അമ്മ വിചാരങ്ങൾ: 03

“മറിയമേ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു.” പരിശുദ്ധാത്മാവിന്റെ പുല്ലാങ്കുഴൽ (Flute of the Spirit) എന്നറിയപ്പെടുന്ന അന്ത്യോഖ്യൻ സഭാപിതാവ് സരൂഗിലെ ജേക്കബിന്റെ (Jacob of Sarug c. 451-521) മറിയത്തെക്കുറിച്ചുള്ള കീർത്തനമാണ് ഇന്നത്തെ അമ്മവിചാരം. പരിശുദ്ധ മറിയവും ഈശോയും തമ്മിലുള്ള ആത്മബന്ധവും ആ സ്നേഹബന്ധം നമ്മുടെ ജീവിതങ്ങളിൽ തരുന്ന ഫലങ്ങളുമാണ് ഈ കീർത്തനത്തിന്റെ ഇതിവൃത്തം.

മറിയമേ, നീ ഭാഗ്യവതി. നിന്റെ പവിത്രമായ ആത്മാവും അനുഗ്രഹീതം. നിന്റെ ഭാഗ്യം എല്ലാ അനുഗ്രഹങ്ങൾക്കും അപ്പുറമാണ്. നിന്നിൽ നിന്നു ജനിച്ചവൻ, നിന്റെ കരങ്ങളിൽ പിടിച്ചവൻ, ശിശുവായിരുന്നപ്പോൾ നീ ചുംബിച്ചവൻ, തന്റെ വചനത്താൽ യുഗങ്ങളുടെ രഹസ്യങ്ങളെ മുറുകെപ്പിടിച്ചവനാണ്. ആരിൽ നിന്നാണോ ഈ പ്രവാസഭൂമിയിൽ രക്ഷകൻ അവതരിച്ചത്, അവൾ അനുഗ്രഹീതയാണ്. ആ രക്ഷകൻ പ്രലോഭകനെ മറികടന്ന് ലോകത്തിൽ സമാധാനം കൊണ്ടുവന്നു. സെറാഫീനുകൾ അവന്റെ പ്രഭയാൽ അവനെ നോക്കാൻ ധൈര്യപ്പെട്ടില്ല.

അവന്റെ ചുണ്ടുകളെ സ്പർശിച്ച വിശുദ്ധമായ അധരങ്ങളുള്ള മറിയമേ നീ ഭാഗ്യവതി. ജീവനുള്ള എല്ലാത്തിനും പ്രകാശത്തിന്റെയും ജീവന്റെയും ഉറവിടമായവൻ നിന്റെ വിശുദ്ധ മുലപ്പാൽ ആഹാരാക്കിയപ്പോൾ നീ ഭാഗ്യവതി. പ്രപഞ്ചം മുഴുവൻ നിന്റെ ഓർമ്മദിനത്തിൽ സ്തുതിഗീതങ്ങൾ ഉയിർക്കുമ്പോൾ മാലാഖമാരും മനുഷ്യരും നിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ മറിയമേ, നീ ഭാഗ്യവതി.

ദാരിദ്ര്യത്തിന്റെ പുത്രീ, നീ രാജാക്കന്മാരുടെ രാജാവിന്റെ മാതാവായി. ദരിദ്രലോകത്തിനു ജീവിക്കാൻ കഴിയുന്ന സമ്പത്ത് നീ നൽകി. നമ്മുടെ ശൂന്യമായ ഭവനത്തിലേക്ക് ഒരിക്കൽക്കൂടി സമ്പത്ത് വർഷിക്കുന്ന പിതാവിന്റെ നന്മകളും നിധികളും നിറഞ്ഞ മഹാനൗകയാണ് നീ.

പ്രാർത്ഥിക്കാം

പരിശുദ്ധ മറിയമേ, നമ്മുടെ കർത്താവ് വിശ്രമം കണ്ടെത്തുകയും തന്റെ നിധികളെല്ലാം അളവു കൂടാതെ നിക്ഷേപിക്കുകയും ചെയ്ത തിരഞ്ഞെടുക്കപ്പെട്ട സ്ത്രീയാണല്ലോ നീ. അതിനാൽ ലോകം മുഴുവനും ലോകത്തിന്റെ രക്ഷ ആരംഭിച്ച നിന്റെ പരിശുദ്ധമായ ഗർഭപാത്രത്തെ ദൈവത്തിന്റെ ആലയമായി ബഹുമാനിക്കുന്നു (വി. ബെർണാഡ്).

ദൈവമേ, നിന്റെ അമ്മയെ എന്റെയും മാതാവായി സ്വീകരിക്കാനും ബഹുമാനിക്കാനും എന്നെ പഠിപ്പിക്കണമേ. അങ്ങനെ ഈശോയുടെ മനുഷ്യവതാരത്തിന്റെ ഫലങ്ങൾ ഞാനും പുറപ്പെടുവിക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.