വികാരനിർഭരമായി നോട്രെ ദാം കത്തീഡ്രലിനു മുന്നിലെ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ 

വികാരനിർഭരമായ തിരുനാളാഘോഷങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് അഗ്നിബാധയ്ക്കിരയായ നോട്രെ ദാം കത്തീഡ്രൽ. അഗ്നിജ്വാലയിൽ നിന്ന് പോറലേൽക്കാതെ ലഭിച്ച മാതാവിന്റെ രൂപവും വഹിച്ചുകൊണ്ട് കത്തീഡ്രലിൽ പ്രാർത്ഥനാറാലി നടത്തിയപ്പോൾ പലരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. വ്യാഴാഴ്ച മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ആചരിക്കുന്നതിനായി നൂറുകണക്കിന് ആളുകളാണ് കത്തീഡ്രലിനു സമീപത്തുള്ള പാലത്തിൽ ഒത്തുചേർന്നത്.

എല്ലാ വർഷവും മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിനോടനുബന്ധിച്ച് മാതാവിന്റെ രൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടക്കാറുണ്ട്. എല്ലാ വർഷവും അഭയാർത്ഥികളായെത്തി അമ്മയുടെ ഹൃദയത്തിൽ അഭയം തേടുവാനായിട്ടാണ് ഇവിടെ വിശ്വാസികൾ എത്തുന്നത്. ദേവാലയം അഗ്നിക്കിരയായി എങ്കിലും അത് സജീവമാണ്. അതിനു തെളിവാണ് ഈ പ്രദക്ഷിണത്തിൽ പങ്കെടുക്കാനെത്തിയ വിശ്വാസികൾ. ഒരാൾ മുറിവേറ്റിരിക്കുമ്പോഴും അയാളുടെ പക്കൽ ആളുകൾ എത്തുന്നുണ്ടെങ്കില്‍ അതിനർത്ഥം അയാൾ ജീവനോടെ ഇരിക്കുന്നു എന്നതു തന്നെയാണ് – പാരീസ് ആർച്ച്ബിഷപ്പ് മൈക്കൽ ആപെറ്റിറ്റ് വെളിപ്പെടുത്തി.

1830-ൽ ഫ്രാൻസിലെ ചാൾസ് പത്താമൻ രാജാവ് കത്തീഡ്രലിനു നൽകിയ കന്യാമറിയത്തിന്റെ പ്രതിമയാണ് തിരുനാൾ പ്രദക്ഷിണത്തിന് ഉപയോഗിച്ചത്. എന്തുതന്നെ സംഭവിച്ചാലും ആളുകൾക്ക് പരിശുദ്ധ അമ്മയോട് ഒരു പ്രത്യേക ബന്ധമുണ്ട് എന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.