അവകാശങ്ങൾ നിഷേധിക്കപ്പെട്ട ക്രൈസ്തവ സമുദായം! ന്യൂനപക്ഷ അവകാശങ്ങളും ക്രിസ്ത്യാനികളും – 6

ജിന്‍സ് നല്ലേപ്പറമ്പില്‍
ജിന്‍സ് നല്ലേപ്പറമ്പില്‍

കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികൾ വിവിധ സംസ്ഥാനങ്ങളിൽ ജനസംഖ്യാനുപാതികമായാണ് വിതരണം ചെയ്യുന്നത്. എന്നാൽ, കേരളത്തിൽ 80  ശതമാനം മുസ്ളീം ന്യൂനപക്ഷത്തിനും 20 ശതമാനം മറ്റെല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും എന്ന അനുപാതം അനുകൂല്യങ്ങൾ നൽകുന്നതിൽ പുലർത്തുന്നു എന്നത് വിവരാവകാശ രേഖകളിലൂടെ ലെയ്റ്റി കൗൺസിലിന് ബോധ്യമായിട്ടുള്ളതാണ്. തികച്ചും അശാസ്ത്രീയമായ ഈ അനുപാതം പിന്തുടരുന്നതിലൂടെ ക്രൈസ്തവർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

കോച്ചിംഗ് സെന്ററുകൾ  

ന്യൂനപക്ഷങ്ങൾക്കായുള്ള പ്രത്യേക കോച്ചിംഗ് സെന്ററുകൾ അനുവദിച്ചിരിക്കുന്നതിൽ ഒരെണ്ണം പോലും ക്രൈസ്തവ സമുദായത്തിന് ലഭിച്ചിട്ടില്ല (ത്രിശൂർ ജില്ലയിൽ ഒരെണ്ണം അനുവദിച്ചിട്ടുണ്ട് എന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ കോട്ടയത്തു നടന്ന സിറ്റിംഗിൽ പങ്കെടുത്ത ലേഖകനോട് പറയുകയുണ്ടായി. എന്നാൽ അത് ഏതു സഭയാണ് അഥവാ ക്രൈസ്തവ സംഘടനയാണ് നടത്തുന്നത് എന്ന കാര്യത്തിൽ അദ്ദേഹത്തിനും വ്യക്തത ഇല്ലയിരുന്നു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പിന്റെ വെബ്സൈറ്റിൽ തൃശൂർ ജില്ലയിലുള്ള ഏക സെന്റർ, കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് ബിൽഡിംഗിൽ പ്രവർത്തിക്കുന്നതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്).

മുസ്ളീം സംഘടനകൾ നടത്തുന്ന സെന്ററുകളിൽ 100 പേരുടെ ബാച്ചിൽ 80 മുസ്‌ലിങ്ങൾക്ക് പ്രവേശനം നൽകുമ്പോൾ 20 ക്രിസ്ത്യാനികൾക്കു മാത്രമാണ് അവസരം ലഭിക്കുന്നത്. മുസ്ളീം സംഘടനകളുടെ നിയന്ത്രണത്തിലുള്ള സെന്ററുകളിൽ ചുരുക്കം സീറ്റുകൾ അനുവദിക്കുന്നതിനു പകരം ക്രിസ്ത്യൻ സംഘടനകളുടെ നിയന്ത്രണത്തിൽ പൂർണ്ണമായും ക്രിസ്ത്യാനികൾക്കു മാത്രമായി നടത്തുന്ന കോച്ചിംഗ് സെന്ററുകൾ അനുവദിക്കാൻ നടപടി ഉണ്ടാകണം. കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത് (CCMY) എന്ന പേരിനു പകരം കേരളത്തിൽ കോച്ചിംഗ് സെന്റർ ഫോർ മുസ്ലീം യൂത്ത് എന്ന് ഉപയോഗിക്കുന്നത് മുസ്ലീങ്ങൾക്ക് മാത്രമായുള്ള കോച്ചിംഗ് സെന്ററുകൾ എന്ന ധാരണ പൊതുസമൂഹത്തിൽ ഉണ്ടാക്കുന്നുണ്ട്. കേരളത്തിൽ ന്യൂനപക്ഷം എന്നാൽ മുസ്ലീങ്ങൾ മാത്രമാണോ എന്ന് സർക്കാർ വ്യക്തമാക്കണം. അല്ലായെങ്കിൽ ക്രൈസ്തവർക്ക് അർഹമായത് നൽകാൻ തയ്യാറാകണം.

ഓൺലൈൻ സർവ്വേ  

ക്രൈസ്തവ സമൂഹത്തിന്റെ സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥയെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ ലഭ്യമാക്കാൻ സിബിസിഐ ലെയ്റ്റി കൌൺസിൽ നടത്തിയ ഓൺലൈൻ സർവ്വേയിലൂടെ ലഭ്യമായ വിവരങ്ങൾ സമുദയത്തിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ച് ഏകദേശ രൂപം നൽകുന്നുണ്ട്. സമയപരിമിതി മൂലം ഒരു ദിവസത്തേയ്ക്കു മാത്രമായി നടത്തിയ സർവ്വേയിൽ 123 ആളുകൾ പങ്കെടുത്തു, 74 % ആളുകൾ സിറോ മലബാർ സഭയിൽ നിന്നും, 10.6 % ആളുകൾ സിറോ മലങ്കര സഭയിൽ നിന്നും, 8.9 % ആളുകൾ ലത്തീൻ സഭയിൽ നിന്നും, 0 .8 % ആളുകൾ ഓർത്തഡോക്സ് സഭയിൽ നിന്നും, 1.6 % ആളുകൾ യാക്കോബായ സഭയിൽ നിന്നും, 1.6 % ആളുകൾ മാർത്തോമാ സഭയിൽ നിന്നും, 1.6 % ആളുകൾ പെന്തകോസ്ത് സഭകളിൽ നിന്നും 0.8 % ആളുകൾ മറ്റു സഭകളിൽ നിന്നും സർവ്വേയിൽ പങ്കെടുത്തു.

സർവ്വേയിൽ പങ്കെടുത്തവരിൽ 93.5 % പേരും ഹയർ സെക്കണ്ടറിയോ അതിൽ കൂടുതലോ വിദ്യാഭ്യാസം ഉള്ളവരാണ്. എന്നാൽ, സർക്കാർ ജോലിയുള്ളത് കേവലം 8 ശതമാനത്തിനാണ്. 33.3 % ആളുകളും സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നു. 22 % ആളുകൾ തൊഴിൽരഹിതരാണ്. സ്വയംതൊഴിൽ ചെയ്യുന്നവർ 17 %.

27.6 % ശതമാനം പേർക്കും 5,000 രൂപയിൽ താഴെയാണ് മാസവരുമാനം. 22 % പേര് 10,000 മുതൽ 15,000 വരെ മാസവരുമാനമുള്ളവരാണ്. 15 % ആളുകൾ വാടക വീട്ടിലാണ് താമസിക്കുന്നത്. 61 % പേരും കോൺക്രീറ്റ് വീടുകളിൽ താമസിക്കുന്നവർ ആണെങ്കിലും 47.2 % ആളുകൾക്കുമുള്ളത് 1000 ചതുരശ്ര അടിയിൽ താഴെയുള്ള വീടുകളാണ്. 5.7 % പേർക്ക് മാത്രമാണ് മഞ്ഞ റേഷൻ കാർഡ് ഉള്ളത്. 15.4 % പേർക്ക് പിങ്ക് റേഷൻ കാർഡും, 38.2 %പേർക്ക് നീല റേഷൻ കാർഡും ഉള്ളപ്പോൾ 26.8 % പേർക്ക് വെള്ള കാർഡ് ആണുള്ളത്.

43.9 % പേർക്കും കാർഷിക വായ്പ അടച്ചു തീർക്കാനുണ്ട്. 69.1 % പേർക്കും ഭവന നിർമ്മാണ വായ്പ അടച്ചു തീർക്കാനുണ്ട്. 57.7 % പേർക്ക് മറ്റ് വായ്പകൾ അടച്ചു തീർക്കാനുണ്ട്. 40.7 % പേരുടെ കുടുംബത്തിലും നാല് അംഗങ്ങൾ മാത്രമാണുള്ളത്. മൂന്ന് അംഗങ്ങൾ മാത്രമുള്ള കുടുംബങ്ങൾ 13 % ഉണ്ട്. സർവ്വേയിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങളിൽ 56 % ആളുകൾ 55 വയസിനു മുകളിൽ പ്രായമുള്ളവരാണ്.

77 % ആളുകൾക്കും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളെക്കുറിച്ച് അറിവില്ല. 86 % ആളുകളും ഏതെങ്കിലും ന്യൂനപക്ഷ ക്ഷേമ ആനുകൂല്യങ്ങൾക്ക് അപേക്ഷിച്ചിട്ടില്ല. ന്യൂനപക്ഷം എന്ന നിലയിൽ 14 % ആളുകൾക്ക് പ്രീമെട്രിക് സ്‌കോളർഷിപ്പും 8 % ആളുകൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പും ലഭിച്ചിട്ടുണ്ട്. എന്നാൽ 79 % ആളുകളും ന്യൂനപക്ഷമെന്ന നിലയിൽ യാതൊരു വിധ ആനുകൂല്യങ്ങളും ലഭിക്കാത്തവരാണ്. 97.6 % പേർക്കും യാതൊരു വിധ സംവരണവും ലഭിച്ചിട്ടില്ല.

ഒരു ഓൺലൈൻ സർവ്വേയ്ക്ക് പരിമിതികൾ ഏറെയുണ്ട്. എങ്കിൽപ്പോലും ഈ സർവ്വേയിൽ കണ്ടെത്തിയ കാര്യങ്ങൾ ക്രിസ്ത്യാനികളുടെ സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥയുടെ ബാഹുല്യത്തെക്കുറിച്ച് സൂചന നൽകുന്നുണ്ട്. ആയതിനാൽ ഈ വിഷയത്തെക്കുറിച്ച് പഠിച്ച്‌ പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുവാൻ ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്ന് സർക്കാരിനോട് ന്യൂനപക്ഷ കമ്മീഷൻ ശുപാർശ ചെയ്യണം.

ക്രൈസ്തവ സമൂഹം ആവശ്യപ്പെടുന്നത് 

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കാലാവധി തികച്ച ന്യൂനപക്ഷ കമ്മീഷൻ ശുപാർശ ചെയ്തതു പോലെ വിശുദ്ധനാട് സന്ദർശിക്കുവാൻ സബ്സിഡി പോലെയുള്ള ആവശ്യങ്ങളല്ല ക്രൈസ്തവ സമൂഹത്തിനുള്ളത്. സമുദായത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള പദ്ധതികളാണ് ക്രൈസ്തവർക്ക് വേണ്ടത്. രാജ്യത്തെ ഒരു ന്യൂനപക്ഷ സമുദായമെന്ന നിലയിൽ, ന്യൂനപക്ഷങ്ങൾക്കായി ആവിഷ്കരിച്ചിരിക്കുന്ന പദ്ധതികളിൽ ജനസംഖ്യാനുപാതികമായ പങ്കാണ് ക്രൈസ്തവ സമൂഹം ആവശ്യപ്പെടുന്നത്.

ജിന്‍സ് നല്ലേപ്പറമ്പില്‍
ജിന്‍സ് നല്ലേപ്പറമ്പില്‍