ഭൂമിക്കു ഭീഷണിയാകുന്ന സാമ്പത്തികാസക്തിയെ മറികടക്കാനുള്ള മാര്‍ഗ്ഗം നിര്‍ദ്ദേശിച്ച് ഫ്രാന്‍സിസ് പാപ്പാ

ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ലഭ്യമാക്കേണ്ട പ്രാഥമികമായ ഉപഭോഗവസ്തുക്കളെ, ഒരു ചെറിയ വിഭാഗം കൈവശം വയ്ക്കുന്നതിനും ആധിപത്യം സ്ഥാപിക്കുന്നതിനുമുള്ള ആസക്തിയിലേയ്ക്കു പോകുമ്പോള്‍, സാമ്പത്തികവും സാങ്കേതികവുമായ അസമത്വം സാമൂഹ്യഘടനയെ കീറിമുറിക്കുമ്പോള്‍, ഭൗതികപുരോഗതിയെ പരിധി വിട്ട് ആശ്രയിക്കുകയും ഭൂമിയാകുന്ന പൊതുഭവനത്തിന്റെ ഭീഷണിക്കു കാരണമാവുകയും ചെയ്യുമ്പോള്‍ നമുക്ക് നോക്കിനില്‍ക്കാനാവില്ലെന്ന് ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ച പരിപാടിയില്‍ ഫ്രാന്‍സിസ് പാപ്പാ ചൂണ്ടിക്കാട്ടി.

നമ്മുടെ നോട്ടം യേശുവില്‍ ഉറപ്പിച്ചുകൊണ്ട്, യേശുവിന്റെ സ്‌നേഹം ശിഷ്യന്മാരുടെ കൂട്ടായ്മയിലൂടെ പ്രവര്‍ത്തിക്കുന്നുവെന്ന ഉറപ്പോടെ, വ്യത്യസ്തവും മികച്ചതുമായ അവസ്ഥ സംജാതമാകുമെന്ന പ്രത്യാശയില്‍ നാം ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. കാരണം, ദൈവത്തില്‍ വേരൂന്നിയ ക്രിസ്തീയപ്രത്യാശയിലാണ് നമ്മുടെ ജീവിതം നങ്കൂരമിട്ടിരിക്കുന്നത്. ഇത് പരസ്പരം പങ്കുവയ്ക്കാനുള്ള ആഗ്രഹത്തെ പ്രചോദിപ്പിക്കുന്നു. അങ്ങനെ ക്രിസ്തുവിന്റെ ശിഷ്യന്മാരെന്ന നിലയില്‍ ക്രിസ്തു പങ്കുവച്ചതുപോലെ നമ്മുടെ ദൗത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ നമുക്ക് സാധിക്കും.

ആദിമ ക്രൈസ്തവസമൂഹങ്ങള്‍ നമ്മുടേതുപോലെ ദുഷ്‌കരമായ സാഹചര്യത്തില്‍ ജീവിക്കുകയും പരസ്പരം പങ്കുവയ്ക്കലിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തിരുന്നു. ഒരു ഹൃദയവും ഒരു ആത്മാവുമായി രൂപപ്പെടേണ്ടതിനെക്കുറിച്ച് അവര്‍ക്ക് ബോധ്യമുണ്ടായിരുന്നു. തങ്ങളുടെ വസ്തുക്കള്‍ പൊതുസ്വത്തായി പരിഗണിച്ചുകൊണ്ട് തങ്ങളില്‍ സമൃദ്ധമായുള്ള ക്രിസ്തുവിന്റെ കൃപയ്ക്ക് അവര്‍ സാക്ഷ്യം നല്‍കി. അതുപോലെ, കര്‍ത്താവിന്റെ പുനരുത്ഥാനത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ക്രൈസ്തവസമൂഹങ്ങള്‍ക്കും ഈ യാഥാര്‍ത്ഥ്യം വീണ്ടെടുക്കാന്‍ സാധിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

തുടര്‍ന്ന്, സ്രഷ്ടാവ് നമുക്ക് നല്‍കുന്ന സമൃദ്ധിയെ പരിപാലിക്കുന്നുവെങ്കില്‍, എല്ലാവര്‍ക്കും പ്രാപ്യമാകുന്ന വിധത്തില്‍ നമ്മുടെ കൈവശമുള്ളത് ലഭ്യമാക്കുകയാണെങ്കില്‍, കൂടുതല്‍ ആരോഗ്യകരവും നീതിപൂര്‍വ്വകവുമായ ഒരു ലോകത്തെ പുനര്‍ജ്ജീവിപ്പിക്കാനുള്ള പ്രത്യാശ നമുക്ക് കൈവരുമെന്ന ഉറപ്പോടെയാണ് പൊതുകൂടിക്കാഴ്ചയുടെ സന്ദേശം പാപ്പാ ഉപസംഹരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.