ജപമണികളിലൂടെ അമ്മമറിയത്തോടൊപ്പം: ഏഴാം ദിവസം

ജിൻസി സന്തോഷ്

പിതൃഭവനത്തിലേക്കുള്ള (ജറുസലേം ദേവാലയത്തിലേക്ക്) ഈശോയുടെ ആദ്യത്തെ കാൽവയ്പ്പ്; മകന്റെയും അമ്മയുടെയും. രണ്ടു സമർപ്പണങ്ങൾ. പരിശുദ്ധ അമ്മയുടെ നിർമ്മലകരങ്ങളാൽ പിതൃഭവനത്തിലേക്ക് ആനയിക്കപ്പെട്ട ദൈവപുത്രൻ. മനുഷ്യവർഗം മുഴുവനും മറിയംവഴി ഈശോയിലേക്ക്. സമർപ്പണപരമ്പരയുടെ ആദ്യദളം.

യേശുവിന്റെ വളർച്ചയുടെ പടവുകളിൽ മറിയം അവനെ കൈപിടിച്ചുനടത്തി. അവൾ ദരിദ്രയും (ലൂക്കാ 2:24) അഭയാർഥിയും (മത്തായി 2:13) ആയിരുന്നപ്പോഴും മകനുവേണ്ടി എത്രമാത്രം ത്യാഗമനുഭവിച്ചിട്ടുണ്ടാകണം. മനുഷ്യന്റെ സ്വപ്നങ്ങളൊക്കെ പരിമിതങ്ങളാണ്; ദൈവത്തിന്റെ സ്വപ്നങ്ങളോ അപരിമിതങ്ങളും. ആ ദൈവികസ്വപ്നസാക്ഷാത്ക്കാരത്തിന് നമ്മെയും മക്കളെയും സമർപ്പിക്കണം. മറിയം അതാണ് ചെയ്തത്. ദൈവപിതാവിന്റെ സ്വപ്നങ്ങൾക്കനുസരിച്ച്, തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അവൾ അവസാനംവരെയും പരിശ്രമിച്ചു.

സ്വർഗരാജ്യത്തിന്റെ പ്രഘോഷണമാണ് നമ്മിൽ നിക്ഷിപ്തമായ ദൗത്യം. ജീവിതത്തിലെ ഏതു നിസ്സാരപ്രവൃത്തിപോലും ഈ ദൗത്യത്തെ നാം ഉൾക്കൊണ്ടിട്ടുണ്ടോ എന്ന് ലോകത്തോട് ഉദ്ഘോഷിക്കുന്നു. ജീവിതത്തിലെ അവഗണിക്കപ്പെടാവുന്ന അനുഭവങ്ങളിൽ പോലും ഈ ദൗത്യത്തിന്റെ കനൽ കിടപ്പുണ്ട്. ചിലർ അതിനെ ചികഞ്ഞെടുത്ത് ഊതിക്കത്തിക്കുന്നു. മറ്റുചിലർ മുകളിൽ ഇനിയും ചാരംമൂടിയിട് അവഗണനയുടെ മരുഭൂമി തീർത്ത് ഹൃദയത്തിലെ സ്വർഗീയദൗത്യത്തെ മറന്നുകളയുന്നു. ‘മറവി’ സോദോമിന്റെ അവസ്ഥയിലേക്ക്
നിലംപതിക്കുന്നു. പകരക്കാരനാകേണ്ടവൻ അധഃപതിക്കുന്ന കാഴ്ച സ്വർഗത്തിന്റെ കണ്ണീരായി മാറും.

“സുവിശേഷമായാലേ സുവിശേഷമേകാനാകൂ.”

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.