പുതുവര്‍ഷത്തെ വരവേല്‍ക്കാം ഈ വചനങ്ങളിലൂടെ

ഒരുപക്ഷേ, ഇക്കഴിഞ്ഞ വര്‍ഷം മുഴുവനും നമുക്ക് ഏറെ സഹനങ്ങളായിരിക്കാം ജീവിതത്തിലുടനീളം ഉണ്ടായത്. എങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ പരിപൂര്‍ണ്ണമായ ഒരു നവീകരണം നടത്തുവാന്‍ ദൈവം ആഗ്രഹിക്കുന്നുണ്ട്. ജീവിതത്തിലെ പ്രത്യാശ നഷ്ടപ്പെട്ട വ്യക്തികളാണോ നാം? ആകുലപ്പെടേണ്ട. സകലത്തെയും നവീകരിക്കുന്ന അവിടുന്ന് നമ്മുടെ ജീവിതത്തെയും നവീകരിക്കാന്‍ പോകുന്നു. അതിനായി നാം ഒരു കാര്യം ചെയ്യേണ്ടിയിരിക്കുന്നു. നമ്മുടെ ജീവിതം കര്‍ത്താവിന് പൂര്‍ണ്ണമായും വിട്ടുകൊടുക്കുക. അതിനായി ഈ പുതുവര്‍ഷത്തില്‍ നമ്മെ സഹായിക്കുന്ന ചില വചനങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കാം…

1. ‘സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ അരുളിചെയ്തു: ഇതാ, സകലവും ഞാന്‍ നവീകരിക്കുന്നു. അവന്‍ വീണ്ടും പറഞ്ഞു: എഴുതുക. ഈ വചനങ്ങള്‍ വിശ്വാസയോഗ്യവും സത്യവുമാണ്’ (വെളി. 21:5).

2. ‘അവിടുന്ന് ഒരു പുതിയ ഗാനം എന്റെ അധരങ്ങളില്‍ നിക്ഷേപിച്ചു, നമ്മുടെ ദൈവത്തിനുള്ള ഒരു സ്‌തോത്രഗീതം. പലരും കണ്ട് ഭയപ്പെടുകയും കര്‍ത്താവില്‍ ശരണം പ്രാപിക്കുകയും ചെയ്യും’ (സങ്കീ. 40:3).

3. ‘അവര്‍ക്ക് ഞാന്‍ ഒരു പുതിയ ഹൃദയം നല്‍കും; ഒരു പുതിയ ചൈതന്യം അവരില്‍ ഞാന്‍ നിക്ഷേപിക്കും. അവരുടെ ശരീരത്തില്‍ നിന്നും ശിലാഹൃദയം എടുത്തുമാറ്റി ഒരു മാംസളഹൃദയം ഞാന്‍ കൊടുക്കും’ (എസ. 11:19).

4. ‘ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു, അത് മുളയെടുക്കുന്നത് നിങ്ങള്‍ അറിയുന്നില്ലേ? ഞാന്‍ വിജനദേശത്ത് പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും’ (ഏശയ്യാ 43:19).

5. ‘നിങ്ങളുടെ പഴയ ജീവിതരീതികളില്‍ നിന്നും രൂപംകൊണ്ട വഞ്ചന നിറഞ്ഞ ആസക്തികളാല്‍ കലുഷിതനായ പഴയമനുഷ്യനെ ദൂരെയെറിയുവിന്‍. നിങ്ങള്‍ മനസ്സിന്റെ ചൈതന്യത്തില്‍ നവീകരിക്കപ്പെടട്ടെ. യഥാര്‍ത്ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍’ (എഫേ. 4:22-24).

6. ‘ഇതാ, ഞാന്‍ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു. പൂര്‍വ്വകാര്യങ്ങള്‍ അനുസ്മരിക്കുകയോ അവ മനസ്സില്‍ വരുകയോ ഇല്ല’ (ഏശയ്യാ 65:17).

7. ‘എന്തെന്നാല്‍ കര്‍ത്താവിന്റെ സ്‌നേഹം ഒരിക്കലും അസ്തമിക്കുന്നില്ല; അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല. ഓരോ പ്രഭാതത്തിലും അത് പുതിയതാണ്. അവിടുത്തെ വിശ്വസ്തത ഉന്നതമാണ്’ (വിലാ. 3:22-23).