ഇറ്റലിയിലെ ഊട്ടുമേശ

സി. സോണിയാ കുരുവിള മാതിരപ്പള്ളിൽ

ഇറ്റലി എന്ന രാജ്യത്തെപ്പറ്റി കേൾക്കുമ്പോൾ പൊതുവേ എല്ലാവരും സമ്പന്നമായ ഒരു രാജ്യത്തെ പറ്റിയാണ് ചിന്തിക്കുക. എന്നാൽ കഴിഞ്ഞ പത്ത് വർഷമായിട്ട് സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലും ഒപ്പം സ്ഥിരതയില്ലാത്ത ഒരു ഗവൺമെൻറും ഇറ്റലി എന്ന രാജ്യത്തെ പതിയെ പതിയെ തകർച്ചയിലേയ്ക്ക് കൊണ്ടുപോവുകയാണ്. ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽ ധാരാളം കുടുംബങ്ങൾ ദാരിദ്ര്യത്തിന്റെ പിടിയിൽ അമർന്നിരിക്കുന്നു. പ്രത്യേകിച്ച് ഇറ്റലിയുടെ കീഴിലുള്ള സർദേഞ്ഞ എന്ന ദ്വീപിലെ  അവസ്ഥ വളരെ വ്യത്യസ്തമാണ്. വേനൽക്കാലത്ത് ധാരാളം ടൂറിസ്റ്റുകളെ കൊണ്ട് നിറയുന്ന ഈ ദ്വീപിലെ അവസ്ഥ തണുപ്പ് കാലത്ത് വളരെ ദയനീയമാണ്.

ഒക്ടോബർ മുതൽ മെയ് മാസം വരെ നീണ്ടുനിൽക്കുന്ന തണുപ്പുകാലം ഒത്തിരിയേറെ പാവപ്പെട്ട കുടുംബങ്ങളെ കഠിനമായ ദാരിദ്ര്യ അവസ്ഥയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. അന്നന്നു വേണ്ടുന്ന ആഹാരത്തിനു വേണ്ടി ബുദ്ധിമുട്ടുന്ന ധാരാളം കുടുംബങ്ങൾ ഇവിടെ ഉണ്ട്. ഏകദേശം ഒരു പത്തു വർഷം മുമ്പ് വരെ വളരെ നന്നായി സമ്പന്നതയിൽ ജീവിച്ച ഈ ദേശത്തെ ജനങ്ങൾക്ക് പെട്ടെന്ന് സാമ്പത്തികമാന്ദ്യം കടന്നുവന്നപ്പോൾ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന ഒരു അവസ്ഥയിലാണ്.

വൃദ്ധരെ ശുശ്രൂഷിയ്ക്കുക, വീടുകളും റോഡുകളും ക്ലീൻ ചെയ്യുക തുടങ്ങിയ എന്ത് പണികൾ ചെയ്യാനും ഒരു മടിയും ഇല്ലാത്ത  ഇവിടുത്തെ ആൾക്കാർക്ക് ആ ജോലികൾ പോലും കിട്ടാതെ വിഷമിയ്ക്കുന്ന ഒരു അവസ്ഥയാണ് ഇന്നിവിടെയുളളത്. അപ്രതീക്ഷിതമായി തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന ദാരിദ്ര്യത്തെ എങ്ങനെ നേരിടണമെന്ന് അറിയാണ്ട് വിഷമിക്കുന്ന ധാരാളം വ്യക്തികൾക്കും കുടുംബങ്ങൾക്കും പലപ്പോഴും തുണയാകുന്നത് പല സന്യാസ സഭകളും ഇടവകകളും നടത്തി വരുന്ന കാരിത്താസ് പ്രവർത്തനങ്ങൾ ആണ്. പലപ്പോഴും അത്യാവശ്യം നല്ല ജീവിതസാഹചര്യങ്ങളിൽ ജീവിച്ചുവന്ന കുടുംബങ്ങൾക്ക് ഇങ്ങനെയുള്ള കാരിത്താസ് കേന്ദ്രങ്ങളിലേയ്ക്ക് കടന്നുവന്ന് സഹായം അഭ്യർത്ഥിക്കുവാൻ അവരുടെ അഭിമാനം അവരെ അനുവദിക്കുന്നില്ല.

സർദേഞ്ഞയുടെ മധ്യഭാഗത്തുള്ള ഒറിസ്താനോ എന്ന ചെറിയ നഗരത്തിൽ  സ്ഥിതിചെയ്യുന്ന വി. യൗസേപ്പിതാവിന്റെ പുത്രിമാർ എന്ന സഭയുടെ ജനറലേറ്റ് ഹൗസിനോട് ചേർന്ന് തന്നെയുള്ള  ‘സ്നേഹത്തിന്റെ ഊട്ടുമേശ’ എന്ന  സ്ഥാപനത്തിലേക്ക് പലവിധ ആവശ്യങ്ങൾക്കായി അനുദിനം കടന്നുവരുന്നത് നൂറുകണക്കിന് ആൾക്കാരാണ്. ഓരോ ദിവസവും 50 – ഓളം വ്യക്തികൾ ഉച്ചഭക്ഷണത്തിനായി മാത്രം കടന്നുവരുന്നു. ഒരു പൈസ പോലും മുടക്കാതെ ഒരു ഹോട്ടലിൽ എന്നപോലെ വയറുനിറയെ ഭക്ഷണം കഴിച്ച് വളരെ സംതൃപ്തിയോടെ അവർ യാത്രപറയുകയും പിറ്റേ ദിവസം തിരിച്ച് വരുകയും ചെയ്യുന്നു. 365 – ദിവസവും ഈ ഭവനത്തിന്റെ വാതിലുകൾ ഇവർക്കായി തുറന്നിട്ടിരിക്കുകയാണ്.

വിശക്കുന്നവന് ഭക്ഷണം കൊടുക്കുക എന്നത് മാത്രമല്ല ഈ സ്ഥാപനത്തിൻറെ പ്രത്യേകത. തണുപ്പുകാലം ആകുമ്പോൾ തെരുവിൽ കഴിയുന്ന വ്യക്തികൾക്കും നാടോടികളായിട്ടുള്ള ആൾക്കാർക്കും നല്ല ചൂടുവെള്ളത്തിൽ ഒന്ന് കുളിച്ച് ഫ്രഷ് ആകാൻ വേണ്ടി സോപ്പും ഷാംബൂം ടർക്കിയും കൊടുത്തുകൊണ്ട് ‘ബാത്തിങ്’ സൗകര്യം വർഷം മുഴുവനും നൽകുന്നു. ഒപ്പം മുഷിഞ്ഞതും കീറിപറിഞ്ഞതുമായ വസ്ത്രം മാറ്റി നല്ല വസ്ത്രം ധരിക്കാൻ നൽകുകയും ചെയ്യുന്നു. പിന്നെ ആഴ്ചയിൽ നാല് ദിവസങ്ങൾ രാവിലെ എട്ട് മണിമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ഈ സ്ഥാപനത്തിന്റെ മറ്റ് രണ്ട് ഹാളുകളിൽ ക്രമീകരിച്ചിരിക്കുന്ന പലതരം വസ്ത്രങ്ങൾ (കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള), ഒപ്പം ചെരുപ്പുകൾ അങ്ങനെ മറ്റ് പലതരം  ആവശ്യങ്ങൾക്കുമായി ധാരാളം വ്യക്തികൾ വന്നു പൊയ്‌ക്കോണ്ടിരിക്കുന്നു.

എല്ലാമാസവും ആദ്യ തിങ്കളാഴ്ചകളിലും ചൊവ്വാഴ്ചകളിലും ഭക്ഷണസാധനങ്ങൾ (അരി, പാസ്ത, പഞ്ചസാര, കാപ്പിപ്പൊടി, എണ്ണ, പഴങ്ങൾ) അടങ്ങിയ ഒരു ക്വിറ്റ് സ്വീകരിക്കുവാൻ ഏകദേശം ഇരുന്നൂറോളം കുടുംബങ്ങൾ ആണ് അതിരാവിലെ ഈ കാരിത്താസിന്റെ മുമ്പിൽ ക്യൂ നിൽക്കുന്നത്. അനുദിനവും ഇത്തരം കുടുംബങ്ങളുടെ എണ്ണം വർദ്ധിച്ചുവരുമ്പോൾ അല്പം വേദനയോടെ എങ്ങനെ ഇത് മുന്നോട്ട് കൊണ്ടുപോകും എന്ന് ആകുലപ്പെടുമ്പോൾ തന്നെ എന്തെങ്കിലും ഒരു സഹായവുമായ് ആരെങ്കിലും കടന്നുവരും എന്നതാണ് ഏറ്റവും വലിയ ഒരു ദൈവാനുഗ്രഹം. ചില കുടുംബങ്ങൾക്ക് ഇങ്ങനെ കാരിത്താസിൽ വന്ന് സഹായം ചോദിക്കാൻ  വിഷമിക്കുമ്പോൾ ഞങ്ങളുടെ തന്നെ വോളണ്ടിയർമാർ അവരുടെ വീടുകളിൽ സാധനങ്ങൾ എത്തിച്ചു കൊടുക്കാറുണ്ട്.

ഒരുവിധം  സാമ്പത്തിക ശേഷിയുള്ളവർ ഓരോ കാലത്തെയും ഫാഷൻ അനുസരിച്ചും കാലാവസ്ഥ അനുസരിച്ചും വസ്ത്രങ്ങളും ഷൂസുകളും മറ്റും ഇടയ്ക്കിടെ മാറുകയും പിന്നീട് അവ ഉപയോഗിക്കാതിരിയ്ക്കുകയും ചെയ്യുന്നു. അല്ലെങ്കിൽ കുട്ടികൾ വളരുന്നതനുസരിച്ചും വസ്ത്രങ്ങൾ മാറുന്നു. ഇങ്ങനെ മാറ്റി വയ്ക്കുന്ന വസ്ത്രങ്ങൾ പ്രത്യേകിച്ച് തണുപ്പ് കാലമാകുമ്പോൾ പലവിധ സെറ്ററുകൾ, ജായ്ക്കറ്റുകൾ, പുതപ്പുകൾ തുടങ്ങിയവയെല്ലാം നല്ല വൃത്തിയോടെ ഞങ്ങളുടെ കാരിത്താസിൽ കൊണ്ടുതരുമ്പോൾ അത് അപരന് വലിയ ഒരു ആശ്വാസമായി മാറുന്നു.

പാവങ്ങളെ സഹായിക്കാനായി ഇങ്ങനെയുള്ള ഒരു സ്ഥാപനം പത്തിരുപത് വർഷമായി ഞങ്ങൾ  മുന്നോട്ടുകൊണ്ടുപോകുന്നത് ദൈവത്തിന്റെ കൃപ കൊണ്ടും. ഒപ്പം “കാലഘട്ടത്തിനനുസരിച്ച് ഹൃദയത്തിന്റെയും ഭവനത്തിന്റെയും വാതിലുകൾ തുറന്നിടുക” എന്ന ഞങ്ങളുടെ സന്ന്യാസ സഭയുടെ സ്ഥാപകനായ ധന്യനായ ഫാ. ഫെലിക്സ് പ്രിനേത്തിയുടെ പ്രത്യേക ആഹ്വാനം അനുസരിച്ചും അതിലുമുപരി ഞങ്ങളെ പരിചയമുള്ള ധാരാളം വ്യക്തികളുടെ നല്ല മനസ്സും കൊണ്ടു മാത്രമാണ്.

സി. സോണിയ തെരേസ് മാതിരപ്പള്ളി ഡി.എസ്.ജെ