യുവതീയുവാക്കളുടെ ശ്രദ്ധയ്ക്ക്, ഒട്ടും വൈകാതെ നിങ്ങള്‍ അമ്മയോടൊപ്പം ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍

അമ്മയുടെ സ്‌നേഹത്തോളം വലുതായി ഈ ലോകത്തില്‍ മറ്റൊന്നില്ല. എന്നാല്‍, വളരുന്തോറും അമ്മാരോട് അകല്‍ച്ചയാണ് പലരും കാണിക്കാറ്. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല എന്നത് അമ്മാരെ ഉദ്ദേശിച്ച് പിറവികൊണ്ട പഴഞ്ചൊല്ലാവാനേ വഴിയുള്ളൂ. അമ്മ ഒരു ദിവസമെങ്കിലും വീട്ടില്‍ നിന്ന് മാറി നില്‍ക്കുമ്പോഴാണ് പലരും അവരുടെ വില മനസിലാക്കുന്നത്, അവരെ എത്രത്തോളം നാം ആശ്രയിക്കുന്നുണ്ടെന്നത് മനസിലാക്കുന്നത്. പ്രത്യേകിച്ച് യുവജനങ്ങള്‍. അതുകൊണ്ടു തന്നെ ഇവിടെ പറയുന്നത്, യുവതീയുവാക്കളായിട്ടുള്ളവര്‍ തങ്ങളുടെ അമ്മമാരോടൊപ്പം ഒട്ടും വൈകാതെ ചെയ്യേണ്ട അഞ്ച് കാര്യങ്ങളാണ്. അത് നിങ്ങള്‍ ചെയ്യുന്നതിലൂടെ അവരുടെ സന്തോഷം എത്രമാത്രം വര്‍ദ്ധിക്കുമെന്നത് നിങ്ങള്‍ക്ക് കണ്ട് മനസിലാക്കുകയും ചെയ്യാം…

1. ആശ്ലേഷം

കുട്ടിക്കാലത്തില്‍ നിന്ന് യുവത്വത്തിലേയ്ക്ക് കടക്കുമ്പോള്‍ മക്കള്‍ അമ്മമാരുടെ അടുക്കല്‍ നിന്ന് സ്വല്‍പം അകല്‍ച്ച കാണിക്കും. പിന്നീട് അമ്മമാര്‍ കെട്ടിപ്പിടിക്കുന്നതോ ഉമ്മ വയ്ക്കുന്നതോ ഇഷ്ടമല്ലാത്ത രീതിയില്‍ പെരുമാറുക പോലും ചെയ്യും. എന്നാല്‍, അവരുടെ ഒരു സ്പര്‍ശം പോലും എത്ര ആശ്വാസമാണ് പകരുന്നതെന്ന് പലരും മനസിലാക്കാതെ പോകുന്നു. അതുകൊണ്ട് യുവജനങ്ങളേ, നിങ്ങള്‍ ഇനിയെങ്കിലും നിങ്ങളുടെ അമ്മമാരെ ഒന്ന് മുറുക്കെ കെട്ടിപ്പിടിക്കൂ. അവര്‍ക്ക് സ്‌നേഹത്തോടെ ഒരു മുത്തം നല്‍കൂ. അവര്‍ക്ക് നിങ്ങളോടുള്ള സ്‌നേഹവും വാത്സല്യവും പ്രകടിപ്പിക്കാനുള്ള അവസരവും കൊടുക്കൂ. നിങ്ങളില്‍ വലിയ സൗഖ്യം നിറയുന്നതായി അനുഭവപ്പെടും. തീര്‍ച്ച.

2. സംശയങ്ങള്‍ ചോദിക്കൂ, സംസാരിക്കൂ…

കുട്ടിക്കാലത്ത് ഓരോരോ സംശയങ്ങള്‍ ചോദിച്ച് അമ്മമാരെ വട്ടംകറക്കുന്നവരാണ് എല്ലാവരും. പിന്നീട് വളരുമ്പോള്‍ അവരോട് മിണ്ടാന്‍ പോലും മടിക്കുന്നവരുണ്ട്. അതുകൊണ്ട്, ഒരു കൊച്ചുകുട്ടിയെപ്പോലെ അവരുടെ പിന്നാലെ നടന്ന് എന്തെങ്കിലുമൊക്കെ ചോദിക്കൂ. അവരോട് മനസ് തുറന്ന് സംസാരിക്കൂ… നിങ്ങള്‍ക്കും അവര്‍ക്കും അത് വലിയ ആശ്വാസം പകരും.

3. ഉപദേശം സ്വീകരിക്കൂ

പക്വതയായി എന്ന് തോന്നിയാല്‍ പല യുവജനങ്ങളും വേറാരോടെല്ലാം ഉപദേശവും അഭിപ്രായവും തേടിയാലും അമ്മമാരോട് ഒരു കാര്യത്തിലും അഭിപ്രായം തേടാറില്ല. എന്നാല്‍, ഇനി അതിനൊരു മാറ്റം വരുത്തി നോക്കൂ. അവരുടെ ഉപദേശം അനുസരിച്ച് നിങ്ങള്‍ ചെയ്യുന്ന കാര്യം ഒരിക്കലും നിങ്ങളെ നാശത്തിലോ പരാജയത്തിലോ എത്തിക്കില്ല. തീര്‍ച്ച.

4. അവഗണിക്കാതിരിക്കാം

അമ്മമാര്‍ക്ക് അവരുടെ മക്കള്‍ എപ്പോഴും കുട്ടികളാണ്. അതുകൊണ്ടു തന്നെ വീട്ടില്‍ നിന്ന് ഇറങ്ങുന്ന നേരം മുതല്‍ തിരിച്ചെത്തുന്നതു വരെ ഫോണ്‍കോളുകളിലൂടെയും മെസേജുകളിലൂടെയും അവര്‍ നിങ്ങളെ ‘ശല്യപ്പെടുത്തി’യെന്നിരിക്കും. പലപ്പോഴും അത് അവഗണിക്കുകയാവും പതിവ്. എന്നാല്‍, മേലില്‍ അവയ്ക്ക് ക്ഷമയോടെ മറുപടി നല്‍കി നോക്കൂ. അതുവഴി നിങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ലല്ലോ, അവര്‍ക്ക് തെല്ലാശ്വാസമല്ലാതെ.

5. നല്ല വാക്ക് പറയുക

വീടിനും കുടുംബാംഗങ്ങള്‍ക്കും വേണ്ടി എല്ലാ കാര്യങ്ങളും ഏറ്റവും മനോഹരമായി ചെയ്യുന്ന ഒരു കൂട്ടരാണ് അമ്മമാര്‍ എന്ന് മനസിലാക്കി വല്ലപ്പോഴുമെങ്കിലും ചെയ്യുന്ന കാര്യങ്ങളുടെ പേരില്‍ ഒരു നല്ല വാക്ക് പറയാം. അതില്‍ നിന്ന് അവര്‍ക്ക് ലഭിക്കുന്ന സന്തോഷവും ആത്മവിശ്വാസവും വിവരണാതീതമാണ്.