ഓഖി ദുരിതാശ്വാസം: തിരുവനന്തപുരം ലത്തീന്‍ അതിരൂപത വൈദികര്‍ ഒരുമാസത്തെ ശമ്പളം നല്‍കും

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുള്ള ഓഖി ദുരിതാശ്വാസ പാക്കേജുകള്‍ കാലവിളംബം കൂടാതെ അടിയന്തിരമായി നടപ്പിലാക്കണമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത വൈദിക സമ്മേളനം ആവശ്യപ്പെട്ടു. ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായവരെ ക്രിസ്മസിനുമുമ്പ് കണ്ടെത്തുമെന്ന പ്രധാനമന്ത്രിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട യോഗം ദുരിതാശ്വാസ നിധിയിലേക്ക് ആര്‍ച്ച്ബിഷപ് ഉള്‍പ്പെടെ അതിരൂപതയിലെ മുഴുവന്‍ വൈദികരുടെയും ഒരുമാസത്തെ ശമ്പളം സംഭാവനചെയ്യാനും തീരുമാനിച്ചു.

യോഗത്തില്‍ ആര്‍ച്ച്ബിഷപ് ഡോ സൂസപാക്യം അദ്ധ്യക്ഷത വഹിച്ചു. അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സംഭാവനയായി സ്വരൂപിച്ച ദുരിതാശ്വാസ നിധിയിലെ മുഴുവന്‍ തുകയും അടിയന്തിരമായി ഓഖി ദുരിത ബാധിത മേഖലയില്‍ ചെലവഴിക്കാനും യോഗം തീരുമാനിച്ചു. ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിനായി നിയോഗിച്ചിരിക്കുന്ന ഇതര സമിതികളുടെഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് വിലയിരുത്തി പിഴവുകള്‍ പരിഹരിക്കുന്നതനും ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും രൂപപ്പെടുത്തുന്നതിനും തീരുമാനമായി. ഇതിന്റെ നടത്തിപ്പിനും മേല്‍നോട്ടത്തിനുമായി ഒരു സമിതിക്കും യോഗം രൂപംനല്കി. തീരദേശമേഖലയോടും മത്സ്യത്തൊഴിലാളികളോടും മാധ്യമങ്ങള്‍ കാണിച്ച സഹകരണത്തിനും പിന്തുണയ്ക്കും വൈദിക സമ്മേളനം നന്ദി പറഞ്ഞു. സഹായമെത്രാന്‍ ഡോ ആര്‍  ക്രിസ്തുദാസ്, വികാരി ജനറല്‍ മോണ്‍ യൂജിന്‍ എച്ച് പെരേര എന്നിവര്‍ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.