ഒളിമ്പിക്സ് മെഡല്‍ സ്വപ്നം കണ്ട ആ ഓട്ടക്കാരി ഇപ്പോള്‍ ഒരു സന്യാസിനി ആണ് 

ശില്പ രാജന്‍

സിസ്റ്റര്‍ സോണിയ തെരേസ് തനിക്ക് പണ്ട് ലഭിച്ച മെഡലുകളുമായി

സിസ്റ്റര്‍ സോണിയ തെരേസ് മാതിരപ്പള്ളിയുടെ ജീവിതാനുഭവങ്ങളിലൂടെ ഒരു യാത്ര.

എല്ലാ മനുഷ്യന്റെയും ജീവിതത്തില്‍ ഒരു പ്രത്യേക നിമിഷം ഉണ്ടാവും. ജീവിതത്തിന്റെ തന്നെ അര്‍ഥം മനസിലാകുന്ന ഒരു നിമിഷം. ഭൂമിയില്‍ ജാതനായതിന്റെ ആവശ്യം കണ്‍മുന്‍പില്‍ തെളിയുന്ന നിമിഷം. തന്റെ ജീവിതലക്ഷ്യങ്ങള്‍ക്കും അപ്പുറം തന്റെ അസ്ഥിത്വം മനസിലാക്കി തരുന്ന നിമിഷം. ആ നിമിഷം എത്തുമ്പോള്‍ അത് മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നവരും ഉണ്ട്. ചിലര്‍ ആ വെല്ലുവിളിയെ സ്വീകരിക്കാന്‍ തയ്യാറാവില്ല, മറ്റുചിലര്‍ക്ക് ആ നിമിഷത്തെ കാണാന്‍ ഉള്ള കണ്ണ് ഉണ്ടാവുകയുമില്ല.

“നീ ഈ ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നഷ്ടപ്പെട്ടാല്‍ പിന്നെ എന്താണ് ഫലം?” – ഈ ചോദ്യമാണ് സോണിയ കുരുവിള എന്ന 24 കാരിയായ അത്ലറ്റിനെ സോണിയ തെരേസ് മാതിരപ്പള്ളില്‍ എന്ന കന്യാസ്ത്രീയിലേക്ക് എത്തിച്ചത്.

ഒളിമ്പിക്സ് സ്വപ്നം കണ്ട പെണ്‍കുട്ടി 

വിരലുകള്‍ക്ക്  താളമായി വോളിബോള്‍  ഒപ്പം കൂട്ടിയ പിതാവിനെ കണ്ടാണ്‌ സോണിയ എന്ന കൊച്ചു മിടുക്കി വളര്‍ന്നത്. നാട്ടിലെ മികച്ച വോളിബോള്‍ താരമായിരുന്ന കുരുവിളയുടെ മകളുടെ രക്തത്തിലും ആ വാസന അലിഞ്ഞു ചേര്‍ന്നതില്‍ ആശ്ചര്യപ്പെടേണ്ടതായി ഒന്നും തന്നെ ഇല്ല. പക്ഷേ, ആ കൊച്ചു മിടുക്കിക്ക് ഓട്ടത്തിലായിരുന്നു താല്പര്യം. വികൃതികള്‍ക്ക് ഒപ്പം ഓട്ടം ഒരു വെല്ലുവിളിയാണെന്ന് മനസിലാക്കിയ കുരുവിള ആദ്യം അത് പ്രോത്സാഹിപ്പിച്ചില്ല. ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ജില്ലാ തലത്തില്‍ സമ്മാനവും നേടിയെത്തിയ മകളെ കണ്ടപ്പോള്‍ അല്‍പ്പം ആശങ്ക തോന്നിയെങ്കിലും അത് ആ ചെറുപ്രായത്തിന്റെ ഒരു ആവേശം ആയി മാത്രം കണക്കാക്കി. പിന്നീട് കാല്‍വരി മൌണ്ട്സ്കൂളിലേക്ക് തനിക്ക് പോകണമെന്ന് ആവശ്യവുമായി അവള്‍ എത്തിയപ്പോള്‍ കുരുവിളയ്ക്ക് കാര്യങ്ങള്‍ ഏതാണ്ട് ബോധ്യപ്പെട്ടു തുടങ്ങി. കായിക മേഖലയിലുള്ള ആ സ്കൂളിന്റെ ശ്രദ്ധ, തന്റെ മകളുടെ ഭാവിയെ ഒരുപക്ഷേ, അവളുടെ സ്വപ്നങ്ങളിലേക്ക് എത്തിക്കുമെന്ന വിശ്വാസം ആണ് സോണിയയെ അവിടെ ചേര്‍ത്തു പഠിപ്പിക്കാന്‍ പ്രചോദനമായത്. 13 -മത്തെ വയസ്സില്‍ സീനിയര്‍ വിഭാഗക്കാര്‍ക്കൊപം ആദ്യമായി  ദീർഘദൂര ഓട്ടത്തില്‍ പങ്കെടുത്തപ്പോള്‍ സമ്മാനം ലഭിച്ചില്ലെങ്കിലും അടുത്ത വര്‍ഷം മുതല്‍ സ്വര്‍ണവും വെള്ളിയും ഒക്കെ നേടി തുടങ്ങി.പിന്നീട് ഏഷ്യന്‍  അത്ലറ്റിക്സില്‍ ഒക്കെ മെഡലുകള്‍ ലഭിച്ച പ്രീജ ശ്രീധരന്‍ ആയിരുന്നു മുഖ്യ എതിരാളി.

പ്രീജയെ തോല്‍പ്പിച്ച കൊച്ചു മിടുക്കി 

സംസ്ഥാന തലത്തില്‍ മത്സരിക്കുമ്പോള്‍ കട്ടപ്പന സബ്ജില്ലയ്ക്ക് അഭിമാനമായി സോണിയയും തൊടുപുഴയ്ക്കായി പ്രീജ ശ്രീധരനും എത്തുമായിരുന്നു. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പ്രീജയുമായി മറ്റൊരു ഏറ്റുമുട്ടല്‍ ഉണ്ടാവുന്നത്. 1995-96 കാലഘട്ടം. ആലുവ ഫാക്റ്റു മൈതാനത്തിലാണ് മത്സരം.  ദീർഘദൂര ഓട്ടത്തില്‍ മുന്‍പില്‍ എത്തുമെന്ന് കോച്ച് ആത്മവിശ്വാസത്തോടെ പറയുന്നുണ്ട്. കാരണം അതിന്റെ തലേ വര്‍ഷം 1994-95 -ല്‍ കോഴിക്കോട് വച്ചുനടന്ന  സംസ്ഥാന ഗയിംസില്‍,  സംസ്ഥാന  റെക്കോര്‍ഡ്‌  തകര്‍ത്തു വെള്ളി മെഡല്‍ സോണിയ മേടിച്ചിരുന്നു! ആ റെക്കോര്‍ഡ്‌ തകര്‍ത്തു മുന്‍പില്‍ എത്തണമെന്നാണ് ആവശ്യം! വലിയ ശബ്ദത്തോടെ ട്രിഗര്‍ വലിക്കുന്നത് കേള്‍ക്കുന്നത് തന്നെ പേടിയാണ്. എന്തെങ്കിലും പാളിച്ച സംഭവിച്ചാല്‍ കൂടെയുള്ളവര്‍ തന്നെ ചവിട്ടി മെതിക്കും. സകല ധൈര്യവും സംഭരിച്ചു ആത്മവിശ്വാസത്തോടെ നിന്നു. പക്ഷേ, പേടിച്ചത് തന്നെ സംഭവിച്ചു. ശബ്ദം കേട്ടതും പേടിച്ചു. ഒപ്പം ഉള്ളവര്‍ ഓട്ടത്തിന്റെ ഇടയില്‍ സോണിയയെ തള്ളി താഴെയിട്ടു. അവര്‍ ഓടി അകന്നു. സകല ശക്തിയും ഉപയോഗിച്ച് എഴുന്നേല്‍ക്കുമ്പോള്‍ മനസ്സില്‍ ഒറ്റ വാക്കേ ഉണ്ടായിരുന്നുള്ളു, ‘ഉണ്ണിഈശോയെ, രക്ഷിക്കണേ’. അത്ഭുതമാണ് പിന്നീട് ഉണ്ടായത്.  ഒന്നാമതെത്തി, സ്വര്‍ണം നേടുകയും ചെയ്തു! പിന്നില്‍ വെള്ളി നേടി പ്രീജ ശ്രീധരനും. അല്‍ഫോന്‍സ കോളേജില്‍ പഠിക്കുമ്പോള്‍ ഒരേ ക്ലാസ്സില്‍ ആയിരുന്ന ഇരുവരും ഒരേ ഹോസ്റ്റലില്‍ തന്നെ നല്ല സുഹൃത്തുക്കളായി കഴിഞ്ഞവരാണ്. സ്കൂള്‍ കാലഘട്ടത്തില്‍ പരസ്പരം മത്സരിച്ച ഇവര്‍ കോളേജില്‍ എത്തുയപ്പോള്‍ വലിയ സുഹൃത്തുക്കള്‍  ആയി.  1994 -2000 കാലഘട്ടത്തില്‍ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നിരവധി മെഡലുകള്‍ (സ്വര്‍ണവും വെള്ളിയും ഓടും ഉള്‍പ്പെടെ) സോണിയ നേടിയിട്ടുണ്ട്. പിന്നീട് ആയിരുന്നു ജീവിതത്തെ മാറ്റിമറിച്ച ആ തീരുമാനം!

സ്വപ്നത്തിലൂടെ ദിവ്യ വിളി 

ജീവിതം പലപ്പോഴും ഒരു ചക്രം പോലെയാണ്. ഒരുപാട് അനുഭവങ്ങള്‍ നിറഞ്ഞ ഒരു ചക്രം. അവയില്‍ ഒന്നിലൂടെ കടക്കാതെ മറ്റൊന്നിലേക്ക് നീങ്ങുക അസാധ്യവും.

ജീവിതം തരുന്ന എല്ലാത്തിനെയും സ്വീകരിക്കുക. എല്ലാം രുചിക്കേണ്ടവയാണ്. എന്നാല്‍ അതില്‍ ചിലത് ഒരു അല്‍പ്പം മാത്രം രുചിക്കേണ്ടതും, മറ്റുള്ള ചിലത് മുഴുവന്‍ കുടിക്കേണ്ടതുമാണ്. ഇതില്‍ ഏതാണ് തനിക്ക് ഏറ്റവും അനുയോജ്യം എന്നത് തിരിച്ചറിയുക അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അങ്ങനെയിരിക്കെയാണ്   അല്‍ഫോന്‍സ കോളേജില്‍ പഠിക്കുമ്പോള്‍  സോണിയ ഒരു സ്വപ്നം കാണുന്നത്. അത് അവളുടെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചു. ഇതായിരുന്നു  സ്വപ്നം – തന്റെ കോളേജ്. തനിക്കൊപ്പം ആ സ്ക്കൂളിലെ തന്നെ കുറെ കുട്ടികള്‍ . എല്ലാര്‍ക്കും നടുവിലായി പരിശുദ്ധ മറിയം. കൈയില്‍ നിഷ്കളങ്കനായ ഉണ്ണി ഈശോയും. ഉണ്ണി ഈശോ തനിക്കു നേര്‍ക്ക് വിരല്‍ ചൂണ്ടുന്നു. അവര്‍ രണ്ടു പേരും തനിക്കരികിലെക്ക് നടന്നടുക്കുന്നു. ആശ്ചര്യവും ആഹ്ളാദവും ഒന്നിച്ചു കൈകാര്യം ചെയ്യാന്‍ കഴിയാത്തതുകൊണ്ടാവും പൊടുന്നനെ കണ്ണുകള്‍ തുറന്നത്. ആ സ്വപ്നത്തിന്റെ അര്‍ത്ഥമോ വ്യാപ്തിയോ ഒന്നും മനസിലാക്കാന്‍ കഴിയാതായതോടെ മനസ്സില്‍ ഒളിമ്പിക്സ് സ്വപ്നവും ദിവ്യസ്വപ്നവും തമ്മില്‍ ഉള്ള യുദ്ധം ആരംഭിച്ചു.

“നി ഈ ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നഷ്ടപ്പെട്ടാല്‍ പിന്നെ എന്താണ് ഫലം?” സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമൊക്കെ സ്വര്‍ണവും വെള്ളിയും വെങ്കലവും ഒക്കെ വാരികൂട്ടിയെങ്കിലും, ഇടയ്ക്കിടെ അമ്മയുടെ  ഈ വാക്കുകള്‍ സോണിയയുടെ മനസ്സിനെ വല്ലാതെ അലട്ടിയിരുന്നു. ചോദ്യങ്ങള്‍ എല്ലായ്പ്പോഴും ചിന്തകളെ ഉണര്‍ത്തുന്ന ഒന്ന് തന്നെയാണ്. ആ ചോദ്യം സോണിയയുടെ മനസിനെ ചിന്തിപ്പിച്ചു. ഒടുവില്‍ ഉത്തരം ലഭിച്ചു!

ആദ്യമായി ഒരു ധിക്കാരം 

ഉള്ളിലുണ്ടായിരുന്ന ഈ ചോദ്യം കന്യാസ്ത്രീ ആയിരുന്ന തന്റെ ഒരു ബന്ധുവിനോട്‌ പറയുമ്പോഴാണ് മറ്റൊരു വാതില്‍ തുറക്കുന്നത്. നന്മകള്‍ ചെയ്യാന്‍ താല്പര്യം ഉണ്ടെങ്കില്‍ മധ്യപ്രദേശിലെ ഒരു ഗ്രാമത്തില്‍  സഭയുടെ കീഴിലുള്ള സ്കുളില്‍ കുട്ടികള്‍ക്ക് ഒരു വഴികാട്ടി ആകാന്‍ അവര്‍ ഉപദേശിച്ചു. അവിടെ ചെന്നു. കമ്പ്യൂട്ടര്‍ അധ്യാപനത്തിനോപ്പം കുട്ടികള്‍ക്ക് കായികാഭ്യാസവും നല്കി. നിത്യാരാധന നടന്നിരുന്ന ഒരു ചാപ്പലിനു അരികിലാണ് സ്കൂള്‍. അതുകൊണ്ട് തന്നെ ദിവസേന ഉള്ള കുര്‍ബാനകളില്‍ പങ്കുചേര്‍ന്നു; കുര്‍ബാന സ്വീകരിച്ചു. സിസ്റര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ എത്ര വലുതാണെന്ന് മനസിലായി. കോളേജില്‍ പഠിച്ചപ്പോള്‍ അച്ചന്മാരെയും കന്യാസ്ത്രികളെയും വിമര്‍ശിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, അടുത്ത് അറിഞ്ഞപ്പോഴാണ് അവരുടെ ജീവിതം എത്ര ശ്രേഷ്ടമാണെന്ന് മനസിലായത്! ആ സ്ഥലവും,  നിത്യാരാധനയും, പാവങ്ങള്‍ക്കിടയിലെ കന്യാസ്ത്രീകളുടെ പ്രവര്‍ത്തനങ്ങളും മുമ്പുണ്ടായ ദൈവവിളിയും ഒക്കെ ഏറെ സ്വാധീനിച്ചപ്പോള്‍ തീരുമാനിച്ചു, താന്‍ ആത്മീയതയിലേക്ക് പോവേണ്ടവളാണ് എന്ന്. അങ്ങനെ ജോലി രാജി വെച്ചു വീട്ടില്‍ എത്തി തന്റെ തീരുമാനം അറിയിച്ചു. തന്റെ മാര്‍ഗം ഇതാണ്. വീട്ടുകാര്‍ എതിരായി. ഏറെ എതിര്‍പ്പുകള്‍ക്കൊടുവില്‍ അവരും വഴങ്ങി.

“വിശുദ്ധ കുര്‍ബാനയും  സിസ്റര്‍മാരുടെ ജീവിത സാക്ഷ്യവും – ഇത് രണ്ടുമാണ് എന്നെ ദൈവവിളിയിലേയ്ക്ക് നയിച്ചത്” – സി. സോണിയ സാക്ഷ്യപ്പെടുത്തുന്നു.

വിശുദ്ധ അല്ല, സാധാരണക്കാരിയാണ്

സ്നേഹം. ആ ഒരു വാക്കിനെ നിര്‍വചിക്കാന്‍ ഇന്നും മനുഷ്യന് സാധിച്ചിട്ടില്ല. ചുറ്റും കാണുന്ന ഓരോന്നിലും ഓരോന്നിനോടും തോന്നുന്ന ഉദാത്തമായ പ്രണയം. ദിവ്യകാരുണ്യത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വസിച്ചിരുന്നതിനാല്‍ തന്നെ ആ ഉദാത്തമായ സ്നേഹം മറ്റുള്ളവരിലേക്കും ചൊരിയാന്‍ ദൈവത്തിന്റെ ഈ ദാസി ആഗ്രഹിച്ചു. ഒടുവില്‍ സെന്റ്‌ ജോസഫ്‌ സിസ്റ്റര്‍മാര്‍ക്കൊപ്പം (Daugthtrs of Saint Joseph of Genoni) ചേര്‍ന്നു. ഒരു ഇറ്റാലിയന്‍ സന്യാസ സഭയാണ് അത്. എന്തെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നതിലപ്പുറം താങ്ങും തണലും ഏറ്റവും അവശ്യമായ ആളുകള്‍ക്കൊപ്പം, അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചതിനാലാണ് അത്തരം ഒരു മാറ്റം സ്വീകരിച്ചത്. ഉന്നത സ്ഥാന – മാനങ്ങള്‍ അലങ്കരിക്കുന്നവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലും മികച്ചത് വേദനിക്കുന്നവര്‍ക്കും കഷ്ടതകള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്കും ആളുകള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് സിസ്റ്റര്‍ സോണിയ മനസിലാക്കി. സാധാരണക്കാരേപ്പോലെ അവര്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കാനാണ് അവര്‍ ഇപ്പോഴും ആഗ്രഹിക്കുന്നത്. വിശുദ്ധയായി അഭിനയിക്കാനല്ല മറിച്ച് സാധാരണക്കാരിലേക്ക് ഇറങ്ങി ചെല്ലാനാണ് താന്‍ ദൈവവിളി സ്വീകരിച്ചതെന്ന് സിസ്റ്റര്‍ സോണിയ ദൃഡ്ഢമായി പറയുമ്പോള്‍ ആ  മുഖത്ത് തെളിയുന്ന ആത്മവിശ്വാസത്തോടൊപ്പം ഒന്നുകൂടി കാണാന്‍ കഴിയും, ആ കണ്ണുകളില്‍ തിളങ്ങുന്ന സ്നേഹം.

മദര്‍ തെരേസയും ഫ്രാന്‍സിസ് പാപ്പയും 

സോണിയ കുരുവിള, സിസ്റ്റര്‍ സോണിയ തെരേസ് മാതിരപ്പള്ളില്‍ ആയപ്പോള്‍ ഒപ്പം കൂട്ടിയ ‘തെരേസ്’ എന്ന നാമം അവിചാരിതമായി എത്തിച്ചേര്‍ന്ന ഒന്നല്ല. ലോകം ഒന്നാകെ ‘അമ്മേ’ എന്ന് വിളിച്ച ലോകത്തിന്റെ മാലാഖ – മദര്‍ തെരേസ. ആ അമ്മയുടെ പ്രവര്‍ത്തനങ്ങളും ജീവിതവും എന്നും നെഞ്ചോടു ചേര്‍ത്തുവെച്ച ഒരാളായിരുന്നു സിസ്റ്റര്‍ സോണിയ. ഒരു നോക്ക് കാണാന്‍ ഏറെ കൊതിച്ച അമ്മയെ  ആത്മീയതയുടെ പടവുകള്‍ കയറിയപ്പോള്‍ ഒപ്പം കൂട്ടി. അങ്ങനെയാണ് സോണിയ കുരുവിള, സിസ്റ്റര്‍ സോണിയ തെരേസ്   മാതിരപ്പള്ളില്‍ ആയത്.

അറിഞ്ഞ നാള്‍ മുതല്‍ മനസ്സില്‍ കയറിക്കൂടിയ ഒരു വ്യക്തിത്വമാണ് ഫ്രാന്‍സിസ് പാപ്പ. ഹൃദയത്തില്‍ വിളങ്ങുന്ന സ്നേഹം പോലെ തന്നെ എപ്പോഴും പുഞ്ചിരി വിരിയുന്ന മുഖവുമായി ആളുകളെ സമീപിക്കുന്ന പാപ്പ. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്ത ഒരാള്‍ പാപ്പയാണ്. ഇത്രമേല്‍ സഹജീവികളോട് സ്നേഹവും ആദരവും പ്രകടിപ്പിക്കുന്ന ഒരാള്‍ ഈ ലോകത്ത് ഇല്ലെന്നാണ് സിസ്റ്റര്‍ സോണിയ പറയുന്നത്. സാധാരണക്കാരിലേക്ക് ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കണമെന്ന് ആശയത്തിന് ബലം നല്‍കിയത് അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ തന്നെയാണ്.

സിസ്റ്റര്‍ സോണിയ ഇപ്പോള്‍ ഇറ്റലിയിലാണ്. തന്റെ ഏറ്റവും വലിയ പ്രചോദനമായ പാപ്പയ്ക്കരികില്‍.

ശില്പ രാജന്‍

4 COMMENTS

  1. ഏതെങ്കിലും school -ൽ ഒരു കായികാധ്യാപിക ആയാൽ നന്നായിരിയ്ക്കും

  2. സിസ്റ്ററിന്റെ തിരഞ്ഞെടുപ്പ് ശ്രേഷ്ഠമായ ഒന്നാണ്. നമ്മൾ രണ്ടു പേരും സന്യാസികളാണ്. ഞാൻ വൈദീകനാണ്. 66 വയസ്സുണ്ടു്, സോണിയായുടെ ജീവിത പരീക്ഷണങ്ങൾ ആരംഭിച്ചിട്ടേയുള്ളു. വലിയ സംഘർഷങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. സത്യത്തോടു നീതി പുലർത്തി ജീവിച്ചാൽ ജീവിതം ഒരു വെല്ലുവിളിയാകും; അധികാരിയോടും സഭയോടും മുഴുവനായി കൂട്ടുചേർന്നു ജീവിക്കുമ്പോൾ സന്യാസം ആനന്ദകരമായി തോന്നും. ഇതാണ് ദൈവഹിതം എന്നും തോന്നും.. ബൈബിളിൽ യേശു 30 വർഷം അങ്ങിനെ ജീവിച്ചു.പക്ഷെ അവസാനം അധികാരികളുടെ കണ്ണിലെ കരടായി;നമ്മുടെ മാതൃക ബൈബിൾ മാത്രമാണ്. പാരമ്പര്യങ്ങൾ മനുഷ്യനിർമ്മിതമാണ് തെറ്റു വരാം.സോണിയായുടെ വിലയിരുത്തലുകൾ ഞാൻ ശ്രദ്ധാപൂർവ്വം വായിക്കാറുണ്ട്.‌

  3. Why do some people join seminaries and convents? They do so because they claim to have some inner call or vision or apparition which they correlate to the call of God.No married person ever have seen such visions before getting married.Is it because the vocation of marriage, though considered to be one among the sacraments,a notch below those priesthood and sisterhood?A parish priest,in the course of his Mass once said that becoming a priest requires long years of study unlike becoming a married person and hence more important than marriage.I strongly object to this finding and aver that truth is the other way round because long years of textual knowledge couldn’t be successfully applied in real life.This priest also claimed that he knew more about marriage and marital life because he had seen his father and mother living a harmonious marital life!Real life is more than all the lives being written by all the writers of the world.That is why it is usually said that only the liver knows life!What trials and tribulations do nuns and priests have to experience after they complete a few years of study,I wonder.All the life long troubles begin on day no.1 of a married person and he has to be highly innovative and intelligent to continue his voyage through choppy waters of this sea of life.No soul of a married person or athlete is lost on the ground of having opted for such vocations ,only thinking makes them so.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.