മാതാക്കളുടെ അർപ്പണമനോഭാവവും ജീവിതവിശുദ്ധിയും പുതിയ തലമുറ മാതൃകയാക്കണം: മാർ ജേക്കബ് മുരിക്കൻ

അമ്മമാരുടെ അർപ്പണമനോഭാവവും ജീവിതവിശുദ്ധിയും പുതിയ തലമുറ മാതൃകയാക്കണമെന്ന് പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ. കോട്ടയം അതിരൂപതയുടെ അൽമായ വനിതാ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമൺസ് അസോസിയേഷൻ അതിരൂപതയിലെ വിസിറ്റേഷൻ സന്യാസിനീ സമൂഹത്തിന്റെ പങ്കാളിത്തത്തോടെ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച മാതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമ്മമാരുടെ ജീവിതവിശുദ്ധിയും പ്രാർത്ഥനാ തീക്ഷ്ണതയും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഡോ. മേഴ്‌സി ജോൺ അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നൽകി. വിസിറ്റേഷൻ സന്യാസിനി സമൂഹം അസിസ്റ്റന്റ് സുപ്പീരിയർ ജനറൽ സിസ്റ്റർ സുനിത എസ്.വി.എം മുഖ്യപ്രഭാഷണം നടത്തി. ചൈതന്യ കമ്മീഷൻസ് കോർഡിനേറ്റർ ഫാ. ബിജോ കൊച്ചാദംപള്ളിൽ, കെ.സി.വൈ.എൽ മലബാർ റീജിയൺ ചാപ്ലെയിൻ ഫാ. ബിബിൻ കണ്ടോത്ത് എന്നിവർ ആശംസകളർപ്പിച്ചു.

കെ.സി.ഡബ്ല്യു.എ അംഗങ്ങൾക്കായി സംഘടിപ്പിച്ച മെഗാ ക്വിസിൽ കരിങ്കുന്നം യൂണിറ്റിലെ ജിൻസി ലിജോ, ഏലിയാമ്മ മത്തായി എന്നിവർ ഒന്നാം സ്ഥാനവും സംക്രാന്തി യൂണിറ്റിലെ രാജി ജോസഫ്, സിനി ജയ് ജോൺ എന്നിവർ രണ്ടാം സ്ഥാനവും വാകത്താനം യൂണിറ്റിലെ ലൈസ സാജൻ, ബിജി മാത്യു എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഫാ. തോമസ് കരിമ്പുംകാലായിൽ, ഫാ. സൈജു പുത്തൻപറമ്പിൽ എന്നിവർ മെഗാക്വിസിന് നേതൃത്വം നൽകി. വിജയികൾക്ക് സമ്മേളനത്തോടനുബന്ധിച്ച് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച മാതാക്കളായ ഡോ. ബീന മാത്യു തെക്കുംപെരുമാലിൽ, ലിസി തോമസ് കണ്ടോത്ത്, കേണൽ ത്രേസ്യാമ്മ ജെയിംസ് ഇലവുമുറിയിൽ, രഞ്ജിനി ഷാജൻ കൊടുന്തനാംകുന്നേൽ, ഷേർളി മിലൻ പടിക്കപ്പറമ്പിൽ എന്നിവരെ ആദരിച്ചു.

അവബോധന ക്ലാസ്സും കലാപരിപാടികളും മത്സരങ്ങളും സംഗമത്തോടനുബന്ധിച്ച് നടത്തപ്പെട്ടു. കെ.സി.ഡബ്ല്യു.എ അതിരൂപതാ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി. അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള നൂറുകണക്കിന് കെ.സി.ഡബ്ല്യു.എ പ്രവർത്തകർ സംഗമത്തിൽ പങ്കെടുത്തു.