ആന്ധ്രാപ്രദേശിലെ പാവങ്ങൾക്ക് ആശ്രയമായി മാറുന്ന ഈശോയുടെ തിരുഹൃദയ പുത്രിമാർ

സി. സൗമ്യ DSHJ

ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിലെ ബണ്ടുമല്ലി എന്ന സ്ഥലത്താണ് ഈശോയുടെ തിരുഹൃദയ പുത്രിമാരുടെ സന്യാസിനീ സമൂഹം (DSHJ) തങ്ങളുടെ മിഷൻ പ്രവർത്തനങ്ങൾ ചെയ്യുന്നത്. സി. ഷൈബി, സി. ബിന്ദു എന്നീ സന്യാസിനികള്‍ ഇവിടെ പാവങ്ങള്‍ക്ക് തണലായി മാറുന്നു. ലാഭേച്ഛയൊന്നുമില്ലാതെ ദൈവത്തിനായി മാത്രം ഉഴിഞ്ഞു വച്ച തങ്ങളുടെ ജീവിതം കൊണ്ട് ഒരു ജില്ലയിലെ സാധാരണക്കാരായ ആളുകളെ തിരിച്ചറിവിന്റെ പ്രകാശത്തിലേക്ക് കൈപിടിച്ചു നടത്തുകയാണ് ഇവർ. ഈ മിഷൻ മാസം, രാപ്പകൽ തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന മിഷൻ പ്രദേശത്തിന് വേണ്ടി അധ്വാനിക്കുകയും പ്രാർത്ഥിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന ഈ രണ്ട് മിഷനറിമാരുടെ ജീവിതം നമുക്കൊന്ന് പരിചയപ്പെടാം.

പുതിയ ഭാഷയും സംസ്ക്കാരവും പരിചയമില്ലാത്ത ആളുകളുമൊക്കെയായിരുന്നു ഈ സന്യാസിനിമാർ ബണ്ടുമല്ലിയിൽ ശുശ്രൂഷയ്ക്കായി വന്നപ്പോൾ ഉണ്ടായിരുന്നത്. എന്നാൽ, അവരെ സ്വന്തമായി കരുതി ശുശ്രൂഷിക്കാൻ ഇവർക്ക് അധികം നാളുകൾ വേണ്ടി വന്നില്ല. അതുതന്നെയാണല്ലോ ഓരോ മിഷനറിയുടെയും ദൗത്യവും. ബണ്ടുമല്ലിയിൽ പത്തോൻപതോളം വില്ലേജുകൾ ആണുള്ളത്. ആ വില്ലേജുകളിൽ എല്ലാം തന്നെ ചെറിയ പള്ളികളും ഉണ്ട്. ഭൂരിഭാഗവും ഇവിടുള്ളത് ഹിന്ദുക്കൾ ആണ്. ക്രിസ്ത്യാനികളായി ഉള്ളവർ തന്നെ അകത്തോലിക്കാരായ പതിനഞ്ചോളം വ്യത്യസ്ത വിഭാഗങ്ങൾ. കത്തോലിക്കാ വിശ്വാസം ഇവരുടെ ഇടയിൽ വന്നിട്ട് മുപ്പത് വർഷമേ ആയിട്ടുള്ളൂ.

തിരുഹൃദയ പുത്രിമാരുടെ സാന്നിധ്യം

വിജയവാഡാ രൂപതയുടെ കീഴിലാണ് ഈശോയുടെ തിരുഹൃദയ പുത്രിമാരുടെ സന്യാസിനീ സഭയിലെ അംഗമായ സിസ്റ്റർമാർ തങ്ങളുടെ ശുശ്രൂഷകൾ നിർവഹിക്കുന്നത്. ആതുരസേവനവും ഇടവക പ്രവർത്തനവും ആണ് ഇവിടെയുള്ള ഇവരുടെ പ്രേഷിത പ്രവർത്തനമേഖല. ഹോമിയോപ്പതി ഡിസ്പെൻസറിയാണ് ആതുരരംഗത്തുള്ള സേവനത്തിനായി ഇവിടെ ആരംഭിച്ചിരിക്കുന്നത്. നിലവിൽ ഇവിടുത്തെ മെഡിക്കൽ രംഗത്തെ സേവനം അത്ര മെച്ചപ്പെട്ടതല്ല. കാരണം, വേണ്ടത്ര അറിവോ, പരിജ്ഞാനമോ ഇല്ലാതെ, കമ്പോണ്ടർമാരായ ആളുകളാണ് രോഗികൾക്ക് മരുന്നുകൾ നിർദ്ദേശിക്കുന്നത്. അങ്ങനെയൊരു സാഹചര്യത്തിലാണ് ഹോമിയോ ഡിസ്പെൻസറിയുടെ ആരംഭം.

“വിവേചനമില്ലാതെ മരുന്നുകൾ കഴിച്ചതിനാൽ ഇവിടെയുള്ള ആളുകളുടെ ആരോഗ്യനില വളരെ പരിതാപകരമാണ്. ഇവരുടെ ആരോഗ്യത്തെ കുറിച്ച് ബോധവാന്മാരാക്കുകയാണ് അത്യാവശ്യം വേണ്ട കാര്യം. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, രോഗങ്ങൾ വരാതെ നോക്കുവാൻ വേണ്ട മുൻകരുതലുകൾ എന്നിവയെക്കുറിച്ചുള്ള ഒരു അവബോധം ഇവർക്ക് ഉണ്ടാകേണ്ടത് വളരെ ആവശ്യമാണ്. കാരണം, ഇവർ കോളനികളിലാണ് താമസിക്കുന്നത്. തൊട്ടടുത്തടുത്ത് വീടുകൾ. ഈ ഒരു സാഹചര്യം രോഗങ്ങൾ പകരുന്നതിനും ശുചിത്വം കുറയുന്നതിനും കാരണമാകുന്നു. വിദ്യാഭ്യാസം വളരെ കുറഞ്ഞ ആളുകളാണ് ഇവിടുള്ളത്. അതിനാൽ തന്നെ ഈ പാവപ്പെട്ട ആളുകളോടൊപ്പം ആയിരിക്കുന്നതിൽ ഞാൻ വളരെയധികം സന്തോഷവതിയാണ്. ഈ ആളുകൾ നമ്മുടെ സാന്നിധ്യത്തെ ഒരുപാട് സ്നേഹിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നുണ്ട്,” -ഹോമിയോപ്പതി ഡോക്ടറായി ഇവരുടെ ഇടയിൽ സേവനം ചെയ്യുന്ന സി. ഷൈബി പറയുന്നു.

അതിനാൽ തന്നെ ഈ ഡിസ്പെൻസറിയിൽ വരുന്നവർക്ക് മരുന്ന് മാത്രമല്ല കൊടുക്കുന്നത്. അവർക്ക് വ്യക്തി ശുചിത്വത്തെക്കുറിച്ചും ചില അടിസ്ഥാനപരമായ കാര്യങ്ങളെക്കുറിച്ചുമുള്ള ബോധവത്ക്കരണം കൂടെ ഈ സന്യാസിനിമാർ നൽകുന്നു.

കോളനികൾ കേന്ദ്രീകൃതമായ പ്രവർത്തനങ്ങൾ  

ഈ രണ്ട് സന്യാസിനിമാർ ഇവിടെയുള്ള അഞ്ചു കോളനികളിലായി ഏകദേശം 1,500 വീടുകൾ കയറിയിറങ്ങി ആളുകളെ ബോധവത്ക്കരിക്കാൻ ശ്രമിക്കുന്നുമുണ്ട്. വളരെയധികം ജനസാന്ദ്രതയുള്ള പ്രദേശമാണിവിടം. അംഗൻവാടി കേന്ദ്രീകരിച്ച് ബോധവത്ക്കരണം നടത്താനും ഈ സന്യാസിനിമാർ യത്നിക്കുന്നു. അംഗൻവാടിയിൽ സ്ത്രീകളെ ഒരുമിച്ചുകൂട്ടി ക്ലാസുകൾ എടുക്കുകയും അതിലൂടെ ഒരു സ്വയം പര്യാപ്തതയിലേക്ക് അവരെ നയിക്കുകയും ആണ് ഇവരുടെ ലക്‌ഷ്യം.

ഇടവകതല പ്രവർത്തനങ്ങൾ

ഒരു കാറ്റക്കിസ്റ്റ് ഓരോ വില്ലേജിലും ഉണ്ട്. ഇടവക തല പ്രവർത്തനങ്ങളിൽ ഏൽപ്പിച്ചിരിക്കുന്ന വില്ലേജുകളിൽ എല്ലാ ഞായറാഴ്ചയും സന്ദർശിച്ച് ഇവരെ പള്ളികളിലേക്ക് കൂട്ടിക്കൊണ്ട് വരണം. എല്ലാ ആഴ്ചയിലും വി. കുർബാന നടത്തുവാനുള്ള സാഹചര്യം ഇവിടെയില്ല. എങ്കിലും ആളുകളെ ഒരുമിച്ച് കൂട്ടി പ്രാർത്ഥിപ്പിക്കുകയും വചനസന്ദേശം നൽകുകയും ചെയ്തുവരുന്നു. അതോടൊപ്പം കൂടുതൽ വിശ്വാസപരമായ കാര്യങ്ങൾ വളർത്തുവാനുള്ള നിർദേശങ്ങളും അവർക്ക് കൊടുക്കുവാൻ ഈ അവസരം പ്രയോജനപ്പെടുത്തുന്നു. കുർബാനയുള്ള ദിവസങ്ങളിൽ വിശുദ്ധ കുർബാനയ്ക്കും കൂദാശാ സ്വീകരണത്തിനുമായി ഇവരെ ഒരുക്കുന്നു. ഇടവകയിലെ ആളുകളുടെ വീടുകളിൽ സന്ദർശനം നടത്തുവാൻ കൂടുതലായും പ്രയത്നിക്കുന്നത് സിസ്റ്റർ ബിന്ദുവിന്റെ നേതൃത്വത്തിൽ ആണ്. അതോടൊപ്പം സി. ബിന്ദു പഠിക്കുവാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് വീടുകളിൽ പോയി ടൂഷ്യൻ കൊടുക്കുകയും ചെയ്യുന്നു.

ടെമ്പോ വാനിനു പുറകിൽ കയറിയിരുന്ന് ക്രിസ്തുമസ് കരോളിനു പോയ അനുഭവം

ടെമ്പോ വാനിനു പുറകിൽ കയറിയിരുന്നുകൊണ്ട് ക്രിസ്തുമസ് കരോളിന്‌ പോകുന്ന അനുഭവം മറക്കാനാവാത്തതാണ് ഈ സന്യാസിനിമാർക്ക്. ഓരോ വില്ലേജിലേക്കും കരോളുമായി ചെല്ലുമ്പോൾ കുട്ടികൾ അവിടെ കാത്തിരിക്കുന്നുണ്ടാകും. വണ്ടിയുടെ പുറകെ ഈ കുട്ടികൾ പാട്ട് പാടി വില്ലേജിൽ മുഴുവനും ഓടും. ‘ക്രിസ്തുമസ് താത്താ’…എന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് ഇവർ ഓടുന്നത്. ഈ കുഞ്ഞുങ്ങളുടെ സന്തോഷവും നിഷ്കളങ്കതയും ഇവർക്ക് മറക്കാനാവാത്ത അനുഭവമാണ്.

ഇവിടെയുള്ള ക്രിസ്ത്യാനികൾ നോമ്പാചരണത്തിനും ത്യാഗപ്രവർത്തികൾക്കുമെല്ലാം വലിയ പ്രാധാന്യം കൊടുക്കുന്നവരാണ്. ‘ദീക്ഷയെടുക്കുക’ എന്നാണ് നോമ്പാചരണത്തിന് ഇവർ പറയുന്നത്. അൻപത് നോമ്പിന്റെ ദിവസങ്ങളിൽ ഇവർ മദ്യപാനം ഉപേക്ഷിക്കും. ദിവസത്തിൽ ഒരു നേരം മാത്രം ഭക്ഷണം കഴിക്കുകയുള്ളു. ആ ദിവസങ്ങളിൽ വെള്ള വസ്ത്രം മാത്രമേ ധരിക്കൂ. മുടി വെട്ടുകയോ ക്ഷൗരം ചെയ്യുകയോ ഒന്നുമില്ല ഈ സമയത്ത്. അത്രയും കർശനമായി നോമ്പ് ആചരിക്കുന്നവരാണ് ഇവർ. എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കും. കുറേയേറെപ്പേർ വളരെ വിശ്വാസത്തോടെ നോമ്പ് ആചരിക്കുകയും ചെയ്യും.

ദൈവപരിപാലന അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ  

ഈ ഹോമിയോ ഡിസ്പെൻസറിയിലേക്ക് കടന്നുവരുന്നവർക്ക് സൗഖ്യം ലഭിക്കുന്നത് മരുന്നുകൊണ്ട് മാത്രമല്ല, ദൈവ പരിപാലന അനുഭവിച്ചറിഞ്ഞ അനേകം മുഹൂർത്തങ്ങൾ സിസ്റ്റർ ഷൈബിക്ക് പറയാനുണ്ട്. സോറിയാസിസ് പോലുള്ള രോഗങ്ങൾ പോലും സൗഖ്യപ്പെട്ട അവസരങ്ങൾ. അക്രൈസ്തവരായ നിരവധി ആളുകൾ രോഗികളായവരെ ഈ ഡിസ്പെൻസറിയിൽ എത്തിക്കുന്ന അനുഭവങ്ങളും ഇവിടെയുണ്ട്. ഒരുപാട് നാളുകൾ ആയില്ല ഈ സന്യാസിനിമാർ ഇവിടെ ശുശ്രൂഷ ചെയ്യാൻ തുടങ്ങിയിട്ട്. എങ്കിലും ഇവിടെയുള്ള ആളുകൾക്ക് ഈ രണ്ട് സന്യാസിനിമാരും പ്രിയപ്പെട്ടവർ തന്നെ. പ്രായമുള്ളതും നടക്കുവാൻ ബുദ്ധിമുട്ടുള്ളതുമായ ആളുകളുടെ വീടുകളിൽ പോയി മുറിവുകൾ വൃത്തിയാക്കുവാനും ഇവർ പരിശ്രമിക്കുന്നു.

കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണിവർ. ഇവിടുത്തെ ആളുകളുടെ ഒരു പ്രത്യേകത, ഇവർക്കുള്ളതിൽ ഒരോഹരി ഇവർ സിസ്റ്റേഴ്സിനായി മാറ്റിവെയ്ക്കും എന്നതാണ്. കൃഷി ചെയ്യുന്നതിൽ കിട്ടുന്ന ഒരു വിഹിതമോ, റേഷൻ കിട്ടുന്നതിൽ ഒരു പങ്കോ എന്നുവേണ്ട, എല്ലാം ഇവർ ഈ സിസ്റ്റേഴ്സിനായി കൊടുക്കും. കാരണം ഇവർക്ക് കൊടുക്കുന്നത് ദൈവത്തിന് കൊടുക്കുന്നതുപോലെയാണ് ഈ ജനങ്ങൾ കാണുന്നത്.

തിരുഹൃദയ പുത്രിമാരുടെ സഭാസ്ഥപകയായ വി. തെരേസ വെർസേരിയുടെ തിരുനാൾ ദിനമാണ് ഒക്ടോബർ 27. ഈ വിശുദ്ധയായ അമ്മ ഓർമ്മിപ്പിക്കുന്ന ഒരു വാചകമുണ്ട്. “നമുക്ക് വേണ്ടി ഒന്നും ചെയ്യേണ്ട ആവശ്യമില്ല. എന്നാൽ, ദൈവത്തിനു വേണ്ടി ഒത്തിരി ചെയ്യേണ്ടത് ആവശ്യമാണ്‌. ദൈവം മാധുര്യവാനും നീതിമാനുമായിരിക്കുന്നതുപോലെ മറ്റുള്ളരോടുള്ള പ്രവർത്തനത്തിൽ നിങ്ങളും അപ്രകാരമായിരിക്കണം.” ഈ സഹോദരിമാരും തങ്ങളുടെ പ്രവർത്തന മണ്ഡലത്തിൽ ദൈവ കരുണയും സ്നേഹവും പകരുന്നവരാണ്. എന്തൊക്കെ കഷ്ടപ്പാടുകളും വേദനകളും അഭിമുഖീകരിക്കേണ്ടി വന്നാലും ക്രിസ്തുവിന്റെ മുൻപിൽ അവയെക്കെല്ലാം വിലയുണ്ടല്ലോ എന്ന സന്തോഷത്തിലാണ് ഈ സന്യാസിനികൾ.

സി. സൗമ്യ DSHJ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.