വീട്ടിലെ പുതപ്പ് അച്ചന് നല്‍കി  അടുപ്പിന്‍ ചുവട്ടില്‍ തീ കാഞ്ഞിരുന്ന കുടുംബം

”എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും” (മത്താ 19:29).

ഗ്രാമങ്ങളില്‍ കുര്‍ബാന അര്‍പ്പിക്കുവാന്‍ പോകുമ്പോള്‍ എല്ലായ്‌പ്പോഴും നമ്മുടെ കൂട്ടത്തില്‍ കുറച്ചു യുവജനങ്ങളും കാണും. ഇവിടുത്തെ ജനങ്ങള്‍ പ്രത്യേകിച്ച് ഗ്രാമവാസികള്‍ ഭൂരിഭാഗവും നിരക്ഷരരായതുകൊണ്ട് ഗാനങ്ങള്‍ ആലപിക്കാനും വിശുദ്ധ കുര്‍ബാനയിലെ പ്രാര്‍ത്ഥനകള്‍ ചൊല്ലാനും അവരുടെ സാന്നിധ്യം സഹായിക്കുന്നു. അങ്ങനെ ഒരു പ്രാവശ്യം 10 പേരടങ്ങുന്ന ഒരു ഗ്രൂപ്പുമായി പുഴയുടെ തീരത്തുള്ള ഒരു ഗ്രാമത്തിലേക്ക് നാല് മണിക്കൂര്‍ നടന്ന് ക്ഷീണിച്ച് അവശരായി ഞങ്ങള്‍ എത്തിച്ചേര്‍ന്നു.

ഞങ്ങളെ കണ്ടയുടന്‍ അവര്‍ പെട്ടെന്ന് ഞങ്ങളുടെ ക്ഷീണമകറ്റാന്‍ കട്ടന്‍ചായ ഉണ്ടാക്കിത്തന്നു. കട്ടന്‍ചായ മാത്രമല്ല ഇപ്രാവശ്യം. ഒരു സ്‌പെഷ്യല്‍ വിഭവം ഉണ്ട്. മീന്‍ പുഴുങ്ങിയത്. സമീപത്തുള്ള പുഴയില്‍ നിന്നു പിടിച്ചതാണ്. ഒരു കുട്ട നിറച്ച് മീനുണ്ട്. ഗ്രാമത്തിലെ പള്ളിക്കാര്യങ്ങള്‍ നോക്കി നടത്തുന്നയാള്‍ അത്യധികം സന്തോഷത്തോടെ പറഞ്ഞു: ”മീന്‍ പിടിക്കുന്നതിനുമുമ്പേ ഞങ്ങള്‍ ദൈവത്തോടു പറഞ്ഞിരുന്നു ഇത് അച്ചനും അച്ചന്റെ കൂടെ വരുന്നവര്‍ക്കും വേണ്ടിയുള്ളതാണെന്ന്. അതുകൊണ്ട് ദൈവം സമൃദ്ധമായി തന്നു. ഒരു കുട്ട നിറയെ മീന്‍.”

മീന്‍ പുഴുങ്ങാനായി അടുപ്പത്തേക്ക് എടുക്കുന്നതുകണ്ട് ഞാന്‍ ചോദിച്ചു: “നിങ്ങള്‍ മീന്‍ കഴുകാറൊന്നുമില്ലേ?” ഉത്തരം പെട്ടെന്നു വന്നു: ”അച്ചന്‍ എന്ത് വര്‍ത്തമാനമാ ഈ പറയുന്നത് – ഇത് 24 മണിക്കൂറും വെള്ളത്തിലല്ലേ കിടക്കുന്നത്. ഈ പുഴ മീനുകളെ സര്‍വ്വസമയവും കഴുകിക്കൊണ്ടിരിക്കുകയല്ലേ? ഇതില്‍ കൂടുതല്‍ എന്തു കഴുകാന്‍?” ഇത്രയും നിസ്സാരകാര്യങ്ങള്‍പോലും അറിയാത്ത ഒരച്ചന്‍! എന്ന ഭാവത്തില്‍ കൂടെയുണ്ടായിരുന്ന എല്ലാവരും ഇതുകേട്ട് നന്നായി ചിരിച്ചു.

മത്തിയേക്കാളും വലുപ്പമുള്ള, തലയും വയറും കളയാത്ത, കഴുകാത്ത, ഉപ്പുപോലുമിടാതെ പുഴുങ്ങിയെടുത്ത മൂന്ന് എണ്ണം മുമ്പില്‍ വച്ചു. ആദ്യം ഒന്ന് അറച്ചുനിന്നെങ്കിലും രുചിച്ചുനോക്കിയപ്പോള്‍ ഉഗ്രന്‍രുചി. അവസാനം എന്റെ പാത്രത്തില്‍ തലയും വയറും അവശേഷിക്കുന്നതു കണ്ടിട്ട് എന്റെയടുത്തിരുന്ന അപ്പാപ്പന്‍, ”അതിനാണ് കൂടുതല്‍ രുചി” എന്നുപറഞ്ഞ് അതും കഴിച്ച് പാത്രം വെടിപ്പാക്കി.

രാത്രി പ്രാര്‍ത്ഥന കഴിഞ്ഞ് കിടക്കാറായപ്പോള്‍ ഗ്രാമവാസികള്‍ അങ്ങോട്ടുമിങ്ങോട്ടും എന്തോ അടക്കം പറയുന്നതുകേട്ടു. എല്ലാവര്‍ക്കും പുതുയ്ക്കാനുള്ള പുതപ്പില്ല. ഡിസംബര്‍ മാസം. നല്ല തണുപ്പ്. അവരുടെ എല്ലാ വീടുകളില്‍ നിന്നും ശേഖരിച്ചിട്ടും ഇത്രയും പേര്‍ക്ക് തികയുന്നില്ല. എങ്കിലും അച്ചന് ഒരു കുറവും വരുത്താതെ പായ വിരിച്ച്, അതിനുമുകളില്‍ കമ്പിളി വിരിച്ചു. മറ്റൊരു കമ്പിളി തികയാതെ വരുമെന്നറിയാവതുകൊണ്ട് ഞാന്‍ തലയണ ഉപയോഗിക്കാറില്ലെന്നും അധികം തണുപ്പനുഭവപ്പെടുന്നില്ലെന്നും പറഞ്ഞ് തലയിണയും അധികമുള്ള കമ്പിളിപ്പുതപ്പുകളും ഒഴിവാക്കി ഒറ്റ കമ്പിളി പുതച്ച് കിടന്നു. കൂടെയുള്ളവര്‍ തണുത്ത് മരവിച്ച് കിടക്കുമ്പോള്‍ അച്ചന്‍ സുഖമായി ഉറങ്ങുന്നതു ശരിയല്ലല്ലോ…

എനിക്കറിയാമായിരുന്നു അന്ന് ഉറങ്ങാന്‍ സാധിക്കില്ലെന്ന്. അത്രയ്ക്ക് തണുപ്പായിരുന്നു. കാലുകളും കൈകളും കോച്ചിപോകുന്ന തണുപ്പ്. പിറ്റേദിവസം രാവിലെ എഴുന്നേറ്റ് സമയം നോക്കിയപ്പോള്‍ അഞ്ച് മണി. നന്നായി ഉറങ്ങി. പക്ഷേ എന്റെ മുകളില്‍ ഒന്നല്ല കട്ടിയുള്ള മൂന്ന് പുതപ്പുകള്‍. ഒരു കമ്പിളിയും പുതച്ച് കിടന്നുറങ്ങിയ ഞാന്‍ മൂന്ന് കമ്പിളികളുമായി ഉണരുന്നു! അത്ഭുതം… ഇതെങ്ങനെ സംഭവിച്ചു. ഇത് ആരു കൊണ്ടിട്ടതാണെന്ന് അന്വേഷിച്ചിരിക്കുമ്പോള്‍ അടുത്തു കിടന്നിരുന്ന പയ്യന്‍ പറഞ്ഞു: ”അച്ചാ അത് ഇവിടുത്തെ കുടുംബനാഥന്റെയും കുടുംബനാഥയുടേതുമാണ്. അവര്‍ ഇന്നലെ ഉറങ്ങിയില്ല. അവരുടെ പുതപ്പ് അച്ചനെ പുതപ്പിച്ചിട്ട് അവര്‍ അടുപ്പിന്‍ ചുവട്ടില്‍ തീയും കാഞ്ഞിരുന്നു.”

അച്ചന്‍ നന്നായി ഉറങ്ങാനായി സ്വന്തം ഉറക്കം ഉപേക്ഷിച്ച ഇവരുടെ സ്‌നേഹത്തെ എന്തിനോട് ഉപമിക്കാനാവും. ദൈവസ്‌നേഹം പലരൂപത്തിലും ഭാവത്തിലും, വിവിധ ആളുകളിലൂടെ ദൃശ്യമാകുകയാണ് ഇവിടെ. അവര്‍ ഉണ്ണാന്‍ മറന്നാലും നമ്മളെ ഊട്ടാന്‍ മറക്കില്ല. അവര്‍ ഉറങ്ങാന്‍ മറന്നാലും നമ്മെ ഉറക്കാന്‍ മറക്കാത്ത സ്‌നേഹം. ദൈവം സ്നേഹമാകുകയാണ് ഇവിടെ.

ഫാ. സാജന്‍ വഴീപ്പറമ്പില്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.