പരി. കന്യകാമറിയത്തിന്റെ ജനനതിരുനാളിനൊരുക്കം: നൊവേന രണ്ടാം ദിനം

പരി. കന്യകാമറിയത്തിന്റെ ജനനതിരുനാളിനൊരുക്കമായുള്ള നൊവേന: രണ്ടാം ദിനം (സെപ്റ്റംബർ 1)

നേതാവ്: ദൈവമേ ഞങ്ങളുടെ സഹായത്തിനു വരണമേ.

മറുപടി: ദൈവമേ ഞങ്ങളുടെ സഹായത്തിനു വേഗം വരണമേ.

നേതാവ്: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

മറുപടി: ആദിമുതൽ എന്നേക്കും ആമ്മേൻ.

രണ്ടാം ദിനം

ആദാമിന്റെ പുത്രിമാരിൽ തിരഞ്ഞെടുക്കപ്പെവൾ മറിയം, ദൈവപുത്രനു വാസമേകിയ ശ്രേഷ്ഠയായ മറിയം. ദൈവസുതൻ നിന്റെ ജനനത്തിൽ സന്തോഷിക്കുന്നു. കാരണം തന്റെ മാതാവാകാൻ പിതാവു തിരഞ്ഞെടുത്തവളെ അവൻ ശ്രദ്ധയോടെ നോക്കി കാണുന്നു, ഓ എത്ര സ്നേഹനിധിയാണ് എന്റെ അമ്മ.

മറിയമേ എന്റെ പ്രിയപ്പെട്ട അമ്മേ, ഈ അനുഗ്രഹങ്ങൾക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. (നിയോഗം പറയുക)

നന്മ നിറഞ്ഞ മറിയമേ…

പ്രാർത്ഥന:

ഓ പരിശുദ്ധ ദൈവമാതാവേ, നിന്റെ മാതൃവാത്സല്യം ദു:ഖക്കടലിൽ മുങ്ങിത്താഴുന്ന ലോകത്തിനു പ്രതീക്ഷ നൽകുന്ന നങ്കൂരമാണല്ലോ. ലോകവും അതിന്റെ ആഢംബരങ്ങളും ഞങ്ങളുടെ ഉള്ളിൽ നിരാശ നിറയ്ക്കുമ്പോൾ, മറിയമേ നിന്റെ സന്നിധിയിൽ പ്രത്യാശയോടെ അണയുവാനും നിന്റെ പരിശുദ്ധ മേലങ്കിക്കു കീഴിൽ അഭയം ഗമിക്കാനും ഞങ്ങളെ സഹായിക്കണമേ.

നേതാവ്: നമുക്കു സന്തോഷത്തോടെ പരിശുദ്ധ കന്യകാമറിയത്തിതിന്റെ ജനനത്തെ പ്രതി ദൈവത്തെ സ്തുതിക്കാം

മറുപടി: സർവ്വേശ്വരന്റെ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.

നമുക്കു പ്രാർത്ഥിക്കാം,

അത്യുന്നതനായ ദൈവമേ, നിന്റെ മഹനീയ നാമത്തിനു സ്വർഗ്ഗത്തിലും ഭൂമിയിലും സ്തുതിയും കൃതജ്ഞതയും ആരാധനയും മഹത്വവും ഉണ്ടായിരിക്കട്ടെ. നിന്റെ പ്രിയ പുത്രിയുടെ ജനന തിരുനാളിനൊരുങ്ങുന്ന ഞങ്ങളിൽ ആഴമായ ദൈവാശ്രയ ബോധവും ജീവിത വിശുദ്ധിയിൽ മുന്നേറുവാനുമുള്ള വലിയ കൃപയും നൽകി അനുഗ്രഹിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.

ഫാ. ജെയ്സൺ കുന്നേൽ MCBS