
“അപ്പോള്‍ കര്‍ത്താവ് അവനോടു പറഞ്ഞു: ഫരിസേയരായ നിങ്ങള്‍ കോപ്പകളുടെയും പാത്രങ്ങളുടെയും പുറം കഴുകി വെടിപ്പാക്കുന്നു. നിങ്ങളുടെ അകമോ, കവര്‍ച്ചയും ദുഷ്‌ടതയും കൊണ്ട് നിറഞ്ഞിരിക്കുന്നു” (ലൂക്കാ 11:39).
ദശലക്ഷക്കണക്കിന് ജൂതരെ കൂട്ടക്കൊല ചെയ്യാൻ ഹിറ്റ്ലർ നിയോഗിച്ച നാസി ഉദ്യോഗസ്ഥർ അവരുടെ യോഗങ്ങളിലും ഒത്തുചേരലുകളിലും പെരുമാറ്റങ്ങളിൽ സൗകുമാര്യവും ഉപചാരശീലവും വച്ചുപുലർത്തിയിരുന്നു എന്ന് പറയപ്പെടുന്നു. ഇപ്രകാരം പെരുമാറ്റത്തിൽ മാന്യന്മാർ ആയിരുന്നെങ്കിലും അവർ ഹൃദയത്തിൽ ക്രൂരരും രക്തദാഹികളുമായ കൊലപാതകികളായിരുന്നു. അവർ അതിശക്തരായ കാപട്യക്കാരായിരുന്നു. അതുപോലെ, പരീശന്മാർ മതജീവിതത്തിന്റെ ബാഹ്യകാര്യങ്ങളിൽ വളരെ ശ്രദ്ധാലുക്കളായിരുന്നുവെങ്കിലും സത്തയിൽ ദുഷ്ടത നിറഞ്ഞവരായിരുന്നു.
നാടക കലയിലെ അഭിനേതാക്കൾ അഭിനയത്തിലൂടെ മറ്റുള്ളവരുടെ ചേഷ്ടകളെ അവതരിപ്പിക്കുന്നതുപോലെ, പരീശന്മാർ ഒരിക്കലും അവരിലെ യഥാർഥ വ്യക്തിയെ വെളിപ്പെടുത്തുന്നില്ല. ലൗകികതയെയും ആർഭാടത്തെയും ആശ്ലേഷിക്കുന്ന ഇന്നത്തെ ലോകം ബാഹ്യേന്ദ്രിയഗോചരമായ അഥവാ തൊലിപ്പുറത്തെ കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു സംസ്കാരത്തിന് പ്രാധാന്യം കൊടുക്കുന്നു.
എങ്ങനെ നല്ലവരാകണമെന്നതിൽ ശ്രദ്ധിക്കാതെ എങ്ങനെ മറ്റുള്ളവരുടെ മുന്നിൽ നല്ലവനായി പ്രത്യക്ഷപ്പെടാമെന്നതിനെക്കുറിച്ച് ആളുകൾക്ക് ഇപ്പോൾ നല്ല ബോധമുണ്ട്. സമൂഹം വ്യക്തികളെ വിലയിരുത്തുന്നത് വസ്ത്രധാരണം, സമ്പന്നത മുതലായവ പോലുള്ള ബാഹ്യകാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാൽ, ദൈവത്തിന്റെ കണ്ണുകൾ എപ്പോഴും ബാഹ്യമായതിനപ്പുറം ഹൃദയത്തിലേക്ക് നേരിട്ട് നോക്കുന്നവയാണ്. മറ്റുള്ളവർ തന്നിൽ എന്തു കാണും എന്നതല്ല, മറിച്ച് ദൈവം എന്നിൽ എന്തു കാണും എന്നതാണ് ദൈവമക്കളുടെ ആത്മീയതയുടെ അടിസ്ഥാനമാകേണ്ടത്. ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS




