പരി. കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനൊരുക്കം: നൊവേന ഏഴാം ദിനം

പരി. കന്യകാമറിയത്തിന്റെ ജനനതിരുനാളിനൊരുക്കമായുള്ള നൊവേന: ഏഴാം ദിനം (സെപ്റ്റംബർ 6)

നേതാവ്: ദൈവമേ ഞങ്ങളുടെ സഹായത്തിനു വരണമേ.

മറുപടി: ദൈവമേ ഞങ്ങളുടെ സഹായത്തിനു വേഗം വരണമേ.

നേതാവ്: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

മറുപടി: ആദിമുതൽ എന്നേക്കും ആമ്മേൻ

എഴാം ദിനം

അമ്മ സ്നേഹത്തിനു അതിരുകൾ ഇല്ല, അളവുകൾ ഇല്ല. അതു കർത്താവിന്റെ  അമ്മയാകുമ്പോഴോ അതു അനന്തതയോളം നീളം. അമ്മയാണ് നമ്മിൽ ശൈശവം നിലനിർത്തുന്നത്. അമ്മയെ തള്ളിപ്പറഞ്ഞാൽ പുത്രൻ /പുത്രി സ്ഥാനത്തിനു നാം നമ്മെത്തന്നെ അയോഗ്യരാക്കും. ദൈവത്തിന്റെ പ്രിയ പുത്രിയും പുത്രനുമാകണോ  ദൈവമാതാവിന്റെ സവിധേ അണയണം, ആ സ്നേഹം അനുഭവിക്കണം, ആ സ്നേഹ സംരക്ഷണത്തിനു സ്വയം വിട്ടു നൽകണം. എന്നെ സ്നേഹിക്കാനായി ദൈവമാതാവു കാത്തിരിക്കുന്നു. ഓ എത്രയോ മഹാഭാഗ്യമാണത്.

മറിയമേ എന്റെ പ്രിയപ്പെട്ട അമ്മേ  ഈ അനുഗ്രഹങ്ങൾക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. (നിയോഗം പറയുക)

നന്മ നിറഞ്ഞ മറിയമേ…

പ്രാർത്ഥന:

അമല മനോഹരിയും അമലോത്ഭവയുമായ പരിശുദ്ധ ദൈവമാതാവേ, നിന്റെ    മാതൃസ്നേഹം നിരാശയിൽ പ്രത്യാശയും സങ്കടങ്ങളിൽ സന്തോഷവും ആപത്തിൽ തുണയും അസ്വസ്ഥതകളിൽ സ്വസ്ഥതയും ആണല്ലോ. ദിവ്യനാഥേ, നീ അനുഭവിച്ചറിഞ്ഞ ദൈവസ്നേഹത്തിൽ ഞങ്ങളെയും ഉരുക്കി വാർക്കണമേ. അങ്ങനെ ദൈവസ്നേഹത്താലും പരസ്നേഹത്താലും സ്വയം എരിയുന്ന നിന്റെ പ്രിയപ്പെട്ട മക്കളായി ഞങ്ങളെ മാറ്റണമേ. അതു വഴി സ്വർഗ്ഗസൗഭാഗ്യത്തിലേക്കു ഒരു പടികൂടി ഞങ്ങൾ അടുക്കട്ടെ.

നേതാവ്: നമുക്കു സന്തോഷത്തോടെ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തെ പ്രതി ദൈവത്തെ സ്തുതിക്കാം.

മറുപടി: സർവ്വേശ്വരന്റെ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.

നമുക്കു പ്രാർത്ഥിക്കാം

സ്വർഗ്ഗസ്ഥനായ പിതാവേ, പരിശുദ്ധ കന്യകാ മറിയത്തെ ഞങ്ങൾക്കു മാതാവായി നൽകിയ നിന്റെ പൈതൃക സ്നേഹത്തിനു സ്തുതിയും കൃതജ്ഞതയും ആരാധനയും മഹത്വവും സദാ കാലവും ഉണ്ടായിരിക്കട്ടെ. ആ അമ്മയുടെ ജനന തിരുനാളിനൊരുങ്ങുമ്പോൾ ഞങ്ങളുടെ മാതാപിതാക്കളെ ഓർത്തു ഞങ്ങൾ നന്ദി പറയുന്നു. അവരെ ആത്മാർത്ഥമായി സ്നേഹിക്കുവാനും ശുശ്രൂഷിക്കുവാനും പരിഗണിക്കുവാനും ബഹുമാനിക്കാനും ഞങ്ങൾക്കു കൃപ നൽകണമേ. അവരുടെ കുറവുകളെ മനസ്സിലാക്കി വേദനിപ്പിക്കാതെ പെരുമാറുവാൻ ഞങ്ങൾക്കു വിവേകം തരണമേ. (മരിച്ചുപോയ ഞങ്ങളുടെ  മാതാപിതാക്കൾക്കു സ്വർഗ്ഗഭാഗ്യം പ്രദാനം ചെയ്യണമേ.) പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.

ഫാ. ജെയ്സൺ കുന്നേൽ MCBS