നാരങ്ങവെള്ളം നമ്മുടെ ദിവസത്തിന്റെ ഭാ​ഗമാക്കാം

ഒരു ദിവസം ആരംഭിക്കുന്നത് ഒരു​ ഗ്ലാസ് വെള്ളത്തിൽ നിന്നാണെങ്കിൽ അതിലും മികച്ച ആരോ​ഗ്യം വേറെ ലഭിക്കില്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ദർ പറയുന്നത്. കാരണം, ഉറങ്ങിയുണരുമ്പോൾ നമ്മുടെ ശരീരത്തിൽ നിർജലീകരണം സംഭവിക്കുന്നുണ്ടെന്നും അതിനാൽ ശുദ്ധമായ ഒരു ഗ്ലാസ് വെള്ളം ദിവസാരംഭത്തിൽ ശരീരത്തിനെ മികച്ചതാക്കാൻ ഏറ്റവും മികച്ച മാർ​ഗമാണെന്നുമാണ് പറയപ്പെടുന്നത്. അങ്ങനെ വരുമ്പോൾ, എല്ലാ ദിവസവും നാരങ്ങവെള്ളം കുടിക്കുന്നതിലൂടെ അധിക ആരോഗ്യഗുണങ്ങളുണ്ടാകുമോ? നാരങ്ങവെള്ളം കുടിക്കുന്നത് ശീലമാക്കുന്നത് എന്തുകൊണ്ട് പരിഗണിക്കണമെന്ന വിദ​ഗ്ദരുടെ അഭിപ്രായം നോക്കാം.

നാരങ്ങവെള്ളം മികച്ചതാകുന്നത് എങ്ങനെ?

നാരങ്ങവെള്ളത്തിന് തീർച്ചയായും അതിന്റേതായ ഗുണങ്ങളുണ്ട്. നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ ചേർക്കുന്നതിനുള്ള നല്ലൊരു മാർഗമാണിത്. പഞ്ചസാരയെയോ, സുഗന്ധദ്രവ്യങ്ങളെയോ ആശ്രയിക്കുന്നതിനു പകരം പാനീയങ്ങൾക്ക് സ്വാഭാവികമായ ഒരു രുചി നാരങ്ങ നീര് നൽകുന്നു. മാത്രമല്ല, നാരങ്ങവെള്ളത്തിൽ കലോറി കുറവും വിറ്റാമിനുകളും പോഷകങ്ങളും കൂടുതലുമാണ്. ഒരു ഗ്ലാസ് വെള്ളത്തിൽ 48 ഗ്രാം നാരങ്ങനീര് ചേർത്ത് കുടിക്കുമ്പോൾ 11 കലോറിയും 18.6 മില്ലിഗ്രാം വിറ്റാമിൻ സിയും ലഭിക്കും.

ദിവസം ആരംഭിക്കുന്നത് ഒരു ​ഗ്ലാസ് വെള്ളത്തിൽ നിന്നാകുന്നതാണ് നല്ലതെന്ന്  പറയുന്നതുപോലെ, ഒരു​ ഗ്ലാസ് നാരങ്ങവെള്ളം ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് ആരോഗ്യകരമായ ഒരു ശീലമാണ്. കൂടാതെ, നാരങ്ങനീര് ശരീരം ശുദ്ധീകരിക്കാനും സഹായിക്കുന്നു.

രാവിലെ കുടിക്കുന്നതിന്റെ ​ഗുണങ്ങൾ

നമുക്ക് എപ്പോൾ വേണമെങ്കിലും നാരങ്ങവെള്ളം കുടിക്കാം. പക്ഷേ, പലരും രാവിലെയാണ് ഇത് കുടിക്കാൻ ഇഷ്ടപ്പെടുന്നത്. ഉണരുമ്പോൾ തന്നെ ശരീരത്തിന് ആവശ്യമായ ജലാംശം നൽകുന്നതിനുള്ള നല്ലൊരു മാർഗമാണിത്. കൂടാതെ, ദിവസം ആരംഭിക്കുന്നതിനു മുൻപ് നാരങ്ങവെള്ളം കുടിക്കുന്നതിലൂടെ വിറ്റാമിൻ സിയുടെ അളവ് വർധിക്കും. നമ്മുടെ ദഹനവ്യവസ്ഥയിൽ നാരങ്ങയ്ക്ക് ആരോഗ്യപരമായ ഗുണങ്ങളുള്ളതിനാൽ വെറുംവയറ്റിൽ ഇത് കുടിക്കുന്നത് നല്ലതാണ്.

നാരങ്ങവെള്ളത്തിന്റെ മറ്റ് ആരോഗ്യഗുണങ്ങൾ താഴെപ്പറയുന്നവയാണ്

ദഹനത്തിന് സഹായിക്കുന്നു: നാരങ്ങവെള്ളത്തിലുള്ള ആസിഡ് ദഹനത്തിനു സഹായിക്കുന്നു. പ്രത്യേകിച്ചും പ്രായമാകുമ്പോൾ, ആമാശയത്തിലെ ആസിഡിന്റെ അളവ് കുറയാൻ സാധ്യതയുണ്ട്. അത് വർധിപ്പിക്കുന്നതിന് നാരങ്ങയിലെ ആസിഡ്  സഹായകമായേക്കാം.

ജലാംശം നിലനിർത്താൻ സഹായിക്കുന്നു: ജോലിത്തിരക്കുകൾ മൂലം ചിലപ്പോൾ ദാഹത്തിനനുസരിച്ചു മാത്രമേ നാം വെള്ളം കുടിക്കാറുള്ളൂ. ആവശ്യത്തിന് വെള്ളം കുടിക്കുന്ന പതിവ് പലർക്കും ഉണ്ടാകില്ല. എന്നാൽ ദിവസവും നാരങ്ങവെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിനു വേണ്ടുന്ന ജലാംശം നിലനിർത്താൻ സാധിക്കുന്നു.

വൃക്കയിലെ കല്ലുകൾ തടയുന്നു: നാരങ്ങവെള്ളം കുടിക്കുന്നത് ശീലമാക്കുന്നത് നമ്മുടെ വൃക്കകളെ സഹായിക്കും. പ്രത്യേകിച്ച്, നാരങ്ങയിലെ സിട്രിക് ആസിഡ് വൃക്കയിലെ കല്ലുകളുടെ രൂപീകരണം തടയുകയും ചെറിയ കല്ലുകൾ രൂപപ്പെടാൻ തുടങ്ങുന്നതിനു മുൻപ് അവയെ ഇല്ലാതാക്കുകയും ചെയ്യും. നാഷണൽ കിഡ്‌നി ഫൗണ്ടേഷന്റെ അഭിപ്രായത്തിൽ, നാല് ഔൺസ് നാരങ്ങനീര് വെള്ളത്തിൽ കലർത്തുന്നത് വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കുന്ന ഒരു മികച്ച പ്രതിവിധിയാണെന്നാണ്.

ശരീരഭാരം കുറയ്ക്കാൻ അനുയോജ്യം: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണ് നിങ്ങളെങ്കിൽ നാരങ്ങവെള്ളം നല്ലൊരു മാർ​ഗമാണ്. അതിന്  ചെറുതായി ചൂടുള്ള നാരങ്ങവെള്ളം ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നു.

നമ്മുടെ ദിവസത്തിന്റെ തന്നെ ഭാ​ഗമാക്കാൻ കഴിയുന്ന ഒന്നാണ് നാരങ്ങവെള്ളം. നാരങ്ങവെള്ളത്തിനു നൽകാൻ കാഴിയുന്ന ഉന്മേഷവും ആശ്വാസവും മറ്റൊന്നിനെക്കാൾ വലുതായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.