“അമ്മ എന്നെ ഉപേക്ഷിക്കുകയില്ല എന്ന് ഉറപ്പായിരുന്നു”: വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തിയ രോഗശാന്തിയുടെ സാക്ഷ്യം

“വൈദ്യശാസ്ത്രം അപ്പോഴും രക്ഷപെടുവാൻ അഞ്ചു ശതമാനം മാത്രമാണ് സാധ്യത പറഞ്ഞത്. പക്ഷെ എനിക്ക് ഉറപ്പായിരുന്നു അമ്മയ്ക്ക് അത്ഭുതം പ്രവർത്തിക്കുവാൻ കഴിയും എന്ന്” എല്ലാ പ്രതീക്ഷയാണ് അസ്തമിച്ചപ്പോഴും അമ്മ പറഞ്ഞാൽ ഈശോ കേൾക്കും എന്ന് ഉറച്ചു വിശ്വസിച്ച ഒരു വീട്ടമ്മയുടെ വാക്കുകളാണ് ഇത്. ആ വിശ്വാസമാണ് അവരുടെ ഭർത്താവിനെ മരണത്തിൽ നിന്നും ജീവനിലേക്കു കൈപിടിച്ച് നടത്തിയത്. ഡോക്ടർമാർ പോലും അത്ഭുതം എന്ന് അടിവരയിട്ടു പറഞ്ഞ ആ അത്ഭുതത്തിന്റെ സാക്ഷ്യം നമുക്ക് വായിക്കാം…

1991 ഡിസംബർ മാസത്തിൽ കാലിഫോർണിയയിലെ ബർബാങ്കിലെ സെന്റ് ഫിൻബാർ പള്ളിയിൽ ഗുഡലുപ്പേ മാതാവിന്റെ തിരുന്നാൾ ആഘോഷം നടക്കുകയാണ്. അന്ന് നൊവേന മദ്ധ്യേ വണങ്ങുന്നതിനായി മാതാവിന്റെ തിരുശേഷിപ്പും ദേവാലയത്തിൽ പ്രതിഷ്ടിച്ചിരുന്നു. മാതാവിന്റെ വസ്ത്രത്തിന്റെ ഒരു ചെറിയ കഷ്ണം ആയിരുന്നു തിരുശേഷിപ്പായി ആ ദേവാലയത്തിൽ സ്ഥാപിച്ചത്.

ആയിരക്കണക്കിന് ആളുകൾ മാതാവിന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനും പ്രാർത്ഥിക്കുന്നതിനുമായി അവിടെ ഉണ്ടായിരുന്നു. വർഷങ്ങൾ കഴിഞ്ഞു. അവിടെ വരുന്ന ഭക്തരുടെ എണ്ണത്തിൽ കുറവൊന്നും ഉണ്ടായിരുന്നില്ല. അവരുടെ കൂട്ടത്തിൽ ആല്മ എന്ന വീട്ടമ്മയും. മാതാവിനോട് ആഴമായ ഭക്തിയുണ്ടായിരുന്ന അവൾ ഹൃദയം തകർന്നു കരഞ്ഞു നിലവിളിക്കുകയായിരുന്നു. തന്റെ ഭർത്താവിനായി. വിസെൻറ് എന്നായിരുന്നു അവളുടെ ഭർത്താവിന്റെ പേര് നാൽപ്പത്തി രണ്ടു വയസുള്ള ഈ ചെറുപ്പക്കാരൻ ജീവിതത്തിനും മരണത്തിനും ഇടയിലായിരുന്നു ആ നിമിഷം. 2002 മെയ് മൂന്നാം തിയതി ആണ് വിസെൻറ് അബോധാവസ്ഥയിലേയ്ക്കും തുടർന്ന് കോമ സ്റ്റേജിലേയ്ക്കും നീങ്ങുന്നത്. തലച്ചോറിൽ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുകയും വീങ്ങി വരുകയും ചെയ്യുന്ന രോഗാവസ്ഥയായിരുന്നു അയാൾക്ക്. അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ പറഞ്ഞത് രക്ഷപെടാൻ അഞ്ചു ശതമാനത്തിൽ താഴെ മാത്രം സാധ്യത ഉള്ളു എന്നാണ്. എല്ലാവരും തളർന്നു പോയി. പ്രത്യേകിച്ച്  ആല്മ. എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലും അവൾ വിശ്വസിച്ചു. തന്റെ ഭർത്താവ് ജീവിതത്തിലേയ്ക്ക് തിരിച്ചു വരും എന്ന്.

ആശുപത്രിയിൽ എത്തിച്ച ശേഷം ഏതാനും മണിക്കൂറുകൾ പിന്നിട്ടു. പ്രാഥമിക പരിശോധനകൾക്കു ശേഷം ഡോക്ടർ ബന്ധുക്കളെ തന്റെ മുറിയിലേയ്ക്കു വിളിച്ചു. ഈ ഒരു രാത്രി അദ്ദേഹം തരണം ചെയ്‌താൽ മാത്രം എന്തെങ്കിലും ചെയ്യാം. അല്ലാത്ത പക്ഷം വേറെ ഒന്നും തങ്ങളെ കൊണ്ട് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു. എന്നാൽ ആ രാത്രി അതിജീവിക്കുക എന്നത് സാധ്യമല്ല എന്ന് ഡോക്ടർമാർക്ക് അറിയാമായിരുന്നു. ഒപ്പം തലയോട്ടി തുറന്നു ഒരു ചെറിയ ദ്വാരം ഉണ്ടാക്കി അതിലൂടെ തലച്ചോറിനുള്ളിലെ പ്രഷർ കുറയ്ക്കുന്നതിനും കെട്ടിക്കിടക്കുന്ന രക്തം പുറത്തെത്തിക്കുന്നതിനും അടിയന്തിര ചികിത്സ നൽകി. ആ രാത്രി അയാൾ അതിജീവിച്ചാൽ ഓപ്പൺ ബ്രയിൻ സർജ്ജറി ചെയ്യാൻ ഉള്ള തയ്യാറെടുപ്പുകളും നടത്തി.

മരണം ഉറപ്പെന്ന് വൈദ്യശാസ്ത്രം ഏറെക്കുറെ വിധിച്ചു കഴിഞ്ഞിരിക്കുന്നു. അതിനാൽ തന്നെ അച്ചന്മാർ എത്തി അന്ത്യകൂദാശ നൽകി. അത്ഭുതം എന്ന് പറയട്ടെ പിറ്റേ ദിവസം കോമ സ്റ്റേജിൽ നിന്നുണർന്ന അദ്ദേഹം വിശുദ്ധ കുർബാന പൂർണ്ണ ബോധത്തോടെ സ്വീകരിച്ചു. ഉടൻ തന്നെ അദ്ദേഹത്തെ മികച്ച ചികിത്സ ലഭിക്കുന്ന ആശുപത്രിയിലേക്കുമാറ്റി. അവിടെ വെച്ച് ബ്രയിൻ തുറക്കാതെ തന്നെയുള്ള ചികിത്സയും നടന്നു. അടുത്ത നാല് ആഴ്ച വിസെൻറ് ഇന്റെൻസീവ് കെയർ യൂണിറ്റിൽ കിടന്നു. ഈ സമയം  അയാൾക്ക് ആരെയും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

അൽപ്പം നേരം നൽകിയ പ്രതീക്ഷകൾ ഒക്കെയും വീണ്ടും ഇല്ലാതായി. വീണ്ടും പ്രശ്നങ്ങൾ ഗുരുതരമായി മാറി. ഒരു സർജ്ജറി ആവശ്യമായി വന്നു. എന്നാൽ അതിനു മുൻപ് പുറത്തേയ്ക്കു ഒഴുക്കുന്ന ബ്രെയിൻ ഫ്ള്യൂയിഡിന്റെ അളവ് കുറയ്ക്കണം. അത്തരമൊരു രോഗിക്ക് ശസ്ത്രക്രിയ നടത്താൻ ശ്രമിക്കുന്നതിനെക്കുറിച്ച് ആല്മ വിവിധ ഡോക്ടർമാരോട് അഭിപ്രായം ചോദിച്ചു. “സർജറി ആവശ്യം തന്നെയാണ്, എന്നാൽ അതിനു മുൻപ് പുറത്തേയ്ക്കു കളയുന്ന ഫ്ലൂയിഡിന്റെ അളവ് കുറയണം. അത് നോർമലായി തന്നെ ഇല്ലാതാകണം. മറ്റു മാർഗ്ഗങ്ങൾ ഉപയോഗിച്ചത്‌ ചിലപ്പോൾ സ്ഥിതി കൂടുതൽ വഷളാകും. അങ്ങനെ ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കാം” അഭിപ്രായം ആരാഞ്ഞ എല്ലാവരും പറഞ്ഞതും ഇങ്ങനെ തന്നെ.

അദ്ദേഹത്തിനായി ധാരാളം ആളുകൾ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. നിരവധി വൈദികർ അദ്ദേഹത്തിൻറെ ആരോഗ്യത്തിനായി പ്രാർത്ഥിച്ചിരുന്നു. അങ്ങനെ ഇരിക്കെ വീണ്ടും കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു. വിസെൻറ് മെനഞ്ചൈറ്റിസ് ബാധിതനായി. കൂടാതെ ശരീരത്തിൽ ഇൻഫെക്ഷനുകൾ പടരുവാനും തുടങ്ങി. ഇത് കൂടുതൽ അപകടകരമായ അവസ്ഥയിലേയ്ക്ക് രോഗിയെ കൊണ്ടെത്തിച്ചു. മരുന്നുകളോട് പ്രതികരിക്കാതെയായി. അതിനിടയിൽ പനിയും. എന്ത് ചെയ്യണം എന്നറിയാതെ ഡോക്ടർമാരും കുഴങ്ങി. ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെട്ടാൽ തന്നെ ഇനി ഒരിക്കലും വിസെൻറ് നടക്കുകയോ ആളുകളെ തിരിച്ചറിയുകയോ ഇല്ലെന്ന് ഡോക്ടർമാർ വിധിയെഴുതി.

നിസ്സഹായമായ അവസ്ഥ. ഡോക്ടർമാർ കൈയ്യൊഴിയുന്നത് പോലെ. എങ്കിലും ദൈവത്തിലുള്ള വിശ്വാസവും പ്രത്യാശയും കൈവിടാൻ ആല്മ തയ്യാറായിരുന്നില്ല. അവർ പരിശുദ്ധ അമ്മയുടെ മധ്യസ്ഥ ശക്തിയിൽ ഉറച്ചു വിശ്വസിച്ചു. ആല്മ അതിരൂപതയുടെ ആർക്കൈവിസ്റ്റ് ഫ്രാൻസിസ് ജെ. വെബറിനെ സമീപിച്ചു. തിരുശേഷിപ്പുമായി തന്റെ ഭർത്താവിന്റെ ആശുപത്രി കിടക്കയിൽ എത്താമോ എന്നവർ അപേക്ഷിച്ചു. ആ സ്ത്രീയുടെ വിശ്വാസം കണ്ടില്ലെന്നു നടിക്കുവാൻ ആ വൈദികന് കഴിഞ്ഞില്ല. അദ്ദേഹം മാതാവിന്റെ തിരുശേഷിപ്പുമായി വിസെന്റിന്റെ കിടക്കയ്ക്കു അരികിൽ എത്തി. പ്രാർത്ഥിച്ചു. തിരുശേഷിപ്പ് കൊണ്ട് ആശീർവദിച്ചു. കടന്നു പോയി.

ആരൊക്കെ ഉപേക്ഷിച്ചാലും മാതാവ് തന്നെ ഉപേക്ഷിക്കില്ല എന്ന് അവർക്കു അറിയാമായിരുന്നു. തിരുശേഷിപ്പുമായി വരുന്ന സമയത്ത് ഒരു ഐസ് ബ്ലാങ്കെറ്റിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് മസ്തിഷ്ക അണുബാധ, പാൻക്രിയാറ്റിസ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയവയും മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയിലും ആയിരുന്നു. എന്നാൽ അടുത്ത ദിവസം ഡോക്റ്റർമാർ ഒരു കാര്യം ശ്രദ്ധിച്ചു. അതുവരെ പുറത്തേക്ക് ഒഴുകിയിരുന്ന സെറിബ്രൽ ഫ്ലൂയിഡിൽ കാര്യമായ കുറവ് വന്നിരിക്കുന്നു. 90% മുകളിൽ ഒഴുകി എത്തിയിരുന്ന സെറിബ്രൽ ഫ്ലൂയിഡ് 50% എത്തി. അടുത്ത ദിവസം അത് 25% ആയി കുറഞ്ഞു. മൂന്നാം ദിവസം ഫ്‌ല്യൂയിഡ് ഒട്ടും പുറത്തേയ്ക്കു വന്നില്ല. പരിശോധിച്ച ഡോക്ടർമാർക്ക് അത്ഭുതം. അവർ കൂടുതൽ വിദഗ്ധരായ ഡോക്ടർമാരെ വരുത്തി പരിശോധിപ്പിച്ചു. മുൻപുള്ള മെഡിക്കൽ റെക്കോഡുകൾ ഒക്കെ പരിശോധിച്ച അവർ അടിവരയിട്ടു പറഞ്ഞു. “വൈദ്യശാസ്ത്രം അനുസരിച്ച് ഒരിക്കലും ഇങ്ങനെ സംഭവിക്കില്ല. ഇതൊരു അത്ഭുതം തന്നെ.” ഡോക്ടർമാർ ആല്മയെ മുറിയിലേയ്ക്കു വിളിപ്പിച്ചു, എന്നിട്ട് ചോദിച്ചു  “നിങ്ങൾ ആരോടാണ് പ്രാർത്ഥിച്ചത്. ഇത് അത്ഭുതം തന്നെ”

വിസെന്റ് പതിയെ രോഗത്തെ അതിജീവിച്ചു തുടങ്ങി. ജൂൺ ആറാം തിയതി വീട്ടിൽ തിരിച്ചെത്തി. കുറച്ചു നാൾ ജോലിക്കു പോകാൻ കഴിഞ്ഞില്ല. എങ്കിലും ഇപ്പോൾ അദ്ദേഹം ആരോഗ്യവാനായി അഞ്ചു കുട്ടികളുടെ പിതാവായി സന്തോഷത്തോടെ ജീവിക്കുന്നു. ഇടവക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന അദ്ദേഹം എന്ന് ഇടവയിലെ ക്വയറിൽ അംഗവും ആ സമൂഹത്തിൽ അറിയപ്പെടുന്ന പാട്ടുകാരനും ആണ്.