സുഡാനിൽ ക്രൈസ്തവർക്ക് നേരെ പീഡനങ്ങൾ കടുപ്പിച്ച് സൈനികർ

സുഡാനിൽ മൂന്നു ക്രൈസ്തവരെ അവരുടെ വിശ്വാസത്തിന്റെ പേരിൽ തടവിലാക്കുകയും ആഴ്ചകളോളം പീഡിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ട്. സുഡാൻ ആംഡ് ഫോഴ്‌സ് (എസ്.എ.എഫ്‌.) സൈനികർ പ്രദേശവാസിയായ ക്രൈസ്തവരിൽ ഒരാൾ ബൈബിൾ കൈവശം വച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അയാളെയും സുഹൃത്തുക്കളെയും തടവിലാക്കിയത്. സൈന്യത്തിന്റെ ആക്രമണത്തിന് ഇരയായവരിൽ ഒരാളായ ഹംസ ഹാറൂൺ അഹമ്മദ് ഇപ്പോഴും പരിക്കേറ്റ് ചികിത്സയിലാണ്.

ആക്രമണത്തിന് ഇരയായവർ ദക്ഷിണ സുഡാനിലെ യുദ്ധ പശ്ചാത്തലത്തിൽ അവിടെനിന്നും കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമത്തിനിടയിലാണ് സൈന്യത്തിന്റെ പിടിയിലായത്. “ഇത് ആരുടെ ബൈബിൾ ആണ്?” എന്ന് ചെക്ക് പോയിൻ്റിലെ പരിശോധനയ്ക്കു ഇടയിൽ ഒരു മുസ്ലീം സൈനികൻ അവരോട് ചോദിച്ചു. അറബി ഭാഷയിലുള്ള ബൈബിൾ തന്റെ ബാഗിൽ ഉണ്ടായിരുന്നതിനാൽ തന്റെ ബൈബിൾ ആണെന്ന് അഹമ്മദ് സമ്മതിച്ചു. എന്നാൽ അദ്ദേഹത്തിന്റെ രണ്ട് കൂട്ടാളികളും, അടുത്തിടെ ഇസ്‌ലാമിൽ നിന്ന് പരിവർത്തനം ചെയ്തവരും, അദ്ദേഹത്തെ തനിയെ ജയിലിൽ അയക്കാൻ സമ്മതിക്കാതെ ജയിലിലേക്ക് പോകുകയായിരുന്നു.

തുടർന്ന് ഈ മൂന്ന് ക്രിസ്ത്യാനികളെയും സൈന്യം ജയിലിൽ അടയ്ക്കുകയും കഠിനമായി പീഡിപ്പിക്കുകയും ചെയ്തു. ചോദ്യം ചെയ്യലിനിടെ മുസ്ലീം സൈനികരിലൊരാൾ മരത്തടികൾ കൊണ്ട് തല്ലി അഹമ്മദിന്റെ വലതുകൈ ഒടിഞ്ഞു. “നിങ്ങളുടെ ഈ പുസ്തകം കാരണം നിങ്ങൾ രാജ്യത്ത് ആശയക്കുഴപ്പം സൃഷ്ടിച്ചു. ഇപ്പോൾ നിങ്ങൾ കൂടുതൽ നാശമുണ്ടാക്കാൻ പോകുന്നു” സൈനികരിൽ ഒരാൾ പറഞ്ഞു.

2023 ഏപ്രിലിൽ ആണ് പാരാമിലിട്ടറി റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (RSF) സുഡാൻ ആംഡ് ഫോഴ്‌സും (SAF) തമ്മിൽ സുഡാനിൽ പോരാട്ടം പൊട്ടിപ്പുറപ്പെട്ടത്. 2021 ഒക്ടോബറിലെ അട്ടിമറിയെത്തുടർന്ന് സുഡാനിൽ സൈനിക ഭരണം പങ്കിട്ട  ആർ.എസ്.എഫും എസ്.എ.എഫും തമ്മിലുള്ള സംഘർഷം കാർട്ടൂമിലെയും മറ്റിടങ്ങളിലെയും സാധാരണക്കാരെ വളരെയധികം ബാധിച്ചു. സംഘർഷത്തിൽ 14,600-ലധികം ആളുകൾ മരിക്കുകയും രാജ്യത്തിനകത്തും പുറത്തുമായി എട്ടു ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്യേണ്ടി വന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.