യുദ്ധം ഒഴിവാക്കുന്നതിനായി കഠിനാധ്വാനം ചെയ്യണം! 1991 ല്‍ വി. മദര്‍ തെരേസ എഴുതിയ കത്ത് ഇന്നും പ്രസക്തം

ഇറാഖ് യുദ്ധകാലത്ത് യുദ്ധം ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിച്ച് യു.എസ് പ്രസിഡന്റ് ജോര്‍ജ് ബുഷിനും ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനും കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ 1991ല്‍ അയച്ച കത്ത് ഇന്നും പ്രസക്തമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയും നിരന്തരം ആഹ്വാനം ചെയ്യുന്ന ഒന്നുകൂടിയാണ് സമാധാനം സ്ഥാപിക്കുക എന്നത്. മദര്‍ തെരേസയുടെ കത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇപ്രകാരമാണ്…

പ്രിയപ്പെട്ട പ്രസിഡന്റ് ജോര്‍ജ് ബുഷിനും പ്രസിഡന്റ് സദ്ദാം ഹുസൈനും,

ഞാന്‍ ഹൃദയം നൊന്തും നിറഞ്ഞ ദൈവസ്‌നേഹത്തോടെയും ദരിദ്രര്‍ക്കുവേണ്ടി യാചിച്ചുകൊണ്ടാണ് ഇതെഴുതുന്നത്. യുദ്ധത്തിന്റെ ഭീകരതയും ഭീതിയുംമൂലം ദരിദ്രരായിത്തീര്‍ന്നവര്‍ക്കുവേണ്ടി ഞാന്‍ അപേക്ഷിക്കുകയാണ്. യുദ്ധം ഒഴിവാക്കുന്നതിന് കഠിനാധ്വാനം ചെയ്യണമെന്നും ദൈവത്തിന്റെ സമാധാനത്തിനുവേണ്ടി പരസ്പരം അനുരഞ്ജനപ്പെടണമെന്നും ഹൃദയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു. തര്‍ക്കം പറഞ്ഞൊതുക്കുക. വൈരം അവസാനിപ്പിച്ച് ഐക്യത്തിലെത്തുക.

യുദ്ധത്തിന് ഇരുകൂട്ടര്‍ക്കും നിങ്ങളുടെ ജനത്തിനുവേണ്ടി നിങ്ങളുടേതായ ന്യായങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ ആദ്യം ശ്രദ്ധിക്കേണ്ടത് സമാധാനം എന്തെന്ന് പഠിപ്പിക്കാന്‍ ലോകത്തിലേക്ക് വന്നവന്റെ സ്വരമാണ്. ഇരുകൂട്ടര്‍ക്കും അധികാരവും ശക്തിയുമുണ്ട്. എന്നാല്‍ ദൈവത്തിന്റെ പ്രതിഛായയായ സ്ത്രീപുരുഷന്മാരെയും കുട്ടികളെയും ഓര്‍മിക്കുക.

ദയവായി ദൈവേഷ്ടം എന്തെന്ന് ശ്രദ്ധിച്ചാലും. ദൈവം നമ്മളെ സൃഷ്ടിച്ചിരിക്കുന്നത് സ്‌നേഹത്താലാണ്. സ്‌നേഹിക്കപ്പെടാനാണ്. നമ്മുടെ ശത്രു വഴി നശിപ്പിക്കപ്പെടാനല്ല. യുദ്ധത്തില്‍ താല്‍ക്കാലികമായി വിജയികളും പരാജിതരും ഉണ്ടാകും. എന്നാല്‍ ഭീതിയോടെമാത്രം മനസ്സിലാക്കാന്‍ കഴിയുന്ന യുദ്ധം അത് സഹനത്തെയും വേദനയെയും ന്യായീകരിക്കില്ല.

നിങ്ങളുടെ മാരകായുധങ്ങള്‍മൂലം നഷ്ടപ്പെടുന്ന മനുഷ്യജീവിതങ്ങളുടെ അവസ്ഥ ആര്‍ക്ക് ന്യായീകരിക്കാന്‍ കഴിയും?

എന്ന്,

മദര്‍ തെരേസ