നാടുനീളെ നന്മ ചെയ്ത് നാല് സി.എം.സി. സഹോദരിമാർ

സി. സൗമ്യ DSHJ

ഒറ്റപൈസപോലും കൈയിൽ എടുക്കാതെ ഒന്ന് പുറത്തിറങ്ങാൻ പോലും സാധിക്കാത്തവരാണ് ഇന്ന് സമൂഹത്തിൽ ഉള്ളത്. അവരുടെയിടയിൽ ഒന്നും കൈയിൽ കരുതാതെ ഒരു ഉടുപ്പും അത്യാവശ്യം ടോയ്‌ലറ്റ് ഉപകരണങ്ങളും മാത്രം എടുത്ത് യാത്ര ചെയ്ത് സുവിശേഷം പങ്ക്‌വെയ്ക്കുന്ന നാല് സന്ന്യാസിനിമാർ. സിഎംസി കോൺഗ്രിഗേഷനിലെ അംഗങ്ങളായ ഇവർ ഗ്രാമങ്ങൾ തോറും ചുറ്റി സഞ്ചരിച്ച്‌ വചനം പ്രസംഗിച്ച ഈശോയെ മാതൃകയാക്കി, നാട് മുഴുവൻ സഞ്ചരിച്ചു ഈശോയെ പകർന്ന് കൊടുക്കുന്നു.

വേറിട്ട സുവിശേഷ പ്രഘോഷണം

വഴിയരികിൽ കാണുന്നവരോട്, മീൻ കച്ചവടക്കാരോട്, ഡ്രൈവർമാരോട്, ഇങ്ങനെ കാണുന്നവരോടെല്ലാം ഇവർ സംസാരിക്കുന്നു. അവർ ആയിരിക്കുന്ന സ്ഥലത്തു അവരോടൊപ്പം ചെന്നിരുന്നു സംസാരിക്കുന്നു, അവരുടെ വേദന കേൾക്കുന്നു, അവരോട് ഈശോയെക്കുറിച്ചു പറഞ്ഞു കൊടുക്കുന്നു. മതമോ ജാതിയോ നോക്കാറില്ല. അവരെ ശ്രവിക്കുകയും പ്രതീക്ഷയുടെ സന്ദേശം അവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യുന്നു. അവസാനം അവർ എവിടെയാണോ അവിടെ കരങ്ങൾ കോർത്തുപിടിച്ചു അവർക്കു വേണ്ടി പ്രാർത്‌ഥിക്കുന്നു. വഴിയിൽ കാണുന്ന ഏതു വീട്ടിലും ഇവർ കയറും. അവരെ കേൾക്കും. അവർക്കുവേണ്ടി പ്രാർത്‌ഥിക്കും. ഈശോയെ അറിയാത്ത ഒരുപാട് പേർ നമ്മുടെ ചുറ്റിലുമുണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് ഈ മിഷന്റെ ആരംഭം.

വചനം പ്രസംഗിച്ച്‌ ചുറ്റിനടന്ന ഈശോയെപ്പോലെ

സി. തെരേസയാണ് തെരുവിലെ ഈ സുവിശേഷ പ്രഘോഷണത്തിന് നേതൃത്വം കൊടുക്കുന്നത്. കൂടെയുള്ളവരിൽ രണ്ടുപേരുടെയും പേരുകൾ തെരേസാ എന്ന് തന്നെ. നാലാമത്തെയാൾ സി. ജിൻസാ റോസ്. 2012 – ൽ ഉത്തരാഖണ്ഡിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ അവിടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചെന്നപ്പോൾ ഒരു സ്ത്രീ വളരെ ആകാംഷയോടെ ചോദിച്ചു. “നിങ്ങൾ ആരാണ്?” അതിനുള്ള ഞങ്ങളുടെ ഉത്തരത്തിൽ കടന്നുവന്ന ക്രിസ്തുവിനെ അവർക്ക് ഒട്ടും പരിചയം ഉണ്ടായിരുന്നില്ല. ആദ്യം കേൾക്കുന്ന ഒരു പേരായിരുന്നു യേശു എന്നത്. “ക്രിസ്തുവിനെക്കുറിച്ച് അറിയാത്തവർ ഈ ലോകത്ത് വളരെ ആളുകൾ ഉണ്ടെന്ന് എനിക്ക് മനസിലായി. കൈയിൽ പണമോ മറ്റൊന്നുമോ കരുതാതെ ക്രിസ്തുവിനെ പ്രഘോഷിക്കാൻ ഇറങ്ങി തിരിക്കുവാനുള്ള പ്രചോദനം അവിടെ നിന്നാണ്,” സി. തെരേസ പറഞ്ഞു.

ഈശോയെ അടുത്ത് അനുകരിക്കുവാനായി കൈയിൽ പണമൊന്നും കരുതാതെ ഇറങ്ങി തിരിക്കുകയാണ് ഇവരുടെ പ്രവർത്തന ശൈലി. സി. തെരേസ പറയുന്നു, “ഞങ്ങൾ ഒരു വീട്ടിൽ കടന്നുചെല്ലുമ്പോൾ അവിടെ ഒരു അപ്പച്ചനും അമ്മച്ചിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ അടുത്ത് ചെന്നിരുന്ന് അവരോട് സംസാരിച്ചു. അവരുടെ വളർന്നു നിൽക്കുന്ന നഖങ്ങൾ വെട്ടികൊടുത്തു, കിടപ്പിലായ അപ്പച്ചന് ഞങ്ങൾ ഭക്ഷണം വാരി കൊടുത്തു. തിരിച്ചു പോരുവാൻ നേരം ആ മാതാപിതാക്കളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഇങ്ങനെ കണ്ടുമുട്ടുന്നവർക്ക് ക്രിസ്തുവിന്റെ സ്നേഹം പകർന്നു കൊടുത്ത് ഞങ്ങൾ യാത്രതിരിക്കുന്നു, അടുത്ത സ്ഥലങ്ങളിലേക്ക്.”

സൂര്യനെ ആരാധിക്കുന്നവരുടെ ഇടയിൽ

2019 മെയ് മാസത്തോടെയാണ് ഇവർ അരുണാചൽ പ്രദേശിൽ പുതിയ മിഷന് ആരംഭം കുറിച്ചത്. പുതിയ സംസ്കാരത്തിലും സാഹചര്യത്തിലും വളരെ വേറിട്ട അനുഭവമാണ് ഇവരെ കാത്തിരുന്നത്. കത്തോലിക്കർ ഒരുപാടില്ലെങ്കിലും, ഉള്ളവർ പല മതങ്ങളിലും വ്യത്യസ്ത ക്രിസ്ത്യൻ വിഭാഗത്തിലും പെട്ടവർ ആയിരുന്നു. ഇരുപതോളം വ്യത്യസ്ത ക്രിസ്തീയ വിഭാഗങ്ങൾ തന്നെ ഇവിടെയുണ്ട്. വൈദികരുടെ ഗണ്യമായ കുറവ് ഇവരുടെ വിശ്വാസ ജീവിതത്തെ വളരെയേറെ താളം തെറ്റിച്ചിട്ടുണ്ട്. ഓരോ ഇടവകയുടെ കീഴിലും 20 ഓളം വില്ലേജുകൾ ഉണ്ട്. ഇടവകയുമായി കിലോമീറ്ററുകൾ അകലത്തിലാണ് ഈ വില്ലേജുകൾ.

കൂറ്റൻ മലമുകളിലും മലഞ്ചെരുവുകളിലും ആണ് ഇവരുടെ വീടുകൾ അധികവും. വളരെയേറെ ത്യാഗങ്ങൾ സഹിച്ചാണ് ഈ സന്യാസിനികൾ ഇവരുടെ ഭവനങ്ങളിൽ എത്തിച്ചേരുന്നത്. മല കയറുമ്പോൾ ഒന്ന് കാല് തെറ്റിയാൽ അഗാധ ഗർത്തങ്ങളിലേക്കാവും പതിക്കുക. 13 കിലോമീറ്റർ ദൂരം ഒരു ദിവസം തന്നെ നടക്കുന്ന സാഹചര്യമാണ് ഇവിടെ മിക്ക ഇടങ്ങളിലും. സിസ്റ്റേഴ്സ് അവരുടെ ഇടയിൽ കടന്നു ചെന്ന് കത്തോലിക്കാ സഭയെക്കുറിച്ചും വി. കുർബ്ബാനയുടെ പ്രാധാന്യത്തെക്കുറിച്ചും പറഞ്ഞു കൊടുക്കുകയും അവരുടെ കൂടെ സമയം ചില വഴിക്കുകയും ചെയ്യും. ഒരു വീട്ടിൽ തന്നെ വ്യത്യസ്ത മത വിഭാഗത്തിൽ പെടുന്നവർ ഇവിടെ ധാരാളമുണ്ട്. സൂര്യനെ ആരാധിക്കുന്നവരോട് യേശുവിനെക്കുറിച്ച് പറയുമ്പോൾ ആദ്യമായി ഈശോയെക്കുറിച്ച് കേട്ട് മാമ്മോദിസാ സ്വീകരിച്ചവരും ഇവിടെ നിരവധിയാണ്. 20 ഓളം വ്യത്യസ്ത മതവിഭാഗത്തിൽ പെടുന്നവരിൽ ക്രിസ്തു ഇന്ന് പരിചിതനായി അവരുടെ ഇടയിൽ തന്നെയുണ്ട്.

വിളിക്കുള്ളിലെ വിളി സ്വീകരിച്ച സന്യാസിനി

മൂന്ന് വർഷങ്ങൾക്ക് മുൻപ് നഴ്സിങ് സ്റ്റുഡന്റ്സിനെ പഠിപ്പിച്ചുകൊണ്ടിരുന്ന സി. തെരേസ അധികാരികളുടെ അനുവാദത്തോടെ ജോലി രാജി വെച്ചാണ് ഈ വേറിട്ട സുവിശേഷപ്രഘോഷണത്തിന് ഇറങ്ങി തിരിച്ചത്. കേരളത്തിൽ തന്നെ ഇതുവരെ 25000 ആളുകളെ കണ്ട് സംസാരിച്ചു. ക്രിസ്തുവിനെ പകർന്നു കൊടുക്കുവാൻ 13000 വീടുകൾ കയറിയിറങ്ങി. ഒന്നും കൈയിൽ കരുത്താതെയുള്ള ഇവരുടെ യാത്രയിൽ ഭക്ഷണത്തിനോ വെള്ളത്തിനോ ഇതുവരെ കുറവ് വന്നിട്ടില്ല. അന്നന്നു വേണ്ട അപ്പം തന്ന് ദൈവം പരിപാലിക്കുന്നു. വഴി നടത്തുന്നു. സ്വന്തമായതെല്ലാം മറ്റുള്ളവർക്കായി വ്യയം ചെയ്യുവാൻ സി. തെരേസ സദാ സന്നദ്ധയാണ്. അതിനുള്ള ഉത്തമ ഉദാഹരണമാണ് തൻ്റെ കിഡ്‌നി മറ്റൊരാൾക്ക് ദാനം ചെയ്യുവാൻ സന്നദ്ധയായത്. വർധ പ്രൊവിൻസിലുള്ള ഒരു സിസ്റ്ററിനാണ് കിഡ്നി കൊടുത്തത്.

കണ്ടുമുട്ടുന്നവരിലും കയറിച്ചെല്ലുന്നിടത്തും അവർക്ക് ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ. ക്രിസ്തു പ്രഘോഷിക്കപ്പെടണം… അതിനായി കൈയിൽ ഒന്നും കരുതാതെ അവർ യാത്ര തുടരുകയാണ്… അടുത്ത സ്ഥലത്തേക്ക്…

സി. സൗമ്യ DSHJ