
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമ്മേന്‍.
നവനാൾ പ്രാർത്ഥന: അഞ്ചാം ദിവസം
ഈശോയുടെ ചെറുപുഷ്പമേ, സമര്‍പ്പിതജീവിതത്തിന്റെ ആരംഭകാലം മുതല്‍ എല്ലാ കാര്യങ്ങളിലും പരിപൂര്‍ണ്ണത പ്രാപിക്കുന്നതിനായി സ്വയം പരിത്യജിച്ച് ഈശോയുടെ ഇഷ്ടം നിറവേറ്റാനാണല്ലോ അവിടുന്ന് താത്പര്യം കാണിച്ചത്. അനുദിനജീവിതത്തിലെ മുഴുവന്‍ പരീക്ഷണങ്ങളേയും ക്ഷമയോടെ സഹിക്കുവാന്‍ എന്നേയും പ്രാപ്തയാക്കണമേ. ജീവിതവഴിയില്‍ കടന്നുവരുന്ന എല്ലാ ബുദ്ധിമുട്ടുകളും സഹനങ്ങളും പരിഹാസങ്ങളും ദൈവത്തേയും എന്നെത്തന്നെയും കൂടുതലായി സ്നേഹിക്കുവാനുള്ള മാര്‍ഗ്ഗമാണെന്ന് മനസിലാക്കാനുള്ള കൃപ നല്കണമേ.
ഞങ്ങളുടെ ജീവിതത്തിലെ എല്ലാ ദിവസവും ഞങ്ങള്‍ക്കായി മാദ്ധ്യസ്ഥ്യം വഹിക്കേണമേ. പ്രത്യേകിച്ച് ഈ നൊവേനയില്‍ അങ്ങയുടെ മാധ്യസ്ഥ്യത്തിലൂടെ ഞങ്ങള്‍ ആവശ്യപ്പെടുന്ന കൃപകളും അനുഗ്രഹങ്ങളും ദൈവത്തില്‍ നിന്ന് വാങ്ങിത്തരേണമേ. ആമ്മേന്‍.
ചിന്താവിഷയം
സഹനങ്ങളിലെ ക്ഷമ. ഏറ്റവും ക്ലേശകരമായ സഹനത്തില്പ്പോലും ദൈവത്തെ തള്ളിപ്പറയാതെ അവ സന്തോഷത്തോടെ സഹിക്കാനും സ്വീകരിക്കാനും അത് ദൈവത്തിന്റെ കരങ്ങളിലൂടെ സംഭവിക്കുന്നതാണെന്ന് മനസിലാക്കാനും എനിക്ക് സാധിക്കും.
സഹനങ്ങളല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ലാത്ത അവസരത്തില്‍ ഏറ്റവും നിസ്സാരമായ കാര്യത്തില്‍പോലും സന്തോഷം കണ്ടെത്താന്‍ സാധിക്കണം. അതേസമയം സഹനങ്ങളെ വിലപ്പെട്ടതായി കരുതാന്‍ കഴിഞ്ഞാല്‍ അതിനെ ഏറ്റവും വലിയ സന്തോഷമായി സ്വീകരിക്കാനും കഴിയുമല്ലോ.
ചെറുപ്പം മുതല്‍ ഏറ്റവും മനോഹരമായ ജീവിതം നയിച്ച വിശുദ്ധരെപ്പോലെ സ്വയം പരിത്യജിച്ച് ഏറ്റവും നിസ്സാരമായ കാര്യങ്ങളില്‍ ആനന്ദം കണ്ടെത്തി, കാരുണ്യം പ്രകടിപ്പിച്ച് ഈശോയെ സ്നേഹിച്ച് ജീവിക്കാന്‍ എനിക്കും കഴിയട്ടെ.
സമാപന പ്രാര്‍ത്ഥന
കുഞ്ഞുങ്ങളെപ്പോലെ നിങ്ങള്‍ ആകുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ സാധിക്കുകയില്ല എന്ന് അരുളിച്ചെയ്ത ഈശോയേ, ഹൃദയലാളിത്യത്തോടും വിനയത്തോടും കൂടെ വിശുദ്ധയായ കൊച്ചുത്രേസ്യയുടെ കാല്‍പ്പാടുകള്‍ പിഞ്ചെല്ലുവാനും അങ്ങനെ നിത്യമായ സമ്മാനത്തിന് അര്ഹരായിത്തീരുവാനമുള്ള കൃപയ്ക്കായി അങ്ങയോടു ഞങ്ങള്‍ യാചിക്കുന്നു. ആമ്മേന്‍.