മിഷൻ വചനവിചിന്തനം ഒക്ടോബർ 10 ലൂക്ക 11: 5 -13

ജയ്സൺ കുന്നേൽ

ഇന്നത്തെ സുവിശേഷഭാഗത്തിന്റെ പ്രധാന വിഷയം സൗഹൃദമാണ്. യേശു സൗഹൃദത്തോടെ മറ്റുള്ളവരെ സമീപിക്കുന്നതിനെപ്പറ്റി സുവിശേഷങ്ങളില്‍ ധാരാളം ഉദാഹരണങ്ങളുണ്ട്. കുഷ്ഠരോഗികളെയും തളര്‍വാത രോഗികളെയും പാപികളെയും ചുങ്കക്കാരെയും വിധവകളെയും പിശാചു ബാധിതരെയും അപസ്മാര രോഗികളെയും അനുകമ്പയോടെ സമീപിക്കുന്ന യേശുവിനെ കരുണയുടെ സുവിശേഷകനായ വി. ലൂക്കാ വരച്ചുകാണിക്കുന്നു. യേശുതന്നെ നല്ല സമരിയാക്കാരനാണ് (ലൂക്കാ 10: 29-37) അവന്റെ പിതാവ് കരുണയില്‍ സമ്പന്നനാണ് (ലൂക്കാ 15:11-32). യേശു തന്റെ കരുണയുടെ കരം എല്ലാവര്‍ക്കും ഉദാരമായി തുറന്നു നല്‍കുന്നു.

യോഹന്നാന്റെ സുവിശേഷം യേശുവിന്റെ സൗഹൃദത്തെക്കുറിച്ച് വളരെ ആഴമുള്ള ഉള്‍ക്കാഴ്ച്ചകള്‍ നമുക്ക് നല്‍കുന്നു. യേശുവിന് മര്‍ത്തായോടും മറിയത്തോടും അവരുടെ സഹോദരനായ ലാസറിനോടുമുള്ള സൗഹൃദം 11-ാം അധ്യായത്തില്‍ വിവരിക്കുന്നു. ‘യേശു മര്‍ത്തായെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചിരുന്നു’ (യോഹ. 11:5). ലാസറിന്റെ മരണത്തെക്കുറിച്ച് യേശു അറിഞ്ഞപ്പോള്‍ അവന്‍ പറയുന്നു: ‘നമ്മുടെ സ്‌നേഹിതനായ ലാസര്‍ ഉറങ്ങുകയാണ്’ (യോഹ. 11:11). പിന്നീട് അവന്റെ സുഹൃത്തിന്റെ മരണത്തില്‍ യേശു കരയുന്നത് കണ്ട് യഹൂദര്‍ ഇപ്രകാരം പറയുന്നുണ്ട്: ‘നോക്കൂ, അവന്‍ എത്രമാത്രം അവനെ സ്നേഹിച്ചിരുന്നു!’ (യോഹ. 11:36).

അന്ത്യത്താഴ സമയത്ത് പുതിയൊരു കല്‍പന നല്‍കിക്കൊണ്ട് പുതിയ നിയമത്തിലെ സൗഹൃദത്തിന് യേശു പുതിയ മാനം നല്‍കി. ‘സ്നേഹിതര്‍ക്കു വേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്നേഹം ഇ ല്ല. ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നത് നിങ്ങള്‍ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ എന്റെ സ്നേഹിതരാണ്. ഇനി ഞാന്‍ നിങ്ങളെ ദാസന്മാര്‍ എന്നു വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന് ദാസന്‍ അറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്നേഹിതന്മാരെന്നു വിളിച്ചു. എന്തെന്നാല്‍, എന്റെ പിതാവില്‍ നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു. നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല; ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്തത്’ (യോഹ. 15:13-16). അങ്ങനെ നമുക്കുവേണ്ടി കുരിശില്‍ മരിച്ചു കൊണ്ട് യഥാര്‍ത്ഥ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ആഴം യേശു വെളിവാക്കി. ഈ പുതിയ സ്‌നേഹ പ്രമാണത്തിന്റെ അനുദിന ആഘോഷമാണ് വിശുദ്ധ കുര്‍ബാന.

യേശുവിനെ ഒരു കൂട്ടുകാരനായി അനുഭവിക്കാനാണ് എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തുവുമായുള്ള ചങ്ങാത്തം എന്നാല്‍, ക്രിസ്തുവിലുള്ള അസ്തിത്വത്തിലും അവനോടുള്ള ഹൃദയ അടുപ്പത്തിലും വളരുക എന്നതാണ്. സൗഹൃദത്തിന്റെ ഇത്രയും വലിയ വ്യാപ്തി പരിശുദ്ധാത്മാവാണ് നമ്മളില്‍ പുനര്‍ജ്ജീവിപ്പിക്കുക. യേശുവുമായുള്ള സൗഹൃദം രോഗത്തിലും ബലഹീനതയിലും വേദനകളെയും നിരാശകളെയും മറികടക്കാനുള്ള ധൈര്യം നമുക്ക് പ്രദാനം ചെയ്യുന്നു.

സൗഹൃദം ‘ഹൃദയത്തിന്റെ ഒരു കാര്യമാണ്.’ അവിടെ, ഒരുവന്‍ മറ്റുള്ളവരോട് തന്റെ ഹൃദയത്തിന്റെ ആഴം വിശ്വസ്തയോടും അന്യോന്യതയോടും കൂടി വെളിപ്പെടുത്തുന്നു. സൗഹൃദത്തിലുള്ള വളര്‍ച്ച പരസ്പരമുള്ള വെളിപ്പെടുത്തലുകളിലൂടെയാണ് വളരുക. ഈ പ്രക്രിയയില്‍ നമ്മള്‍ ദൈവവും നമ്മുടെ സഹോദരങ്ങളുമായുള്ള ആഴത്തിലുള്ള ബന്ധം ഉള്‍ക്കൊള്ളുന്നു. യേശുവിനെ പ്രഘോഷിക്കുകയും സാക്ഷ്യം വഹിക്കുകയും ചെയ്യുന്ന പ്രേഷിതരില്‍ യേശുവുമായുള്ള അവരുടെ ചങ്ങാത്തം എങ്ങനെ വ്യക്തിജീവിതത്തെ രൂപാന്തരപ്പെടുത്തി എന്നറിയുമ്പോള്‍ അവനെ പിന്തുടരുവാന്‍ നമുക്കും പ്രോത്സാഹനമാകും.

‘സുവിശേഷത്തിലെ ആനന്ദം’ എന്ന അപ്പസ്‌തോലിക ലേഖനത്തില്‍ ഫ്രാന്‍സീസ് പാപ്പ പറയുന്നു, ‘സുവിശേഷത്തിലെ ആനന്ദം, ക്രിസ്തുവിനെ കണ്ടുമുട്ടുന്ന എല്ലാവരുടെയും ഹൃദയങ്ങളെയും ജീവിതങ്ങളെയും നിറയ്ക്കും’ (നമ്പര്‍ 1) ‘ദൈവസ്‌നേഹവുമായുള്ള കണ്ടുമുട്ടല്‍, വീണ്ടും വീണ്ടുമുള്ള കൂടിക്കാഴ്ച്ചകള്‍ ഉദാത്തമായ സൗഹൃദത്തെ നമ്മില്‍ പൂവണിയിപ്പിക്കും. ഇവിടെ നമ്മള്‍ സങ്കുചിത മനഃസ്ഥിതിയില്‍ നിന്നും  സ്വയം ഒതുങ്ങിക്കൂടലില്‍ നിന്നും വിമുക്തരാകുന്നു. അതോടൊപ്പം സുവിശേഷവത്കരണത്തിനുള്ള നമ്മുടെ എല്ലാ ശ്രമങ്ങള്‍ക്കുമുള്ള ഉറവിടവും പ്രചോദനവും ദൈവവുമായുള്ള സൗഹൃദബന്ധത്തില്‍ കണ്ടെത്തുകയും ചെയ്യും’ (നമ്പര്‍ 8). ‘യേശുവിനോട് സൗഹൃദത്തിലാകാന്‍ വിളിക്കപ്പെട്ടവരാണ് മിഷനറിമാര്‍'(നമ്പര്‍. 265). നമ്മുടെ പ്രേഷിതവിശ്വാസം രക്ഷ പ്രദാനം ചെയ്യുന്ന ക്രിസ്തുവിന്റെ സൗഹൃദങ്ങളിലും സന്ദേശങ്ങളിലുമുള്ള നമ്മുടെ സ്വന്തം അനുഭവങ്ങളാല്‍ നിരന്തരം നവീകരിക്കുന്നതിലൂടെ മാത്രമേ നിലനില്‍ക്കുകയുള്ളൂ എന്നും ഫ്രാന്‍സീസ് പാപ്പ പഠിപ്പിക്കുന്നു.

പ്രേഷിതത്വം എന്നതിന് മാര്‍പ്പാപ്പ നല്‍കുന്ന ഏറ്റവും ലളിതമായ നിര്‍വചനം ‘ക്രിസ്തുവിനും അവന്റെ ജനങ്ങള്‍ക്കും വേണ്ടിയുള്ള അഭിനിവേശം’ എന്നാണ് (നമ്പര്‍ 268). യേശുവുമായുള്ള വ്യക്തിപരമായ സമാഗമത്തിലൂടെ ആഴമായ സ്‌നേഹബന്ധത്തിലേയ്ക്കും ചങ്ങാത്തത്തിലേയ്ക്കും കടന്നുവന്നിരിക്കുന്ന ഒരു പ്രേഷിതന് ഈ സമാഗമത്തിന്റെ ഫലങ്ങള്‍ മറ്റുള്ളവരോടു പങ്കുവയ്ക്കാതിരിക്കാന്‍ കഴിയുകയില്ല. അതുതന്നെയാണല്ലോ പ്രേഷിതപ്രവര്‍ത്തനം. ദൈവവുമായുള്ള വ്യക്തിപരമായ സമാഗമത്തില്‍ ആരംഭിക്കുന്ന സൗഹൃദം പിന്നീട് മറ്റു മനുഷ്യരിലേയ്ക്കും പ്രപഞ്ചം മുഴുവനിലേയ്ക്കും വ്യാപിക്കുന്നു. മിഷന്‍ മാസത്തിന്റെ പത്താം ദിവസം യേശുവുമായുള്ള നമ്മുടെ സുഹൃദ്ബന്ധം ഒരിക്കല്‍ കൂടി നവീകരിക്കാം.. അതില്‍ വളരാം.

ഫാ. ജയ്സൺ കുന്നേൽ