം തികഞ്ഞ ഒരമ്മയെ ആവശ്യമുണ്ട്. ദൈവത്തിന്റെ തന്നെ വാഗ്ദാനമാണല്ലോ, പെറ്റമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കില്ല എന്നത്.  ലോകം മുഴുവനും ഉള്ള എല്ലാ മക്കളെയും നെഞ്ചോട് ചേര്‍ക്കാന്‍ കൊതിക്കുന്ന ഒരു ഉഷക്കാല നക്ഷത്രമാണ് പരിശുദ്ധ അമ്മ.

അമ്മ എന്നും നന്മയാണ് പകര്‍ന്നു തരുക. മനുഷ്യന്‍ തന്റെ നിസ്സഹായാവസ്ഥയില്‍ അമ്മയുടെ മാദ്ധ്യസ്ഥമാണ് വിളിച്ചപേക്ഷിക്കുന്നത്. സമൂഹത്തിന്റെയും  വ്യക്തികളുടെയും കാവലും കരുതലുമാണ് പരി. കന്യകാമറിയം. എവിടെ എപ്പോഴെക്കെ ദൈവത്തിന് ആവശ്യമുണ്ടോ അവിടെയൊക്കെ  പരി. കന്യക ദര്‍ശനം നല്‍കുന്നു. ലോകം അതിനുള്ള വേദിയും തന്റെ തിരുക്കുമാരനാല്‍ നേടിയ മനുഷ്യകുലം അവളുടെ ആധിയുമാണ്.

ഭൂഗോളത്തില്‍ ഉടനീളം മാതാവ് തന്റെ പ്രത്യക്ഷപ്പെടല്‍ കൊണ്ട് മനുഷ്യരുടെ ഇടയില്‍ തന്റെ സാന്നിധ്യം അനുഭവവേദ്യമാക്കുന്നു. മാതാവിന്റെ ഓരോ പ്രത്യക്ഷപ്പെടലിനും ഓരോ ലക്ഷ്യമുണ്ട്. അത് ആ പ്രദേശത്തെ ജനസമൂഹം പാപസാഹചര്യങ്ങള്‍ ഉപേക്ഷിച്ച് അനുതാപത്തിലേക്കും, ജീവിത നവീകരണത്തിലേക്കും വരേണ്ടതിനാണ്. നമ്മുടെ കൂടെ അമ്മയെ ചേര്‍ത്ത് നിര്‍ത്തി, അമ്മ നല്‍കുന്ന അനുഗ്രഹങ്ങള്‍ സന്തോഷത്തോടെ സ്വീകരിച്ച് മുന്നേറാന്‍ അമ്മ ഓരോ പ്രത്യക്ഷപ്പെടലുകളിലൂടെയും സഭാമക്കളോട് ആഹ്വാനം ചെയ്യുന്നു.

862- ല്‍ നോവ്‌ഗോറോഡ്‌ എന്ന സ്ഥലത്ത് താമസിച്ചിരുന്ന ഒരു കൂട്ടം നോര്‍സര്‍കാരും ആ പ്രദേശത്തെ അടിമകളും ഒരുമിച്ചു ചേര്‍ന്ന് ആ സ്ഥലത്തെ ഒരു സ്വതന്ത്ര സംസ്ഥാനമായി പ്രഖ്യാപിച്ചു. ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം കെവ് അതിന്റെ തലസ്ഥാന നഗരമായി മാറി.  9-ാം നൂറ്റണ്ടില്‍ കീവിലെ ജനങ്ങളെ കോണ്‍സ്റ്റാന്റിനോപ്പിള്‍ നിന്ന് വന്ന മിഷ്‌നറിമാര്‍ ക്രിസ്ത്യാനികളാക്കി. അവര്‍ ഈ തദ്ദേശവാസികളെ എല്ലാതരത്തിലും നവീകരിക്കുകയും ദൈവികകാര്യങ്ങള്‍ പഠിപ്പിക്കുയും ചെയ്തു. അവിടുത്തെ ജനങ്ങള്‍ ബൗദ്ധികമായും ശാരീരികമായും മാനസികമായും വളര്‍ന്നു. 3-ാം നൂറ്റാണ്ടില്‍ കെവ് ഒരു ആദ്ധ്യാത്മിക ക്രേന്ദമായി മാറി. അവിടെ എണ്ണമറ്റ മഠങ്ങളും ആശ്രമങ്ങളും ഉയര്‍ന്നുവന്നു. അങ്ങനെ നല്ല ഒരു അന്തരീക്ഷം അവിടെ സംജാതമായി. ഇങ്ങനെ ഉയര്‍ന്ന് വന്ന ഒന്നായിരുന്നു ഡൊമിനിക്കന്‍ ആശ്രമം. ഇവിടെ 13-ാം നൂറ്റാണ്ടിന്റെ ആദ്യ ശതകങ്ങളില്‍ സേവനം ചെയ്ത വിശുദ്ധനായ ഒരു ഡോമിനിക്കന്‍ ബിഷപ്പായിരുന്നു വി. ഹയാസിംന്ത്. പോളണ്ടിന്റെയും റഷ്യയുടെയും അപ്പസ്‌ത്തോലനെന്നും നോര്‍ത്തിന്റെ അപ്പസ്‌ത്തോലനെന്നും  ഇദ്ദേഹം അറിയപ്പെട്ടിരുന്നു.

ഈ വിശുദ്ധനില്‍ തീവ്രമായ ഒരാഗ്രഹം ഉണ്ടായി. റഷ്യയുടെ പുറത്ത് ചൈന, മംഗോളിയ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ ഇടയില്‍ ക്രിസ്തീയ വിശ്വാസം പകര്‍ന്ന് കൊടുക്കുക എന്നതായിരുന്നു ആ ആഗ്രഹം. കാരണം അവര്‍ വിഗ്രഹാരാധനയിലും അന്ധവിശ്വാസങ്ങളിലും കഴിഞ്ഞവരായിരുന്നു. ഈ ആഗ്രഹം മനസില്‍ സൂക്ഷിച്ചുകൊണ്ട്  അദ്ദേഹം കാല്‍നടയായി എണ്ണമറ്റ യാത്രകള്‍ ഈ പ്രദേശങ്ങളിലേക്ക് നടത്തി.  ഈ യാത്രയിലെല്ലാം അദ്ദേഹം വിശ്രമിക്കുന്നത് കെവ്വിലെ ഡൊമിനിക്കന്‍ കോണ്‍വെന്റിലായിരുന്നു. ഇങ്ങനെ വിശ്രമിക്കുന്ന അവസരത്തില്‍ ഇദ്ദേഹം ഒരു വാര്‍ത്ത കേട്ടു. മെംഗോളുകള്‍ കെവ് പിടിച്ചെടുത്തു അവര്‍ കെവ്ന്റെ മധ്യഭാഗവും തെക്ക് ഭാഗവും പിടിച്ചെടുത്തിരിക്കുന്നു. ഈ സമയം കെവ്ന്റെ പ്രദേശങ്ങള്‍ വിഗ്രഹാരാധകാരുടെ നിയന്ത്രണത്തിലായി.

ഈ ദുരന്തവാര്‍ത്ത അറിഞ്ഞ ഉടനെ വി. ഹയാസിംന്ത് പള്ളിയിലേക്ക് ഓടിക്കയറി, സക്രാരി തുറന്ന് ദിവ്യകാരുണ്യത്തെ കൈയ്യിലെടുത്തു, കാരണം അവര്‍ ദിവ്യകാരുണ്യത്തെ ദുരുപയോഗിക്കാനും നശിപ്പിക്കാനും സാധ്യത ഉണ്ടെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം. എന്നിട്ട് അദ്ദേഹം ഓടാന്‍ ആരംഭിച്ചു. അപ്പോള്‍ ഒരു സ്വരം കേട്ടു “ഹയാസിംന്ത് നീ എന്നെ ഉപേക്ഷച്ച് പോകുകയാണോ.” അദ്ദേഹം ഓട്ടം നിര്‍ത്തി. അവിടെ ചുറ്റു നോക്കി ചാപ്പലില്‍ ഇരിക്കുന്ന രൂപത്തില്‍ നിന്നാണ് ശബ്ദം കേട്ടതെന്ന് മനസിലാക്കി ഹയാസിംന്ത് പ്രതിമയിലേക്ക് നോക്കിനിന്നു. ഒരു മനുഷ്യന് എടുത്തുപൊക്കാന്‍ പറ്റാത്ത ഭാരമുള്ള വെണ്ണക്കല്ലില്‍ കൊത്തിയ മാതാവിന്റെ രൂപമായിരുന്നു അത്. ആ രൂപം വീണ്ടും പറഞ്ഞു “എന്നെ എടുത്ത് കൊണ്ട് പോകൂ… ഞാന്‍ ഭാരം കുറച്ച് തരാം” ഇത് കേട്ട് ഹയാസിംന്ത് അത്ഭുതപ്പെട്ട് ഒരു കൈയ്യില്‍ ദിവ്യകാരുണ്യവും മറു കൈയ്യില്‍ മാതാവിനെയും വഹിച്ചുകൊണ്ട് ഇടനാഴിയി ലൂടെ ഓടിമറഞ്ഞു. കെവ് അവരുടെ കയ്യില്‍ നിന്ന്‍ രക്ഷപ്പെടാന്‍ അദ്ദേഹം മാതാവിനോട് പ്രാര്‍ത്ഥിച്ചു തുടങ്ങി .

ഇതിന്റെ ഫലമായി മെംഗോളുകള്‍ കെവ്ല്‍ നിന്ന് പിന്തിരിഞ്ഞു. മാതാവിനെ വീണ്ടും തിരിച്ച് കൊണ്ടുവന്നു. ജനങ്ങള്‍  മാതാവിനരികെ പ്രാര്‍ത്ഥനയുമായി വന്നു, അമ്മ തന്റെ മക്കള്‍ക്ക് അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരുന്നു. മാതാവിനോടുള്ള വിശ്വാസവും ഭക്തിയും അവിടെ വര്‍ദ്ധിച്ചു വന്നു. അങ്ങനെ അത് ‘കെവ്ലെ മാതാവ്’ എന്ന് അറിയപ്പെട്ട് തുടങ്ങി.

എന്നാല്‍ പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ല. കമ്മ്യൂണിസ്റ്റ്കാര്‍ അവിടം പിടിച്ചെടുത്തു. ഇപ്പോഴും അമ്മ നമ്മോട് അപേക്ഷിക്കുന്നു. ‘എന്നെ വഹിക്കുക ഞാന്‍ ഭാരം കുറച്ച് തരാം’. ആശ്രയമറ്റവര്‍ക്കും നിരാലംബര്‍ക്കും, സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും ഒരു തൂണായി അമ്മ നിലകൊള്ളുന്നു. ഈ അമ്മയെ കാണാതിരിക്കരുതേ…

സി. ബെസ്സി ക്യാതറിന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.