ആഫ്രിക്കയിൽ 77 കാരിയായ കന്യാസ്ത്രീയെ കഴുത്തറത്ത് കൊലപ്പെടുത്തി

77 കാരിയായ കന്യാസ്ത്രീയെ ആഫ്രിക്കയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ    നിലയില്‍ കണ്ടെത്തി. ഡോട്ടേഴ്‌സ് ഓഫ് ജീസസ് സഭാംഗമായ, സിസ്റ്റര്‍ ഇനെസ് സാന്‍ചോയെ ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

നോല ഗ്രാമത്തിൽ മെയ് ഇരുപതാം തീയതിയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ സിസ്റ്ററിനെ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചോ കൃത്യം നടത്തിയ വ്യക്തികളെക്കുറിച്ചോ ഉള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല എന്ന് സ്‌പെയ്‌നിലെ ബര്‍ഗോസ് രൂപതാധ്യക്ഷന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

അക്രമികൾ കന്യാസ്ത്രീയുടെ മുറി തകർക്കുകയും പാവപ്പെട്ട കുട്ടികൾക്കായി നടത്തുന്ന സ്ഥാപനത്തിൽ നിന്ന് പുറത്ത് കൊണ്ടുവരികയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. സമൂഹത്തിലെ താഴേക്കിടയിലുള്ള പെൺകുട്ടികളെയും സ്ത്രീകളെയും പുനരുദ്ധരിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചുവന്നിരുന്ന വ്യക്‌തിയായിരുന്നു ഈ സന്യാസിനി. ഒരുപക്ഷെ, അത്തരം പ്രവര്‍ത്തികളാകാം അക്രമികളെ സിസ്റ്ററിന്റെ ശത്രുക്കളാക്കിയത് എന്ന നിഗമനത്തിലാണ് രൂപതാധികൃതർ.

സിസ്റ്റര്‍ ഇനെസ് സാന്‍ചോയുടെ മരണത്തിൽ ഫ്രാൻസിസ് പാപ്പാ അനുശോചനം രേഖപ്പെടുത്തുകയും പരേതയുടെ ആത്മാവിനായി പ്രാർത്ഥിക്കുവാൻ വിശ്വാസികളോട് ആവശ്യപ്പെടുകയും ചെയ്തു. സിസ്റ്റര്‍ ഇനെസ് സാന്‍ചോ, പാവങ്ങൾക്കായി സേവനം ചെയ്തുകൊണ്ട് – ജീവൻ നൽകിക്കൊണ്ട് ക്രിസ്തുവിന്റെ പ്രകാശം അവരിലേക്ക്‌ ചൊരിയുകയായിരുന്നു എന്ന് പാപ്പാ ചൂണ്ടിക്കാട്ടി.