ജപമണികളിലൂടെ അമ്മമറിയത്തോടൊപ്പം: എട്ടാം ദിവസം

ജിൻസി സന്തോഷ്

വരാനിരിക്കുന്ന രക്ഷകനെ കാണാൻ കണ്ണുംനട്ടിരിക്കുന്ന ശെമയോനും അന്നയും! ഇരുപ്രവാചകരുടെയും കാത്തിരിപ്പിന്റെ സാഫല്യം. ഉപവാസത്തിലും  പ്രാർഥനയിലും ചെലവിട്ട അനേക വർഷങ്ങൾ. വിശ്വാസത്തിലും പ്രത്യാശയിലും സ്ഥിരതയും ദൃഢതയും കാത്തുസൂക്ഷിച്ചതിന്റെ പ്രതിസമ്മാനം.

അസാധാരണത്വങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും, പരിവേഷമണിയാത്ത പൈതലായിരുന്നിട്ടും ലോകരക്ഷകനെന്ന തിരിച്ചറിവ്, രക്ഷക ദർശനം.

സമർപ്പിത കന്യകയ്ക്ക് ‘വ്യാകുലവാൾ,’ മകനെ സമർപ്പിച്ചവൾക്ക് ‘പ്രവചനവാൾ,’
33 വർഷം മകനൊപ്പം നിഴലായി, എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചൊതുക്കിയും ധ്യാനിച്ച് സ്വാംശീകരിച്ചും സഹരക്ഷകയായി മറിയം.

സ്നേഹത്തിന്റെ പുതിയ തത്ത്വശാസ്ത്രം നമുക്കു മുൻപിൽ വിളമ്പി, പ്രതിസ്നേഹം ആശിക്കാതെ, ജീവിതം ഒരു നിറബലിയായി സമർപ്പിച്ച് തന്റെ പുത്രനെ സ്നേഹിച്ച  അതേ തീവ്രതയോടെ എന്നെയും നിന്നെയും സ്നേഹിച്ച് അമ്മമറിയം ഇന്നും മനുഷ്യരക്ഷയ്ക്കു വേണ്ടി ‘വ്യാകുലവാൾ’ ഹൃദയത്തിൽ സംവഹിക്കുന്നു.

എല്ലാവരും ഉറങ്ങുന്ന രാത്രിയിൽ ഉണർന്ന് ഒറ്റയ്ക്കിരുന്ന് തേങ്ങുന്ന അമ്മമാരുടെ മിഴിനീർ ദൈവം ശേഖരിച്ചുവയ്ക്കുന്നു. കാരണം, എല്ലാം കവർച്ച ചെയ്യപ്പെടുന്ന  കാലത്തിന് ഇനിയും കൈമോശം വരാത്ത നന്മയുടെ അവസാനശേഷിപ്പാണത്.

ഹൃദയം പിളരുന്ന അമ്മയുടെ കണ്ണീർപ്രാർഥനകൾ മക്കളുടെ വഴികളിൽ അനുഗ്രഹമായി മാറും. ആദിമാതാവ് ഹവ്വായിൽ നിന്ന് അത് ആരംഭിക്കുന്നു. കാൽവരി യാത്രയിൽ ഓർശ്ലേം അമ്മമാർക്ക് ക്രിസ്തു കൈമാറിയ ഒടുവിലത്തെ ആശംസയും മറ്റൊന്നുമായിരുന്നില്ല, “നിങ്ങൾ കരയുക; നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുക.”

പരിശുദ്ധ അമ്മയെപ്പോലെ എല്ലാ അമ്മമാരുടെയും പവിത്ര നിയോഗമാണത്. മക്കൾക്കു വേണ്ടി ഹൃദയത്തിൽ വ്യാകുലതയുടെ വാൾ സൂക്ഷിക്കുന്നവരാകുക. കടലോളം കണ്ണീരോടെ കർത്തൃസന്നിധിയിൽ കരം ഉയർത്താൻ ഒരമ്മയുണ്ടാവുക എന്നതാണ് മക്കളുടെ ഏറ്റവും വലിയ ഭാഗ്യം.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.