തമിഴ് ദളിതരുടെ സംരക്ഷകയായി മാറിയ കന്യാസ്ത്രീ 

    ദളിതര്‍. മാറ്റി നിര്‍ത്തപ്പെട്ടവരുടെ സമൂഹം. ദളിതരോടുള്ള അവഗണന കേരളത്തില്‍ ഇല്ലെങ്കിലും  തമിഴ്‌നാട്ടില്‍ ഈ വിഭാഗം ജനങ്ങള്‍ ഏറെ ക്ലേശകരമായ രീതിയിലാണ് ജീവിക്കുന്നത്. ഉയര്‍ന്നജാതിക്കാരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെട്ട് ജീവിക്കുന്ന, ഇരുള്‍ നിറഞ്ഞ ആ ജീവിതങ്ങളിലേക്കാണ് ആ കന്യാസ്ത്രീ കടന്നു വന്നത്. അവര്‍ എല്ലാ അര്‍ത്ഥത്തിലും തിരസ്‌കരിക്കപ്പെട്ടു കിടന്നിരുന്ന ആളുകളുടെ ജീവിതത്തില്‍ പ്രകാശം പരത്തി. ആ കന്യാസ്ത്രിയാണ് സി. അല്‍ഫോന്‍സാ.

    സിസ്റ്റേഴ്‌സ് ഓഫ് സെന്റ് അലോഷ്യസ് ഗോണ്‍സാഗ എന്ന സന്യാസ സമൂഹത്തില്‍ അംഗമായ സി . അല്‍ഫോന്‍സയുടെ ജീവിതത്തിലൂടെ ഒന്ന് കടന്നു പോകാം.

    ദളിത് സമൂഹത്തില്‍ നിന്നും ദൈവത്തിന്റെ മണവാട്ടിയിലേയ്ക്ക്

    ദളിത് സമൂഹത്തില്‍ പെട്ട ആളായിരുന്നു സിസ്റ്റര്‍ അല്‍ഫോന്‍സ. എല്ലാ വിധത്തിലും മാറ്റി നിര്‍ത്തപ്പെട്ടവരുടെ സമൂഹത്തില്‍ നിന്നുമാണ് സിസ്റ്റര്‍ സന്യാസ ജീവിതത്തിലേയ്ക്ക് കടന്നു വരുന്നത്. ദൈവവുമായി അടുത്ത ജീവിതം നയിച്ചിരുന്ന അല്‍ഫോന്‍സ, നിന്റെ വിവാഹം ഉറപ്പിച്ചു എന്ന് വീട്ടുകാര്‍ പറയുമ്പോഴാണ് സന്യാസിനിയാകുവാനുള്ള തന്റെ താല്പര്യം വീട്ടുകാരെ അറിയിക്കുന്നത്. ആ സമയത്ത് ദളിത് സമൂഹത്തില്‍ നിന്ന് സന്യാസിനിയാകുന്നവര്‍ വളരെ വിരളമായിരുന്നു. ഒപ്പം തന്നെ ഉയര്‍ന്ന സമുദായക്കാരില്‍ നിന്നും വളരെയധികം എതിര്‍പ്പുകളും ഉണ്ടായി. എങ്കിലും ഒരു സന്യാസിനിയാവുക എന്ന തന്റെ തീരുമാനത്തില്‍ അവര്‍ ഉറച്ചു നിന്നു.

    ആദ്യ സമയങ്ങളില്‍ ദളിത് വിഭാഗങ്ങളില്‍ നിന്നുള്ള ആളുകളെ മഠങ്ങളില്‍ ചേര്‍ക്കില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് അലോഷ്യസ് ഗോണ്‍സാഗ എന്ന സന്യാസ സമൂഹത്തെ കുറിച്ച് അറിയുകയും ആ സമൂഹത്തില്‍ ചേരുകയും ചെയ്തു. അങ്ങനെ ഇരുളടഞ്ഞ ജീവിതത്തില്‍ നിന്ന് കര്‍ത്താവിങ്കലേക്കു എത്തിയ സിസ്റ്ററിന് തനിക്കു ലഭിച്ച സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്കും പകര്‍ന്നു കൊടുക്കണം എന്ന പ്രചോദനം ഉള്ളില്‍ തോന്നി തുടങ്ങി. ഈ കാര്യം അധികാരികളെ അറിയിച്ചു. അവര്‍ സിസ്റ്ററിനു പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.

    തന്റെ തന്നെ ആളുകളിലേക്ക് 

    സിസ്റ്റര്‍ തന്റെ പ്രവര്‍ത്തനം ആരംഭിച്ചത് തമിഴ്‌നാട്ടിലെ അലക്കുകാരില്‍ ആണ്. സമൂഹത്തില്‍ ഏറ്റവും താഴ്ന്ന ജാതിക്കാരായിരുന്നു അവര്‍. അവരെ ചൂഷണം ചെയ്ത് ഉയര്‍ന്ന സമുദായക്കാര്‍ സന്തോഷകരമായ ജീവിതം നയിച്ചിരുന്നു. എന്നാല്‍ ഈ പാവങ്ങളുടെ ജീവിതം വലിയ കഷ്ടതയിലായിരുന്നു. ആഹാരമില്ല, നല്ല വസ്ത്രമില്ല, രാത്രിയായാലും ജോലി അവസാനിപ്പിക്കുവാന്‍ സമ്മതിക്കാതെ മുതലാളിമാര്‍ അവരെ മുതലെടുത്തു കൊണ്ടിരുന്നു. ഇവരില്‍ ഭൂരിഭാഗം ആളുകളും നിരക്ഷരരായിരുന്നു. അവരുടെ കുട്ടികളും ഏതാണ്ട് ഇതേ അവസ്ഥയില്‍ തന്നെ കഴിയുന്നവരും. ഇതില്‍ ഒരു മാറ്റം ഉണ്ടാകണമെന്ന് സിസ്റ്റര്‍ ആഗ്രഹിച്ചു. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

    ആദ്യം അവരെ അത്യാവശ്യ കാര്യങ്ങള്‍ എഴുതാനും വായിക്കുവാനും പഠിപ്പിച്ചു. സമൂഹത്തില്‍ അവര്‍ക്കും മാന്യമായി ജീവിക്കുവാന്‍ അവകാശം ഉണ്ടെന്ന ബോധ്യം അവരില്‍ വളര്‍ത്തി. ആ ബോധ്യങ്ങള്‍ അവരെ ചൂഷണം ചെയ്യുന്നത്തിന് അവസരം ഉണ്ടാക്കി കൊടുക്കാതിരിക്കുവാനുള്ള തീരുമാനങ്ങളിലേയ്ക്ക് നയിച്ചു. കുട്ടികളെ പഠിപ്പിക്കുവാനും മറ്റും അയയ്ക്കുവാന്‍ തുടങ്ങി. അതിനായുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുത്തുകൊണ്ട് കോണ്‍ഗ്രിഗേഷനും സിസ്റ്ററിനു ഒപ്പം നിന്നു.

    അതുപോലെ തന്നെ ആ സമയങ്ങളില്‍ നിലവില്‍ നിന്ന മറ്റൊരു അനാചാരം ആയിരുന്നു വിവാഹം കഴിഞ്ഞ പെണ്‍കുട്ടി ആദ്യ രാത്രി ഗ്രാമത്തലവന്റെ കൂടെ കഴിയുക എന്നത്. അതിനെ എതിര്‍ത്താല്‍ പെണ്‍കുട്ടികള്‍ക്ക് ഗ്രാമത്തില്‍ താമസിക്കുവാന്‍ കഴിയില്ല. വെള്ളവും ഭക്ഷണവും ഒക്കെ ഇല്ലാതാക്കും. അതിനാല്‍ നിവര്‍ത്തിയില്ലാതെ പെണ്‍കുട്ടികള്‍ ഇതിനു വഴങ്ങുമായിരുന്നു. അത് ശരിയല്ലെന്ന് മനസിലാക്കിയ സിസ്റ്റര്‍ ഈ ദുരാചാരത്തിനെതിരെ പോരാടി. ആളുകള്‍ക്ക് ബോധവത്ക്കരണം നല്‍കി. വിവാഹ ജീവിതത്തിന്റെ അര്‍ഥം എന്താണെന്ന് അവര്‍ക്കു മനസിലാക്കി കൊടുത്തു. പതിയെ മാറ്റങ്ങള്‍ വന്നു തുടങ്ങി.

    ഭീഷണികള്‍ക്ക് നടുവില്‍ കര്‍ത്താവിനെ കൂട്ട് പിടിച്ച്

    സിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ധാരാളം മാറ്റങ്ങള്‍ ഉളവാക്കി. തങ്ങളുടെ അവകാശങ്ങളെ കുറിച്ചുള്ള അവബോധം അവരെ അടിമകള്‍ എന്ന നിലയില്‍ നിന്നും സാധാരണ പൗരന്മാര്‍ക്കുള്ള അവകാശത്തോടെ ജീവിക്കുവാനുള്ള സ്വാതന്ത്ര്യത്തിലേയ്ക്ക് നയിച്ചു. ഇതു ജന്മിമാരിലും മുതലാളിമാരിലും മറ്റും സിസ്റ്ററിനോട് വൈരാഗ്യം ഉളവാക്കി. പലപ്പോഴും ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചിട്ടുണ്ട്. എങ്കിലും ക്രിസ്തുവാകുന്ന ധൈര്യത്തെ കൂട്ട് പിടിച്ചു കൊണ്ട് തന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് സി. അല്‍ഫോന്‍സ.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.