മൂലമ്പിള്ളി ജനകീയ കമ്മീഷന്‍ അംഗങ്ങള്‍ ആര്‍ച്ചുബിഷപ്പിനെ കണ്ടു

മൂലമ്പിള്ളി കുടിയൊഴിപ്പിക്കല്‍ നടന്നിട്ട് 12 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കുടിയിറക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അധികാരികള്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ മൂലമ്പിള്ളി ജനകീയ കമ്മീഷന്‍ അംഗങ്ങള്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്പ് ഡോ . ജോസഫ് കളത്തിപ്പറമ്പിലിനെ കണ്ട് നിലവിലെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു.

2008 ഫെബ്രുവരി 6-നാണ് മൂലമ്പിള്ളി കുടിയൊഴിപ്പിക്കല്‍ നടന്നത്. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് നീതി ലഭിച്ചില്ല എന്ന മുറവിളി സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നപ്പോള്‍, സാഹചര്യങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെട്ട അച്യുതാനന്ദന്‍ ഗവണ്മെന്റ് 2008 മാര്‍ച്ച് 19-ന് മൂലമ്പിളളി പാക്കേജ് പ്രഖ്യാപിച്ചു. അതിന്‍പ്രകാരം വാഗ്ദാനം ചെയ്യപ്പെട്ട കാര്യങ്ങള്‍ നടപ്പാക്കാതെ കാലതാമസം വരുത്തിയതാണ് സ്ഥിതി കൂടുതല്‍ വഷളാക്കിയത്.

അന്ന് കുടിയൊഴിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ഇന്നും സ്വന്തമായി വീട് വയ്ക്കാന്‍ സാധിക്കാതെ കഷ്ടപ്പെടുകയാണ്. പാക്കേജ് അനുസരിച്ചു നല്‍കിയ വാഗ്ദാനങ്ങള്‍ ഇന്നും പാഴ്വാക്കായി നിലകൊള്ളുന്നു. വല്ലാര്‍പാടം പദ്ധതിയോടനുബന്ധിച്ച് കുടിയിറക്കപ്പെട്ടവര്‍ക്ക് നീതി ലഭിക്കാന്‍ വേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന് ആര്‍ച്ച്ബിഷപ്പ് അഭിപ്രായപെട്ടു. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന അധികാരികളുടെ മനുഷ്യത്വരഹിതമായ നിലപാടിനെതിരെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. തുടര്‍നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.

യോഗത്തില്‍ വല്ലാര്‍പാടം ജനകീയ കമ്മീഷന്‍ അംഗങ്ങളായ പ്രൊ. ഫ്രാന്‍സിസ് കളത്തുങ്കല്‍, ഫാ. റൊമാന്‍സ് ആന്റണി എന്നിവരും മോണ്‍. ജോസഫ് പടിയാരംപറമ്പില്‍, ഫാ. സോജന്‍ മാളിയേക്കല്‍, അഡ്വ. ഷെറി ജെ. തോമസ്, വല്ലാര്‍പാടം കോഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ്, ശ്രീ. വില്‍സണ്‍, ശ്രീമതി മേരി ഫ്രാന്‍സിസ് തുടങ്ങിയവരും പങ്കെടുത്തു.