മാനദണ്ഡങ്ങളിൽ പിണറായി സർക്കാർ വരുത്തിയ വലിയ തിരുത്ത്! ന്യൂനപക്ഷ അവകാശങ്ങളും ക്രിസ്ത്യാനികളും – 4

ജിന്‍സ് നല്ലേപ്പറമ്പില്‍
ജിന്‍സ് നല്ലേപ്പറമ്പില്‍

പഴയ സിമി (Students Islamic Movement of India) പ്രവര്‍ത്തകനായ കെ.ടി. ജലീല്‍ ലീഗുകാരനാകുന്നതും ഒരു സുപ്രഭാതത്തില്‍ കമ്മ്യൂണിസ്റ്റ് ആകുന്നതും നമ്മള്‍ കണ്ടു. ഇന്ന് ആ ‘കമ്മ്യൂണിസ്റ്റുകാരന്‍’ ആണ് ന്യൂനപക്ഷ വകുപ്പ് ഭരിക്കുന്നത്. കേരളത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ സ്ഥാപിച്ചു കൊണ്ടുള്ള ഉത്തരവില്‍ ‘ഒരു ന്യൂനപക്ഷ സമുദായാംഗം ചെയര്‍പേഴ്സണ്‍ ആയും, ‘മറ്റൊരു’ ന്യൂനപക്ഷ സമുദായാംഗം അംഗമായും, ഒരു ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള സ്ത്രീ വനിതാ അംഗമായും കമ്മീഷന്‍ രൂപികരിക്കുന്നു എന്നായിരുന്നു പ്രസ്താവിച്ചിരുന്നത്. എന്നാല്‍ ഈ ‘സിമി’ മന്ത്രിയുടെ നേതൃത്വത്തില്‍ ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാര്‍ പ്രസ്തുത ഉത്തരവില്‍ ചെറിയ ഒരു വ്യത്യാസം വരുത്തി ‘ഓര്‍ഡിനന്‍സ്’ ഇറക്കുകയും പിന്നീട് ആ നിയമഭേദഗതി നിയമസഭയില്‍ പാസ്സാക്കുകയും ചെയ്തു.

നിയമത്തിലെ മേല്‍നിര്‍ദ്ദേശത്തിലുള്ള ‘മറ്റൊരു’ എന്നതിനെ ‘ഒരു’ എന്നാക്കിയ ‘ചെറിയ’ ആ ‘തിരുത്ത്’ കൈയ്യടിച്ചു പാസാക്കിയവര്‍ അതിനു പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞതേയില്ല അഥവാ അറിഞ്ഞതായി ഭാവിച്ചില്ല. ‘മറ്റൊരു’ എന്നത് ‘ഒരു’ ആകുമ്പോള്‍ കമ്മീഷന്‍ അംഗങ്ങള്‍ എല്ലാവരും ഒരു മതത്തില്‍ നിന്നു മാത്രമായാലും നിയമപരമായി തെറ്റല്ലാതാവും എന്ന ‘പഴുത്’ നിയമത്തില്‍ മന:പൂര്‍വം ഉണ്ടാക്കിയെടുത്തത് ക്രിസ്ത്യാനികളെയോ മറ്റ് ന്യൂനപക്ഷ സമുദായങ്ങളെയോ സംരക്ഷിക്കാനല്ല എന്ന് സുവ്യക്തമാണ്.

അവസരം വന്നാല്‍ കമ്മീഷന്‍ അംഗങ്ങള്‍ എല്ലാവരും ഒരു സമുദായത്തില്‍ നിന്നാകുന്നതിന് വഴിയൊരുക്കുകയാണ് ഈ ‘ചെറിയ’ വലിയ തിരുത്ത്. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന് സംസ്ഥാന ചീഫ് സെക്രട്ടറിയുടെയും, മെമ്പര്‍മാര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും സ്റ്റാറ്റസും, ശമ്പളവും, അലവന്‍സുകളും ലഭിക്കുന്നുണ്ടെന്നും, കമ്മീഷന്‍ മെമ്പറുടെ പ്രതിമാസ ശമ്പളം രണ്ടു ലക്ഷം രൂപയ്ക്കു മുകളിലാണെന്നും കൂടി നമ്മള്‍ അറിഞ്ഞിരിക്കണം.

ഭയമോ അലംഭാവമോ?

ഒരു ന്യൂനപക്ഷ സമുദായമെന്ന നിലയില്‍ നിലനില്‍പ്പിന് അത്യാവശ്യമായ സ്വത്വബോധവും സംഘടനാബോധവും ക്രിസ്ത്യാനികള്‍ക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. സമുദായത്തിന്റെ കാര്യം സംസാരിക്കുന്നവരെ വര്‍ഗ്ഗീയവാദികളായി മുദ്ര കുത്താനും സഭയേയും പുരോഹിതരേയും വിമര്‍ശിച്ചു കൊണ്ട് പുരോഗമനവാദികളായി ചമയാനുമാണ് ഭൂരിപക്ഷം ക്രൈസ്തവര്‍ക്കും ഉത്സാഹം. മരത്തിന്റെ കൊമ്പു മുറിച്ച് മഴുവിന് പിടിയിട്ട് മരം വെട്ടുന്ന തന്ത്രവുമായി ചില സംഘടനകള്‍ ക്രൈസ്തവരുടെ പിന്നാലെയുണ്ട്.

സഭാധികാരികളെയും ക്രൈസ്തവ സ്ഥാപനങ്ങളെയും സഭയെ അത്യാവശ്യഘട്ടത്തില്‍ സഹായിച്ചേക്കുമെന്ന് അവര്‍ കരുതുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും പോലും തകര്‍ക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ആസൂത്രിത ശ്രമങ്ങള്‍ ഉള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു. ക്രൈസ്തവ സമുദായത്തിന്റെ നിലനില്‍പ്പിനെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങള്‍ തിരിച്ചറിയാനും അവയ്ക്ക് പരിഹാരം കാണാനുമാണ് ഇനി നാം ശ്രമിക്കേണ്ടത്. ബേക്കറി മുതല്‍ വാഹന വിപണനം വരെയുള്ള ബിസിനസ് രംഗങ്ങളില്‍ ക്രൈസ്തവര്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു, സര്‍ക്കാര്‍ ജോലികളില്‍ ക്രൈസ്തവരുടെ പ്രാതിനിധ്യം കുറയുന്നു, ക്രൈസ്തവ യുവത്വം പ്രവാസികളാക്കപ്പെടുന്നു. സമുദായത്തിന് വാര്‍ദ്ധക്യം ബാധിച്ചിരിക്കുന്നു.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അടുത്ത തലമുറയില്‍ ക്രൈസ്തവ നേതാക്കന്മാര്‍ വളരെ കുറഞ്ഞിരിക്കുന്നു. ക്രൈസ്തവ സാന്നിധ്യം ഒട്ടേറെ മേഖലകളില്‍ മങ്ങിമങ്ങി ഇല്ലാതാവുകയാണ്. ഇനിയും നാം അലംഭാവം തുടര്‍ന്നാല്‍ നമ്മുടെ വരുംതലമുറയായിരിക്കും അതിന്റെ ദൂഷ്യഫലം അനുഭവിക്കുക. കഴിഞ്ഞ തലമുറയുടെ ദീര്‍ഘവീക്ഷണത്തിന്റെയും ത്യാഗത്തിന്റെയും ഫലം ആവോളം അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ച നമുക്ക്, അടുത്ത തലമുറയോടുള്ള ഉത്തരവാദിത്വം നിറവേറ്റാതെ കടന്നുപോകാന്‍ സാധിക്കില്ല. അതിനാല്‍ നമുക്ക് ഉണരാം സാമുദായികവും രാഷ്ട്രീയവുമായ കരുത്ത് നേടാം.

ജിന്‍സ് നല്ലേപ്പറമ്പില്‍