ആഡംബര ജീവിതം ഉപേക്ഷിച്ച് ഇന്ത്യയിലെ ഉൾഗ്രാമത്തിൽ വെളിച്ചമായി മാറിയ സ്വിറ്റ്‌സർലൻഡുകാരി

​സ്വിറ്റ്‌സർലൻഡിലെയും ദുബായിലെയും സുഖലോലുപമായ ആഡംബര ജീവിതം ഉപേക്ഷിച്ച് ഇന്ത്യയിലെ ഒരു ഉൾഗ്രാമത്തിൽ സൗജന്യ സ്കൂൾ ആരംഭിച്ച സാന്ദ്ര ലാവി ഗോജ്കോവിച്ചിന്റെ (Sandra Lavie Gojkovic) ജീവിതം ഇന്ന് നിരവധി പേർക്ക് പ്രചോദനമാണ്. ​മിക്കവരും സ്വപ്നം കാണുന്ന തരത്തിലുള്ള ജീവിതമായിരുന്നു സാന്ദ്രയുടേത്.

സ്വിറ്റ്‌സർലൻഡിൽ വളർന്നു, മികച്ച വിദ്യാഭ്യാസം നേടി, ദുബായിൽ ഉയർന്ന ശമ്പളമുള്ള കോർപ്പറേറ്റ് ജോലി, ലോകം ചുറ്റിസഞ്ചരിക്കാനുള്ള അവസരം, സ്വന്തമായി മികച്ച ഫ്ലാറ്റും കാറും – അങ്ങനെ സാമ്പത്തിക വിജയത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും അവർ അനുഭവിച്ചിരുന്നു. എന്നാൽ ബോർഡ്രൂമുകളിലും എയർപോർട്ട് ലോഞ്ചുകളിലുമായി തിരക്കിട്ട് ജീവിക്കുമ്പോൾ അവരുടെ മനസ്സിൽ ഒരു ചോദ്യം ആവർത്തിച്ചുകൊണ്ടിരുന്നു. “മറ്റുള്ളവർക്ക് ഇത്രയധികം ബുദ്ധിമുട്ടുകൾ ഉള്ളപ്പോൾ എനിക്ക് മാത്രം എന്തുകൊണ്ട് ഇത്രയധികം സൗകര്യങ്ങൾ ലഭിച്ചു?” ഈ ഒറ്റ ചോദ്യം അവരുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു.

​വലിയ പ്ലാനുകളില്ലാതെ വെറും രണ്ട് ജോടി തുണികളുമായി ഇന്ത്യയിലേക്ക് ​പതിനഞ്ച് വർഷം മുമ്പ്, ചുറ്റുമുള്ളവരെ അദ്ഭുതപ്പെടുത്തിക്കൊണ്ട് സാന്ദ്ര തന്റെ കോർപ്പറേറ്റ് ജോലി രാജിവച്ചു. യാതൊരുവിധ മുൻകരുതലുകളും ഇല്ലാതെ കയ്യിൽ ലഗേജുകൾ ഒന്നുമില്ലാതെ അവർ ഇന്ത്യയിലേക്ക് ഒരു വിമാന ടിക്കറ്റ് എടുത്തു.

“ആദ്യം ഇന്ത്യ എനിക്ക് വലിയൊരു ചോദ്യമായിരുന്നു എങ്കിലും ഞാൻ അന്വേഷിച്ചിരുന്ന ലളിതമായ ജീവിതരീതിയും ജീവിത ലക്ഷ്യവും തിരിച്ചറിയാൻ അത് എനിക്ക് സഹായകമായി” സാന്ദ്ര പറയുന്നു.

​ആർഭാടങ്ങൾ എല്ലാം ഉപേക്ഷിച്ച് വെറും രണ്ട് ഷർട്ടുകളും രണ്ട് ജോടി ട്രൗസറുകളും മാത്രമെടുത്ത് അവർ ഇന്ത്യയിലേക്ക് വണ്ടി കയറി. പരിചിത മുഖങ്ങളോ മുൻകൂട്ടി നിശ്ചയിച്ച പ്ലാനുകളോ ഇല്ലാതെ ട്രെയിനിൽ ഇന്ത്യയൊട്ടാകെ ഒറ്റയ്ക്ക് യാത്ര ചെയ്തു.

“ജീവിതത്തിൽ ആദ്യമായി എനിക്ക് പൂർണ്ണ സ്വാതന്ത്ര്യം അനുഭവപ്പെട്ടു. കയ്യിൽ വളരെ കുറഞ്ഞ കാര്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും എന്നത്തേക്കാളും കൂടുതൽ സന്തോഷം എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു” അവർ ഓർക്കുന്നു.

​ഗ്രാമങ്ങളിൽ നിന്ന് മാറ്റങ്ങൾ തുടങ്ങുന്നു

​തുടക്കത്തിൽ നിലവിലുള്ള സംഘടനകൾക്ക് സാമ്പത്തികമായി സഹായിക്കുക മാത്രമായിരുന്നു ലക്ഷ്യമെങ്കിലും പിന്നീട് സാമ്പത്തിക അഴിമതികളും മറ്റും കാരണം പല പദ്ധതികളും പരാജയപ്പെടുന്നതായി അവർ കണ്ടു. അതോടെ സ്വന്തമായി തികച്ചും സുതാര്യവും ജനങ്ങളുടെ യഥാർഥ ആവശ്യങ്ങൾക്ക് അനുയോജ്യവുമായ ഒരു സംരംഭം തുടങ്ങാൻ അവർ തീരുമാനിച്ചു.

​നഗരങ്ങളിലേക്ക് കുടിയേറുന്നതിന് പകരം ഗ്രാമങ്ങളിൽ നിന്ന് തന്നെ മാറ്റങ്ങൾ തുടങ്ങണമെന്ന് അവർ മനസ്സിലാക്കി. അങ്ങനെ പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിലെ ഉൾപ്രദേശങ്ങളിൽ എത്തിച്ചേർന്ന അവർ, ഗ്രാമവാസികളുമായി സംസാരിച്ച് അവരുടെ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് ചോദിച്ചറിഞ്ഞു. ഗ്രാമങ്ങളിൽ നേരിട്ട് വീടുകൾ കയറിയിറങ്ങി കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ മാതാപിതാക്കളെ ബോധവൽക്കരിച്ചു.

​ഇന്നത്തെ ലക്ഷ്യം

​ഇന്ന് സാന്ദ്രയുടെ സംഘടന അഞ്ച് ക്ലാസുകളിലായി 150 -ഓളം കുട്ടികൾക്ക് സൗജന്യ പ്രാഥമിക വിദ്യാഭ്യാസം നൽകുന്നുണ്ട്. കൂടാതെ ഗവൺമെന്റ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ട്യൂഷൻ സഹായവും പോഷകാഹാരവും ഉറപ്പാക്കുന്നു. സ്ത്രീകളെ സാമ്പത്തികമായി സ്വതന്ത്രരാക്കുന്നതിനായി തയ്യൽ പരിശീലനവും നൽകിവരുന്നു. ഗാർഹിക പീഡനം, ബാല്യകാല വിവാഹം, മനുഷ്യക്കടത്ത് എന്നിവയ്‌ക്കെതിരെ ബോധവൽക്കരണം നടത്തുന്നതോടൊപ്പം വിദ്യാഭ്യാസം മാത്രമാണ് ദാരിദ്ര്യത്തിന്റെ ചക്രവ്യൂഹത്തെ തകർക്കാനുള്ള ഏക വഴിയെന്നും അവർ വിശ്വസിക്കുന്നു.

​വസ്തുവകകളും പണവും താൽക്കാലികമായ ആശ്വാസം മാത്രമേ തരൂ എന്നും മറ്റുള്ളവരെ സഹായിക്കുന്നതിലൂടെയാണ് യഥാർഥ സംതൃപ്തി ലഭിക്കുന്നതെന്നും സാന്ദ്ര ലാവിയുടെ ജീവിതം തെളിയിക്കുന്നു. താൻ ജീവിച്ചിരിക്കുന്ന കാലത്തോളം ഈ ജീവകാരുണ്യ പ്രവർത്തനം തുടരുമെന്നാണ് അവർ പറയുന്നത്.

സീനിയ എൽസ ഇഗ്‌നേഷ്യസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.