പരി. കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ: നൊവേന ഒൻപതാം ദിനം

പരി. കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ: നൊവേന ഒൻപതാം ദിനം (സെപ്റ്റംബർ 8)

നേതാവ്: ദൈവമേ ഞങ്ങളുടെ സഹായത്തിനു വരണമേ.

മറുപടി: ദൈവമേ ഞങ്ങളുടെ സഹായത്തിനു വേഗം വരണമേ.

നേതാവ്: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

മറുപടി: ആദിമുതൽ എന്നേക്കും ആമ്മേൻ

“ഇതാ നിന്റെ അമ്മ.” ബലി പൂർത്തിയാക്കും മുമ്പു കുരിശിൽ ഈശോ നൽകിയ അമൂല്യ സമ്മാനം, അതാണ് പരിശുദ്ധ അമ്മ. ഈ അമ്മ മനുഷ്യവംശത്തിന്റെ ഭാഗ്യമാണ്. ലോകം നശിക്കാതിരിക്കാൻ ദൈവപുത്രനുയർത്തിയ രക്ഷാപേടകം. ആ അമ്മയുടെ പിറന്നാൾ ദിനത്തിൽ അമ്മയോടു അടുക്കാം ആ അമ്മയിൽ നിന്നു പഠിക്കാം.

മറിയമേ എന്റെ പ്രിയപ്പെട്ട അമ്മേ ഈ അനുഗ്രഹങ്ങൾക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. (നിയോഗം പറയുക)

നന്മ നിറഞ്ഞ മറിയമേ…

പ്രാർത്ഥന:

ഏറ്റം ഭാഗ്യവതിയായ പരിശുദ്ധ കന്യാമറിയമേ, സ്വർഗ്ഗവും ഭൂമിയും സന്തോഷിക്കുന്ന അമ്മയുടെ ജനനതിരുനാൾ ദിനത്തിൽ ആഹ്ലാദത്തോടെ ഞങ്ങളും പങ്കു ചേരുന്നു. പാപമില്ലാതെ ജനിച്ച നീ പാപത്തിന്റെ കറയില്ലാതെ ജീവിച്ചു. പാപരഹിതമായ ഒരു ജീവിതമാണല്ലോ നിനക്കു ഞങ്ങൾക്കു നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം. ലോകവും അതിന്റെ ആഢംബരങ്ങളും പാപത്തിലേക്കു ഞങ്ങളെ ക്ഷണിക്കുമ്പോൾ അവയ്ക്കു അടിമപ്പെടാതെ പുണ്യത്തിൽ വളരാൻ ഞങ്ങൾക്കു കൃപ നൽകണമേ. അങ്ങനെ അമ്മയെപ്പോലെ ഞാനും ഭാഗ്യവാനായി/ഭാഗ്യവതിയായിത്തീരട്ടെ.

നേതാവ്: നമുക്കു സന്തോഷത്തോടെ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തെ പ്രതി ദൈവത്തെ സ്തുതിക്കാം.

മറുപടി: സർവ്വേശ്വരന്റെ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.

നമുക്കു പ്രാർത്ഥിക്കാം

കാരുണ്യവാനായ ദൈവമേ, നിനക്കു സ്തുതി. ദൈവപിതാവിന്റെ പുത്രിയും ദൈവസുതന്റെ മാതാവും പരിശുദ്ധാത്മാവിന്റെ പ്രിയ മണവാട്ടിയും മനുഷ്യ മക്കളുടെ അമ്മയുമായി പരിശുദ്ധ കന്യകാമറിയത്തെ ഞങ്ങൾക്കു നൽകിയ നിന്റെ സ്നേഹത്തിനു നന്ദി പറയുന്നു. ദൈവീക പുണ്യങ്ങളുടെ വിളനിലമായ പരിശുദ്ധ അമ്മയുടെ മധ്യസ്ഥത വഴി വിശ്വാസവും ശരണവും ഉപവിയും ഞങ്ങളിൽ സമ്പന്നമാകട്ടെ. ആവശ്യക്കാരനിൽ നിന്നു മുഖം തിരിക്കാതിരിക്കാനും അപരന്റെ വേദനകളിൽ പങ്കുചേരാനും ജീവിത നവീകരണത്തിലുടെ വിശുദ്ധിയിൽ മുന്നേറുവാനും ഞങ്ങളുടെ ജീവിതങ്ങളെ നീ ബലപ്പെടുത്തണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.

ഫാ. ജെയ്സൺ കുന്നേൽ MCBS