തിരുവസ്ത്രവും കാസയും പീലാസയും കയ്യില്‍ പിടിച്ച്, മുട്ടൊപ്പം വെള്ളത്തില്‍ വൈദികന്റെ യാത്ര; സോഷ്യല്‍മീഡിയ ഏറ്റെടുത്ത ചിത്രം

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ വൈദികഗണത്തെ ഒന്നടങ്കം അപമാനിക്കാന്‍ വെമ്പുന്നവര്‍ അറിയാതെപോകുന്ന പലവിധ ത്യാഗങ്ങളുണ്ട്, ഇതേ വൈദികര്‍ തന്നെ ഏറ്റെടുത്തു ചെയ്യുന്നത്. അത്തരത്തില്‍ ഒരു ത്യാഗപ്രവര്‍ത്തിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ആഫ്രിക്കയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍ പലരും ഏറ്റെടുക്കുന്ന ത്യാഗങ്ങളുടെ തെളിവാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രം. നൈജീരിയായിലെ പ്രാദേശിക ഗ്രാമത്തില്‍ മുട്ടൊപ്പം വെള്ളമുള്ള തോട്ടിലൂടെ നടന്നുനീങ്ങുന്ന വൈദികന്റെ ചിത്രമാണത്. ഒരു കൈയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനു വേണ്ടിയുള്ള തിരുവസ്ത്രവും മറുകൈയില്‍ കാസയും പീലാസയും അടക്കമുള്ള വിശുദ്ധ വസ്തുക്കള്‍ അടങ്ങുന്ന പെട്ടിയും ഈ വൈദികന്‍ പിടിച്ചിട്ടുണ്ട്. സാഹചര്യം എത്ര പ്രതികൂലമാണെങ്കിലും ക്രിസ്തു ഭരമേല്‍പ്പിച്ച ദൗത്യം തുടരാന്‍ ഇവര്‍ സന്നദ്ധരാണെന്ന ആമുഖത്തോടെ ‘കാത്തലിക് ആന്‍ഡ് പ്രൌഡ്’ എന്ന ഫേസ്ബുക്ക് പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

പതിനായിരങ്ങളാണ് ഇതിനോടകം ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ലോകമെങ്ങുമുള്ള വൈദികര്‍ക്കു വേണ്ടിയും അവരുടെ ശുശ്രൂഷകള്‍ക്കു വേണ്ടിയും എത്രമാത്രം തീക്ഷ്ണതയോടെയാണ് പ്രാര്‍ത്ഥിക്കേണ്ടതെന്ന സന്ദേശമാണ് ഈ ചിത്രം നല്‍കുന്നതെന്നാണ് ഭൂരിപക്ഷം ആളുകളും അഭിപ്രായം രേഖപ്പെടുത്തുന്നത്.