ആചാരങ്ങളെയും പാരമ്പര്യങ്ങളെയും മാനിച്ചുകൊണ്ട് ജനങ്ങളുടെ ജീവിതങ്ങളിലേയ്ക്ക് കടന്നുചെല്ലണമെന്ന് സമര്‍പ്പിതരോട് മാര്‍പാപ്പ

നമ്മള്‍ ഓരോ ജനങ്ങളുടെയും ജീവിതത്തിലേക്ക് അവരുടെ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും മാനിച്ചുകൊണ്ട് കടന്നുചെല്ലണമെന്നും അങ്ങനെ വിശ്വാസത്തെ സംസ്‌കാരത്തിന് അനുരൂപമാക്കിത്തീര്‍ക്കുകയും സംസ്‌കാരത്തെ സുവിശേഷവത്ക്കരിക്കുകയും ചെയ്യണമെന്നും ഫ്രാന്‍സിസ് പാപ്പാ. കൊളൊംബിയായിലെ ബെഗൊട്ടാ ആസ്ഥാനമാക്കി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന ലാറ്റിനമേരിക്കയിലെയും കരീബിയന്‍ നാടുകളിലെയും സമര്‍പ്പിതജീവിത കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നവര്‍ക്ക് അതിന്റെ ഉദ്ഘാടനദിനത്തില്‍ നല്‍കിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

‘സമൂഹാന്തര-സാംസ്‌കാരികാന്തര-സഞ്ചാരാത്മക സമര്‍പ്പിതജീവിതത്തിലേക്ക്’ എന്നതായിരുന്നു സമ്മേളനത്തിന്റെ വിചിന്തനപ്രമേയം. സംസ്‌കാരത്തില്‍ നിന്ന് വേറിട്ടുനിൽക്കുന്ന വിശ്വാസം ആധികാരികമാകില്ലെന്നും പകരം ജനങ്ങളുടെ ആത്മാവിലുള്ള സംസ്‌കാരത്തിന്റെ യഥാര്‍ത്ഥ പൊരുള്‍ പ്രദാനം ചെയ്യുന്ന യാഥാര്‍ത്ഥ്യത്തിലേക്ക് നാം ഇറങ്ങിച്ചെല്ലണമെന്നും പാപ്പാ തദവസരത്തില്‍ പറഞ്ഞു. സമര്‍പ്പിതര്‍ കൂട്ടായ്മയുടേയും സാഹോദര്യത്തിന്റേയും പ്രചാരകരായിരിക്കണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.