ഞായർ പ്രസംഗം: ഏലിയാ-സ്ലീവാ-മൂശാക്കാലം മൂന്നാം ഞായര്‍ സെപ്റ്റംബർ 13, മത്തായി 24: 32-44 ജാഗ്രതയും ഒരുക്കവും ക്രൈസ്തവജീവിതത്തിന്റെ ആണിക്കല്ലുകള്‍

ദിവ്യകാരുണ്യ ഈശോയില്‍ ഏറെ സ്‌നേഹം നിറഞ്ഞ വൈദികരേ, പ്രിയ സഹോദരങ്ങളേ,

ഒരിക്കല്‍ വി. അലോഷ്യസ് ഗോണ്‍സാഗ കൂട്ടുകാരോടൊപ്പം മൈതാനത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ അവരോട് ഒരു ചോദ്യം ചോദിച്ചു: ”ഇനിയും അല്‍പം കഴിഞ്ഞാല്‍ ലോകം അവസാനിക്കുമെന്ന് അല്ലെങ്കില്‍ നിങ്ങളുടെ മരണം സംഭവിക്കുമെന്ന് ഉറപ്പായാല്‍ നിങ്ങള്‍ ഇപ്പോള്‍ എന്ത് ചെയ്യും?” കൂട്ടുകാര്‍ ഓരോരുത്തരും പല ഉത്തരങ്ങള്‍ നല്‍കി. ഒരാള്‍ പറഞ്ഞു: ”ഞാന്‍ വേഗം പള്ളിയില്‍ പോയി പ്രാര്‍ഥിക്കും.” മറ്റൊരാള്‍ പറഞ്ഞു: ”ഞാന്‍ പോയി എന്റെ തെറ്റുകളെല്ലാം ഏറ്റുപറഞ്ഞ് കുമ്പസാരിക്കും.” ആ കൂട്ടുകാരുടെയെല്ലാം ഉള്ളില്‍ അപ്രതീക്ഷിതമായ മരണത്തെക്കുറിച്ചുള്ള ഭയമായിരുന്നു. എന്നാല്‍, വി. അലോഷ്യസ് വളരെ ശാന്തനായി നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു: ”ഞാന്‍ എന്റെ ഈ കളി തുടര്‍ന്നുകൊണ്ടേയിരിക്കും. കാരണം, ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന ഈ പ്രവൃത്തി ദൈവത്തിന് ഇഷ്ടമുള്ളതാണെന്ന് എനിക്കറിയാം. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഞാന്‍ ദൈവത്തെ കണ്ടുമുട്ടാന്‍ ഒരുങ്ങിയിരിക്കുകയാണ്.”

ഒരു ക്രിസ്ത്യാനിക്കുണ്ടായിരിക്കേണ്ട ഏറ്റവും അടിസ്ഥാനപരമായ ഒരു മനോഭാവത്തെക്കുറിച്ചാണ് ഈ സംഭവം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് – ‘ഒരുക്കമുള്ളവരായിരിക്കുക’ എന്നത്. ഏലിയാക്കാലം മൂന്നാം ആഴ്ചയിലേക്ക് നാം പ്രവേശിക്കുമ്പോള്‍ വി. മത്തായി അറിയിച്ച സുവിശേഷം 24-ാം അധ്യായം 32 മുതല്‍ 44 വരെയുള്ള വാക്യങ്ങള്‍ ആഴമായി നാം ധ്യാനിക്കുമ്പോള്‍, നമ്മുടെ ജീവിതത്തില്‍ നാം എത്രമാത്രം ആത്മീയമായി ഒരുക്കമുള്ളവരായിരിക്കണമെന്നും നാം ചെയ്യുന്ന ഓരോ കൊച്ചുപ്രവര്‍ത്തികള്‍ പോലും ദൈവഹിതപ്രകാകാരമായിരിക്കണമെന്നും ഇന്നത്തെ സുവിശേഷഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അതുപോലെ തന്നെ അപ്രതീക്ഷിതമായി കടന്നുവരുന്ന കള്ളന്റെ ഉപമ പ്രതിനിധീകരിക്കുന്നത് ഭയത്തെയല്ല, മറിച്ച് അപ്രതീക്ഷിതത്വത്തെയാണ്. പത്ത് കന്യകമാരുടെ ഉപമ അടിവരയിട്ടു പറയുന്നതും മറ്റൊന്നുമല്ല, വിവേകമതികളായ കന്യകമാരെപ്പോലെ ഒരുക്കത്തിന്റെ എണ്ണ എപ്പോഴും നമ്മുടെ ജീവിതമാകുന്ന വിളക്കില്‍ ഉണ്ടായിരിക്കണം. കാരണം, ജാഗ്രതയും ഒരുക്കവും ക്രൈസ്തവജീവിതത്തിന്റെ ആണിക്കല്ലുകളാണ്. സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മനസ്സ് ദുര്‍ബലമാവുകയും ആ ദിവസം ഒരു കെണി പോലെ പെട്ടെന്ന് നിങ്ങളുടെമേല്‍ വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍ എന്ന് ഈശോ ലൂക്കാ സുവിശേഷകനിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, ഒരുക്കം ഒരു ക്രൈസ്തവപുണ്യമാണെന്ന സത്യത്തില്‍ നമ്മെ ആഴപ്പെടുത്താനാണ്. അതുപോലെ തന്നെ, ജാഗ്രതക്കുറവുണ്ടായാല്‍ എന്താണ് സംഭവിക്കുക?

വി. മത്തായിയുടെ സുവിശേഷം 24-ാം അധ്യായം 37 മുതല്‍ 39 വരെയുള്ള വാക്യങ്ങള്‍ ജാഗ്രതയുടെ അഭാവത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. നോഹയുടെ കാലത്തെ ആളുകള്‍ അശ്രദ്ധരായിരുന്നു; അവര്‍ തിന്നും കുടിച്ചും വിവാഹം ചെയ്തുകൊടുത്തും കഴിഞ്ഞുപോന്നു. എന്നാല്‍, അപ്രതീക്ഷിതമായി വന്ന പ്രളയം അവരുടെ നാശത്തിനു കാരണമായി. ഭൗതികമായ കാര്യങ്ങളില്‍ മാത്രം മുഴുകി, ആത്മീയമായ യാഥാര്‍ഥ്യങ്ങളെ മറന്നുപോകുന്ന അവസ്ഥയാണ് അശ്രദ്ധമായ ജീവിതം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഈ അശ്രദ്ധമായ ജീവിതശൈലി പ്രധാനമായും മൂന്ന് അപകടങ്ങളിലേക്ക് നയിക്കപ്പെടാന്‍ കാരണമാകുന്നു. ഒന്നാമതായി, ലൗകിക കാര്യങ്ങളില്‍ അമിതമായി പ്രാധാന്യം നല്‍കുന്നതുവഴി ദൈവവുമായുള്ള നമ്മുടെ ബന്ധത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്നു. രണ്ടാമതായി, മാനസാന്തരത്തിനും നന്മ ചെയ്യാനുമുള്ള വിലപ്പെട്ട സമയവും അശ്രദ്ധവഴി നഷ്ടമാകുന്നു. മൂന്നാമതായി, മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായ നിത്യജീവനെക്കുറിച്ചുള്ള ചിന്ത നഷ്ടപ്പെടുന്നു. നശ്വരമായ ഈ ലോകവും അതിലെ സമ്പത്തും മാത്രമാണ് ശാശ്വതം എന്ന മിഥ്യാധാരണ അശ്രദ്ധയുടെ ഏറ്റവും വലിയ അപകടങ്ങളിലൊന്നാണ്.

ലോകത്തിന്റെ സുഖസൗകര്യങ്ങളില്‍ മയങ്ങിപ്പോകുന്നതാണ് ഇന്നത്തെ ഏറ്റവും വലിയ അപകടമെന്നും, ഈ ആത്മീയമയക്കം നമ്മെ ദൈവത്തില്‍ നിന്നും അകറ്റുന്നുവെന്നും ഫ്രാന്‍സിസ് പാപ്പയും മുന്നറിയിപ്പ് നല്‍കുന്നു. ഇതിന്റെ അര്‍ഥം, ഈ ലോകത്തിന്റെ വ്യാപാരങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിഞ്ഞുനില്‍ക്കണമെന്നല്ല, മറിച്ച് അവയോടുള്ള അമിതമായ മമത ഒഴിവാക്കണമെന്നാണ് ദൈവവചനം നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്. 1 കൊറിന്തോസ് എഴാം അധ്യായം 29 മുതല്‍ 35 വരെയുള്ള വാക്യങ്ങളില്‍ ഈ അശ്രദ്ധയെ മറികടക്കാനുള്ള കൃത്യമായ മാര്‍ഗരേഖ നല്‍കുന്നുണ്ട്. ”സമയം പരിമിതമാണ്, ലോക കാര്യങ്ങളില്‍ ഇടപെടുന്നവര്‍ ഇടപെടാത്തവരെപ്പോലെയും ആയിരിക്കട്ടെ. എന്തെന്നാല്‍, ഈ ലോകത്തിന്റെ രൂപഭാവങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു.”

എപ്പോഴും ഉണര്‍ന്നിരിക്കുക എന്നത് ഒരു മാനസികാവസ്ഥയാണ്. സ്വന്തം പ്രവര്‍ത്തികളെയും ചിന്തകളെയും കുറിച്ചുള്ള നിരന്തരമായ ആത്മപരിശോധന അശ്രദ്ധയെ ഇല്ലാതാക്കുന്നു. ഈ ലോകത്തിലെ നേട്ടങ്ങളും വേദനകളും താല്‍കാലികമാണെന്ന തിരിച്ചറിവ് എപ്പോഴും കാത്തുസൂക്ഷിക്കുന്നത് അലസതയെ മറികടക്കാന്‍ സഹായിക്കും. സഭ നല്‍കുന്ന കൂദാശകള്‍, പ്രത്യേകിച്ച് വിശുദ്ധ കുമ്പസാരവും വിശുദ്ധ കുര്‍ബാനയും ആത്മീയമായ ഉണര്‍വില്‍ ജീവിക്കാന്‍ നമ്മെ സഹായിക്കുന്ന ഏറ്റവും ശക്തമായ മാര്‍ഗങ്ങളാണ്.

അവസാനത്തെ ആ ദിവസവും മണിക്കൂറും നമുക്ക് അജ്ഞാതമായതുകൊണ്ട് നാം സദാ ജാഗരൂകരായിരിക്കണമെന്ന് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 1048-ാം ഖണ്ഡിക വളരെ വ്യക്തമായി നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. ഈ ഓര്‍മ്മപ്പെടുത്തലുകള്‍ മനുഷ്യരെ ഭയപ്പെടുത്താനല്ല, മറിച്ച് നാം ജാഗ്രതയോടെ ആയിരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. ഇന്ന് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു നന്മയും നാളത്തേക്ക് മാറ്റിവയ്ക്കരുത്. കാരണം, നാളത്തെ ദിവസം നിങ്ങള്‍ക്ക് ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ല എന്ന് വി. ഡോണ്‍ ബോസ്‌കോ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

അതിനാല്‍ പ്രിയപ്പെട്ടവരേ, നശ്വരമായ ഈ ലോകത്തിന്റെ സുഖങ്ങളില്‍ അമിതമായി മുഴുകാതെ, വി. അലോഷ്യസ് ഗോണ്‍സാഗയെപ്പോലെ ഏതു നിമിഷവും കര്‍ത്താവിനെ സ്വീകരിക്കാന്‍ തക്കവിധം നമ്മുടെ ഓരോ പ്രവൃത്തികളും ദൈവഹിതപ്രകാരമാക്കി മാറ്റാം. അതിനുള്ള കൃപയ്ക്കായി നമുക്ക് ആത്മാര്‍ഥമായി ഈ ദിവ്യബലിയില്‍ പ്രാര്‍ഥിക്കാം. ദൈവം നമ്മെ ഓരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്രദര്‍ ജയ്‌സ് വാഴയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.