
“കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ തങ്ങളെ കാണാൻ വരുമ്പോൾ തങ്ങൾ എന്ത് സമ്മാനം നൽകും?” സെപ്റ്റംബർ 26 ന് ഫ്രാൻസ് സന്ദർശനത്തിന്റെ ഭാഗമായി മാർപാപ്പ ഇൻസ്റ്റിറ്റ്യൂട്ട് കാത്തോലിക് ഡി പാരിസിലെത്തുന്ന വേളയിൽ അവിടത്തെ വൈദികരുടെ സംശയവും ആശങ്കയും ഇതായിരുന്നു. എന്നാൽ, അതിന് അവർ അതിമനോഹരമായ ഒരു ഉത്തരം കണ്ടെത്തി. ആ ഉത്തരം, ആ സമ്മാനം പാപ്പയുടെ കണ്ണുകളെ വിസ്മയിപ്പിച്ചു, മനസ്സ് നിറച്ചു.
അവർ പാപ്പയ്ക്ക് ഒരു പുസ്തകം സമ്മാനിച്ചു. മാർപാപ്പയെ വിസ്മയിപ്പിച്ച ആ സമ്മാനമായിരുന്നു, പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ‘ബ്രദർ ലോറൻസ് ഓഫ് ദി റെസറക്ഷൻ’ എന്ന കർമലീത്താ സന്ന്യാസിയുടെ എഴുത്തുകളുടെ ആദ്യപതിപ്പ്. 1694 ൽ പ്രസിദ്ധീകരിച്ച, ഏകദേശം 332 വർഷം പഴക്കമുള്ള ഒരു പുസ്തകം! തന്റെ കൈകളിലിരിക്കുന്ന പുസ്തകത്തിന്റെ മൂല്യവും പഴക്കവും തിരിച്ചറിഞ്ഞ നിമിഷം മാർപാപ്പയുടെ മുഖത്തുണ്ടായ ആശ്ചര്യവും പുഞ്ചിരിയും, അത് തനിക്ക് എത്രത്തോളം വിലപ്പെട്ടതാണെന്ന് വിളിച്ചുപറയുന്നതായിരുന്നു.
ഈ പുസ്തകം തിരഞ്ഞെടുക്കാൻ വൈദികരെ പ്രേരിപ്പിച്ചത് ലെയോ പതിനാലാമൻ പാപ്പയുടെ ആത്മീയജീവിതത്തെ ആഴത്തിൽ സ്വാധീനിച്ച ഒരു വ്യക്തിയായിരുന്നു അദ്ദേഹം എന്നതായിരുന്നു. ഒരിക്കൽ ആന്തരിക ജീവിതത്തെയും ചിന്തകളെയും കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുന്ന പുസ്തകങ്ങൾ ഏതൊക്കെയാണെന്ന് പാപ്പയോട് ചോദിച്ചപ്പോൾ, ബ്രദർ ലോറൻസിന്റെ ‘ദി പ്രാക്ടീസ് ഓഫ് ദി പ്രസൻസ് ഓഫ് ഗോഡ്’ എന്ന പുസ്തകത്തെക്കുറിച്ചാണ് പാപ്പ സംസാരിച്ചത്. തന്നെയുമല്ല, ഈ പുസ്തകത്തിന് വളരെയേറെ പ്രത്യേകതയും ഉണ്ടായിരുന്നു. പാരീസിലെ ഡിസ്കാൽസ്ഡ് കർമലീത്താക്കാരുടെ ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന ഈ പുസ്തകം 1694 ൽ പ്രസിദ്ധീകരിച്ചതും ബ്രദർ ലോറൻസിന്റെ എഴുത്തുകളുടെ ആദ്യത്തെ പുസ്തകത്തിൽപെട്ടതും ആയിരുന്നു.
ഈ സമ്മാനം വളരെ അനുയോജ്യമായി തിരഞ്ഞെടുക്കപ്പെട്ട ഒന്നാണെന്ന് തെളിയിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ടായിരുന്നു. ബ്രദർ ലോറൻസ് പതിറ്റാണ്ടുകളോളം ജീവിച്ച പഴയ കർമലീത്താ ആശ്രമത്തിന്റെ ഒരു ഭാഗത്താണ് ‘ഇൻസ്റ്റിറ്റ്യൂട്ട് കാത്തോലിക്’ ഇന്ന് സ്ഥിതിചെയ്യുന്നത്. അതിനാൽ തന്നെ ഈ സമ്മാനം കൈമാറിയ സ്ഥലവും വളരെ പ്രത്യേകത നിറഞ്ഞതായിരുന്നു. സമ്മാനം സ്വീകരിച്ച ശേഷം, ബ്രദർ ലോറൻസിനെക്കുറിച്ച് മാർപാപ്പ പറഞ്ഞത്, “എന്റെ ദൈനംദിന ജീവിതത്തിലെ ആത്മീയതയിലൂടെ എന്റെ വിശ്വാസയാത്രയെ ആഴത്തിൽ സ്വാധീനിച്ച വ്യക്തി” എന്നാണ്.
1614 ൽ ജനിച്ച ബ്രദർ ലോറൻസ്, പാരിസിലെ കർമലീത്താ മഠത്തിൽ ചേരുന്നതിനു മുൻപ് ഒരു സൈനികനായിരുന്നു. ആശ്രമത്തിലെത്തിയ ശേഷം തന്റെ ജീവിതത്തിലെ ഭൂരിഭാഗം സമയവും അദ്ദേഹം പാചകക്കാരനായും പിന്നീട് ചെരുപ്പുകൾ അറ്റകുറ്റപ്പണി നടത്തുന്ന ആളായുമാണ് ജോലി ചെയ്തത്. ഈ ജീവിതത്തിനിടയിലാണ് അദ്ദേഹം പ്രാർഥനയിലായിരിക്കുമ്പോഴും ദിവസേനയുള്ള സാധാരണ ജോലികളിൽ മുഴുകിയിരിക്കുമ്പോഴും ദൈവസാന്നിധ്യം അനുഭവിച്ചറിയുക എന്ന ലളിതമായ ജീവിതശൈലി രൂപപ്പെടുത്തിയത്.




