പാപ്പയ്‌ക്കൊപ്പം പ്രാർഥനയിൽ പങ്കുചേരാൻ കിലോമീറ്ററുകൾ താണ്ടി അവർ ഒത്തുകൂടി: ഇത് ബൊളീവിയയിലെ കുഞ്ഞുങ്ങളുടെ സമർപ്പണം

നദി ജീവിതത്തിന്റെ താളം നിർണ്ണയിക്കുന്ന സ്ഥലം. അതിനിടയിൽ ഒരു വീട്ടിൽ നിന്നും അടുത്ത വീട്ടിലേക്ക് നടന്നെത്താൻ കുറഞ്ഞത് ഒരു മണിക്കൂറിൽ അധികം സമയം എടുക്കും. ബൊളീവിയൻ ആമസോൺ മഴക്കാടുകളിൽ പരമ്പരാഗത ജീവിതരീതി നയിക്കുന്ന ഒരു തദ്ദേശീയ ജനവിഭാഗമായ സിമാനെ ഗോത്രവർഗക്കാർ കടന്നുപോകുന്നത് ഇത്തരം പരിമിതമായ സാഹചര്യങ്ങളിലൂടെയാണ്. ഈ പരിമിതികളെ അതിജീവിച്ച് ഇവിടുത്തെ ഒരു ഡസനോളം വരുന്ന കുട്ടികൾ ഒക്ടോബർ 1 മുതൽ 7 വരെ ലെയോ പതിനാലാമൻ പാപ്പ ആഹ്വാനം ചെയ്ത സമാധാനത്തിനായുള്ള ജപമാല പ്രാർഥനയിൽ പങ്കുചേർന്നു.

റെയസ് അപ്പസ്തോലിക് വികാരിയറ്റിന് കീഴിലുള്ള ചിമാനെ പ്രദേശത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഫാത്തിമ മിഷനിൽ നിന്ന് സിസ്റ്റർ പട്രീഷ്യ അലക്സാന്ദ്ര ബോട്ടെല്ലോ ലോപ്പസ് എന്ന സന്ന്യാസിനിക്ക് ഒപ്പമാണ് ഈ കുട്ടികൾ ലോകസമാധാനത്തിനായുള്ള പ്രാർഥനയിൽ പങ്കെടുത്തത്. “ഇത് നഗരങ്ങളിൽ നിന്നും മറ്റു സമൂഹത്തിൽ നിന്നും വളരെ ഒറ്റപ്പെട്ട ഒരു പ്രദേശമാണ്. ഈ കുട്ടികൾക്ക് ഇതിനപ്പുറം മറ്റൊരു ലോകമുള്ളതായി സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നാണ് എനിക്ക് തോന്നുന്നത്; അവർക്ക് ഈ നദിയാണ് എല്ലാം. അവരുടെ ജീവിതം തുടങ്ങുന്നതും അവസാനിക്കുന്നതും ഈ നദിയിലാണ്”- സിസ്റ്റർ പട്രീഷ്യ അവരുടെ സാഹചര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്നു.

അവർ ക്രിസ്തുവിനെക്കുറിച്ച് അറിഞ്ഞു വരുന്നതേയുള്ളൂ, അതിനാൽ ലോകമെമ്പാടുമുള്ള മറ്റ് കുട്ടികളോടൊപ്പം ചേർന്ന് പ്രാർഥിക്കുക എന്നാൽ എന്താണെന്ന് അവർക്ക് ഇതുവരെ പൂർണ്ണമായി മനസ്സിലായിട്ടില്ല. എന്നാൽ പ്രാർഥിക്കാൻ അവരെ ക്ഷണിച്ചപ്പോൾ അവർ വളരെ സന്തോഷത്തോടെ ആ ക്ഷണം സ്വീകരിക്കുകയായിരുന്നു. മാർപാപ്പ എന്ന പദവി പോലും അവർക്ക് ഇപ്പോഴും അപരിചിതമാണെന്ന് സിസ്റ്റർ ഓർക്കുന്നു. “ദൈവം ഈ ദൗത്യത്തിനായി തിരഞ്ഞെടുത്ത ആളാണ് ലെയോ പതിനാലാമൻ പാപ്പ എന്ന് വിശദീകരിക്കാൻ ഞാൻ അവർക്ക് അദ്ദേഹത്തിൻറെ ചിത്രം കാണിച്ചുകൊടുത്തു. പതുക്കെപ്പതുക്കെ അവർ കാര്യങ്ങൾ മനസ്സിലാക്കി വരുന്നുണ്ട്”- സിസ്റ്റർ കൂട്ടിച്ചേർത്തു.

ഹൃദയങ്ങളിൽ ദൈവത്തിന്റെ സ്വരം ശ്രവിക്കുന്നവർ

തങ്ങൾ ചൊല്ലുന്ന പ്രാർഥനകളുടെ ശരിയായ അർഥം അവർക്ക് അറിയില്ല. ഭാഷാപരമായ തടസ്സമാണ് തങ്ങൾ നേരിടുന്ന ഏറ്റവും വലിയ ഇടവകപരമായ വെല്ലുവിളികളിൽ ഒന്നെന്ന് സിസ്റ്റർ പട്രീഷ്യ പറയുന്നു. കുട്ടികൾ പലപ്പോഴും സ്പാനിഷ് ഭാഷയിൽ പ്രാർഥനകൾ ആവർത്തിക്കാറുണ്ടെങ്കിലും, അവയുടെ അർഥം പൂർണ്ണമായി മനസ്സിലാക്കാതെയാണ് പലപ്പോഴും ഇത് ചെയ്യാറുള്ളത്. അവരുടെ സിമാനെ ഭാഷ പൂർണ്ണമായും മനസ്സിലാക്കാൻ ഈ മിഷനറിക്കും കഴിഞ്ഞിട്ടില്ല. എങ്കിലും തന്നാൽ ആവും വിധം അവർക്ക് എല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ ഈ സന്ന്യാസിനി ശ്രമിക്കുന്നു.

നിലവിൽ സിമാനെ ഭാഷയിൽ കത്തോലിക്കാ പ്രാർഥനകൾ ഔദ്യോഗികമായി തർജ്ജമ ചെയ്യപ്പെട്ടിട്ടില്ല, അതിനാൽ കുട്ടികൾ സ്പാനിഷ് ഭാഷയിലുള്ള തങ്ങളുടെ അറിവ് പതുക്കെ വളർത്തിയെടുക്കുന്നതിനൊപ്പം സ്പാനിഷ് ഭാഷയിലാണ് പ്രാർഥനകൾ പഠിക്കുന്നത്. പ്രയാസങ്ങൾ ഉണ്ടെങ്കിലും, കുഞ്ഞുങ്ങൾ സുവിശേഷത്തെ വളരെ സന്തോഷത്തോടെ സ്വീകരിക്കുന്നുണ്ടെന്ന് മിഷനറി വ്യക്തമാക്കുന്നു. “പ്രാർഥിക്കുകയും വേദപാഠ ക്ലാസുകളിൽ പങ്കെടുക്കുകയും പള്ളിമണി കേട്ട് ഓടിയെത്തുകയും ചെയ്യുന്ന ഈ കുട്ടികളിൽ ഞാൻ കാണുന്ന പ്രധാന പ്രത്യേകത, അവർ തങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന്റെ ശബ്ദം കേൾക്കുന്നു എന്നതാണ്,” അവർ പറയുന്നു.

കുഞ്ഞുങ്ങളിലൂടെയുള്ള വിശ്വാസ കൈമാറ്റം

വൈദികരുടെ സ്ഥിര സാന്നിധ്യമില്ലാത്ത ഈ പ്രദേശത്ത്, വേദപാഠ ക്ലാസുകളിൽ പങ്കെടുക്കാൻ കുടുംബങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്. “അവരുടെ വീടുകൾ അടുത്തടുത്തല്ല സ്ഥിതി ചെയ്യുന്നത്. ഒരു വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് ചിലപ്പോൾ രണ്ട് മണിക്കൂർ നടക്കേണ്ടി വരാറുണ്ട്. അതാണ് അവരുടെ ജീവിതരീതി. അവർ ഒരിടത്ത് മാത്രം സ്ഥിരമായി താമസിക്കുന്നവരല്ല,” അവർ വിശദീകരിക്കുന്നു.

എങ്കിലും, കുട്ടികളുടെ ഭാഗത്തുനിന്നുള്ള പ്രതികരണം വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. “ഞാൻ കാണുന്ന പ്രധാനപ്പെട്ട ആത്മീയ മാറ്റം, ഞായറാഴ്ചകളിലെ വചനശുശ്രൂഷയിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടായ വർധനവാണ്. കൂടുതൽ കുട്ടികളും അവരുടെ മാതാപിതാക്കളും ദൈവവചനം കേൾക്കാനായി ഫാത്തിമ മിഷനിൽ ഒരുമിച്ചുകൂടുന്നുണ്ട്,” സിസ്റ്റർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.