പരിഹാരകർമ്മം അനുരഞ്ജനപ്രക്രിയയ്ക്കും ഹൃദയശാന്തിക്കും അനിവാര്യം: ഫ്രാൻസിസ് പാപ്പ

പരിഹാരപ്രവൃത്തി ക്രൈസ്തവമൂല്യങ്ങൾക്കധിഷ്ഠിതമാകണമെങ്കിൽ തെറ്റ് മനസ്സിലാക്കുകയും മാപ്പു ചോദിക്കുകയും ചെയ്യുക ആവശ്യമാണെന്ന് ഓർമിപ്പിച്ചുകൊണ്ട് മാർപാപ്പ. 1673-ൽ ഫ്രാൻസിലെ പര ലെ മൊണിയാലിൽ, വി. മാർഗരെറ്റ് മേരി അലക്കോക്കിന് യേശു ദർശനം നല്കിയതിന്റെ മുന്നൂറ്റിയമ്പതാം വാർഷികത്തോടനുബന്ധിച്ച് റോമിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തവരോടാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

പരിഹാരപ്രവൃത്തി, ദ്രോഹിക്കപ്പെട്ട വ്യക്തിയുടെ ഹൃദയത്തെ സ്പർശിക്കുന്നതിനും നീതിയുടെ ലളിതമായ ഒരു പ്രവൃത്തി മാത്രമായി അത് പരിണമിക്കാതിരിക്കുന്നതിനും തെറ്റ് അംഗീകരിക്കുകയും മാപ്പു ചോദിക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് പാപ്പാ ഓർമിപ്പിച്ചു. വിശുദ്ധഗ്രന്ഥങ്ങളിൽ, പഴയനിയമത്തിലും പുതിയനിയമത്തിലും പരിഹാരം എന്ന ആശയം നാം പലപ്പോഴും കാണുന്നുണ്ടെന്നും പഴയനിയമത്തിൽ അത് തെറ്റിനുള്ള പരിഹാരത്തിന്റേതായ സാമൂഹികമാനം കൈക്കൊള്ളുകയും പുതിയനിയമത്തിലാകട്ടെ, ക്രിസ്തു പൂർത്തിയാക്കിയ വീണ്ടെടുപ്പിന്റെ ചട്ടക്കൂടിനുള്ളിൽ, അത് ഒരു ആത്മീയപ്രക്രിയയുടെ രൂപമാർജിക്കുകയും ദൈവത്തിന് പാപിയോടുള്ള കാരുണ്യം ആവിഷ്ക്കരിക്കുകയും ചെയ്യുന്നുവെന്നും പാപ്പ വിശദീകരിച്ചു.

മാനുഷികവും ആത്മീയവുമായ ഏതൊരു പരിഹാരപ്രവൃത്തിയുടെയും ആരംഭം ഒരുവൻ സ്വന്തം തെറ്റ് അംഗീകരിക്കുന്നതിൽ നിന്നാണെന്നും മാപ്പു ചോദിക്കുകവഴി സംഭാഷണം പുനരാരംഭിക്കുകയും സാഹോദര്യസ്നേഹത്തിൽ ബന്ധം പുനഃസ്ഥാപിക്കാനുള്ള ഹിതം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നും പാപ്പ പറഞ്ഞു. പരിഹാരപ്രവൃത്തി മനുഷ്യർ പരസ്പരവും മനുഷ്യനും ദൈവവും തമ്മിലും അനുരഞ്ജനപ്പെടുന്നതിന് സംഭാവനയേകുന്നുവെന്നും പാപ്പ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.