മറിയം എന്ന വീട്ടമ്മയെ മറക്കരുതേ!

ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ തന്റെ മകനെ വളർത്തിയ ഒരമ്മയുടെ കഥ, വേദോപദേശ ക്ലാസിലെ ടീച്ചറാണ് ആദ്യം പറഞ്ഞുതന്നത്. പീന്നീട് വീട്ടിൽ വന്ന് അമ്മയോട് ഈ കഥ പറഞ്ഞപ്പോൾ, അമ്മയുടെ അടുത്ത കൂട്ടുകാരിയും സഹായിയുമാണ് ഈ കഥയിലെ അമ്മ. കുഞ്ഞുമനസ്സിലെ നിഷ്കളങ്കതയോടെ അമ്മയോട് ചോദിച്ചു: “അമ്മേ, ഇനി ആ ആൻ്റി അമ്മയെ കാണാൻ വരുമ്പോൾ എന്നെ പരിചയപ്പെടുത്തണം.” അമ്മ പറഞ്ഞു: “അതിനെന്താ എന്റെ കുഞ്ഞ് എത്രയും വേഗം ആ ദിവസം വരാൻ പ്രാർത്ഥിച്ചോ.”

ഒരു ദിവസം സന്ധ്യാപ്രാർത്ഥനക്കു ശേഷം പതിവുപോലെ അപ്പച്ചൻ ഉച്ചത്തിൽ ബൈബിൾ വായിച്ചു. വി. ലൂക്ക 2:41-52 വരെയുള്ള തിരുവചനഭാഗമായിരുന്നു അത്. അപ്പച്ചൻ വായന നിർത്തിയത് ഇപ്രകാരമായിരുന്നു: “അവൻ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്നുവന്നു.”

സന്ധ്യാപ്രാർത്ഥനയ്ക്കു ശേഷം അമ്മ പറഞ്ഞുതന്നു, പരിശുദ്ധ മറിയമാണ് ആ അമ്മ എന്നും ഈശോയാണ് ആ മകൻ എന്നും. പിന്നീട് വളർച്ചയുടെ ഒരോ ഘട്ടത്തിലും ഈ അമ്മയും മകനും എന്റെ കൂട്ടിനുണ്ട്.

ദൈവപുത്രനെ വളർത്താൻ ദൈവം തിരഞ്ഞെടുത്ത പരിശുദ്ധ കന്യകമറിയം ഉത്തരവാദിത്വമുള്ള, സമർപ്പണചൈതന്യമുള്ള ഉത്തമ കുടുംബിനിയായിരുന്നു. മക്കൾക്കു വേണ്ടി മാത്രം ജീവിതം സമർപ്പിച്ച കുറെയധികം അമ്മമാരെ നമ്മൾ കണ്ടുമുട്ടാറുണ്ട്. അവർ മക്കളെയോർത്ത് സങ്കടപ്പെടുന്നതും കാണാറുണ്ട് – എന്റെ മക്കളെ ഞാൻ വളർത്തിയത് അവരുടെ ഇഷ്ടത്തിനായിരുന്നു. ഇഷ്ടപ്പെട്ട ഭക്ഷണം, ഇഷ്ടപ്പെട്ട വസ്ത്രം, നാല് പേർ കേട്ടാൽ നാണക്കേട് പറയാത്ത സ്കൂൾ ജീവിതം. അവസാനം അവർ ഞങ്ങള്‍ക്ക് അഭിമാനവും തുണയുമാകും എന്നു കരുതി. എന്നിട്ട് ഇപ്പോൾ എന്തേ ഇവർ ഇങ്ങനെ?

ഇവിടെയാണ് പരിശുദ്ധ അമ്മ വ്യത്യസ്തയാകുന്നത്. എതൊരമ്മയ്ക്കും എന്ന പോലെ സ്വപ്നങ്ങൾ കാണാനും അതനുസരിച്ച് തന്റെ മകനെ വളർത്താനും മറിയത്തിന് തടസമൊന്നും ഉണ്ടായിരുന്നില്ല. നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും എന്ന ദൈവദൂതന്റെ അറിയിപ്പിൽ, ആ കുഞ്ഞിനെ എങ്ങനെ വളർത്തണം എന്ന നിബന്ധനകൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ മറിയം എന്ന ആ വീട്ടമ്മ തന്റെ മകനെ ദൈവത്തിനും മനുഷ്യർക്കും പ്രിയപ്പെട്ടവനായി വളർത്തി. ദൈവികപുണ്യത്താലും മാനുഷികനന്മയാലും പരിശുദ്ധാത്മാവിന്റെ ധീരതയോടും കൂടി തന്റെ മകനെ വളർത്തി. അവസാനം മകന്റെ സംരക്ഷണത്തിൽ കഴിയാനായിരുന്നില്ല ഈ അമ്മ പരിശ്രമിച്ചത്; അവന്റെ മരണത്തിലൂടെ മനുഷ്യകുലത്തിന് ലഭിക്കുന്ന രക്ഷ അതായിരുന്നു അമ്മയുടെ ലക്ഷ്യം.

കുഞ്ഞുങ്ങളെ സ്വർത്ഥതാല്പര്യങ്ങൾക്കായി വളർത്താതെ നന്മയിലും ധൈര്യത്തിലും ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർത്താൻ വേണ്ട കൃപയാക്കായി നമ്മുക്ക് പരിശുദ്ധ ദൈവമാതാവിനോട് മാദ്ധ്യസ്ഥം യാചിക്കാം.

റവ. സി. പ്രണിത DM

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.