ഗുരുവച്ചൻ സ്വഭവനത്തിലേയ്ക്ക് തിരികെ പോകുമ്പോൾ

ഒരു യുഗം അവസാനിക്കുന്നു. “ദൈവം കൂടെ നടന്നപ്പോൾ ” സംഭവിച്ച മഹത് കാര്യങ്ങൾ വരും തലമുറയ്ക്കു സമ്മാനമായി നൽകി ബഹു മോളോപ്പറമ്പിലച്ചൻ സ്വർഗ്ഗ താതൻ്റെ സന്നിധിയിലേക്കു യാത്രയാകുമ്പോൾ, പ്രിയ ഗുരുവച്ചാ, നന്ദി. നൽകിയ ജീവിത മാതൃകൾക്ക്, തിരുത്തലുകൾക്ക്, പകർന്നു നൽകിയ സ്നേഹത്തിന്… ഉറപ്പിച്ചു നൽകിയ നല്ല ബോധ്യങ്ങൾക്ക്, കാവലായി നിന്ന സംരക്ഷണത്തിന്, കരുത്തു പകർന്ന പ്രോത്സാഹനങ്ങൾക്ക്…

2020 സെപ്റ്റംബർ 18 വെള്ളിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 7.45 pm -ന് ദൈവത്തോടൊപ്പം നടന്ന ഞങ്ങളുടെ പ്രിയ ഗുരുവച്ചൻ റവ. ഫാ. അബ്രാഹം മോളോപ്പറമ്പിലച്ചൻ സ്വർഗ്ഗ ഭവനത്തിലേക്ക് യാത്രയായി. യാദൃശ്ചികമെന്നു പറയട്ടെ, അതും നവ സന്യാസ കാലത്തെ ഞങ്ങളുടെ സുപ്പീരിയറച്ചൻ റവ. ഫാ. ജോർജ് മാലിയിലച്ചൻ്റെ ആറാം ചരമവാർഷിക ദിനത്തിൽ. (18- 09-2014)

ഒരു നവ സന്യാസ ഗുരു (നോവിസ് മാസ്റ്റർ) ഒരു സന്യാസിക്കു / ഒരു സന്യാസിനിക്കു നഷ്ടപ്പെടുമ്പോൾ അതു ജീവിതത്തിൽ തീർക്കുന്ന ശ്യൂനത വലുതാണ്. ഗുരുവച്ചനെ നഷ്ടപ്പെടുമ്പോൾ സന്യാസ വൈദീകനെന്ന നിലയിൽ നഷ്ടമാകുന്നത് ഒരു സുരക്ഷിതത്വത്തിൻ്റെ ഒരു വലിയ കരുതലാണ്, മനസ്സിലാക്കലിൻ്റെ വിശാലതയാണ്, സ്നേഹ വാൽസല്യങ്ങളുടെ മാതൃഭാവമാണ്. ഗുരു ജീവിച്ചിരിക്കുമ്പോൾ ശിഷ്യർക്കെല്ലാം ഒരു സുരക്ഷിതത്വ ബോധമുണ്ട്. നാം അറിയാതെയും അറിഞ്ഞും നമ്മളെ കാക്കുന്ന ഒരു കാവൽ മാലാഖയാണ് ഓരോ നവ സന്യാസ ഗുരുവും. ബഹുമാനപ്പെട്ട മോളോപ്പറമ്പിലച്ചൻ്റെ കൂടെ നിരവധി വർഷങ്ങൾ ജീവിച്ചിട്ടുണ്ടെങ്കിലും നവ സന്യാസജീവിതത്തിലെ ഗുരുവച്ചനായി കാണാനാണ് എനിക്കു ഏറ്റവും ഇഷ്ടം.

കാഞ്ഞിരപ്പള്ളിയിലെ ആ സന്യാസജീവിത പാഠശാലയിൽ “See കുഞ്ഞുങ്ങളെ…” എന്നു പറഞ്ഞുകൊണ്ടു ഞങ്ങളുടെ കൂടെ നടന്ന പ്രിയപ്പെട്ട ഞങ്ങളുടെ കൊച്ചച്ചൻ (അക്കാലത്ത് 2000- 2001 കാഞ്ഞിരപ്പള്ളി നവ സന്യാസ ഭവനത്തിലെ പ്രായം കുറഞ്ഞ വൈദീകൻ മോളോപ്പറമ്പിലച്ചനായിരുന്നു. ബഹു. മാലിയിൽ ജോർജച്ചൻ സുപ്പീരിയറും ബഹു. ജോസഫ് മൂന്നാപ്പള്ളിയച്ചനും സെബാസ്റ്റ്യൻ പറത്താനത്തച്ചനും കുമ്പസാരക്കാരനുമായിരുന്നു ഞങ്ങളോടൊപ്പം താമസിച്ചിരുന്നത്)

64-ാം വയസ്സിലാണ് മോളോപ്പറമ്പിലച്ചൻ ഞങ്ങളുടെ നവ സന്യാസ ഗുരുവാകുന്നത്. നോവിസ് മാസ്റ്ററായുള്ള അച്ചൻ്റെ രണ്ടാം ടേമിലെ ആദ്യ ബാച്ചുകാരാകാനുള്ള ഭാഗ്യം ഞങ്ങൾക്കു കൈവന്നു. ക്ഷമയോടൊയുള്ള പരിശീലനം അച്ചൻ്റെ മുഖമുദ്രയായിരുന്നു. ദിവ്യകാരുണ്യ മിഷനറി സഭ അച്ചൻ്റെ ഹൃദയ സ്പന്ദനമായിരുന്നു. സഭയുടെ കാരിസം എന്താണന്നു ഞങ്ങളെ പഠിപ്പിച്ച കർമ്മയോഗിയായിരുന്നു അദ്ദേഹം.

വിശുദ്ധ കുർബാനയെ മറ്റെന്തിനെക്കാളും സ്നേഹിച്ച ആ പുണ്യപുരോഹിതൻ ജീവിത സായഹ്നത്തിൽ കൂടുതൽ സമയവും ചിലവഴിച്ചതു വിശുദ്ധ കുർബാനയ്ക്കു മുമ്പിലായിരുന്നു. ദിവസം എത്ര കുർബാന അർപ്പിക്കുന്നതിലും കുർബാനയെ പ്രണയിച്ച ഈ വൈദീകൻ മടിച്ചിരുന്നില്ല. പ്രതീക്ഷകൾക്കൊത്തു ഞങ്ങൾ ഉയരാത്തപ്പോൾ “ശ്ശേ ഇങ്ങനെ പോയാൽ എങ്ങനെയാകും പിള്ളേരേ…” എന്നു പറഞ്ഞു തല ചൊറിഞ്ഞുകൊണ്ടു നവ സന്യാസഭ വനത്തിൻ്റെ വരാന്തയിലൂടെ ജപമാലയും പിടിച്ചു കൊണ്ടു നടക്കുന്ന അച്ചനെ മറക്കാൻ കഴിയുന്നില്ല. നോവിസസിനെ അച്ചനു വളരെ വിശ്വാസമായിരുന്നു. ആ വിശ്വാസം സന്യാസജീവിതത്തിൽ വളരാൻ ഞങ്ങൾക്കു ബോധ്യങ്ങളും ആവേശവും പകർന്നു.

ബലിപീഠത്തെ ജീവിതത്തിൻ്റെ കേന്ദ്ര ബിന്ദുവാക്കിയ അച്ചൻ തല ചായ്ച്ചതും ബലിപീഠത്തിലായി എന്നതിൽ ഒട്ടും യാദൃശ്ചികതയില്ല. പൗരോഹിത്യത്തെ അങ്ങയറ്റം സ്നേഹിച്ചിരുന്ന അച്ചൻ തൻ്റെ ജീവിതത്തിലുടനീളം മംഗലാപുരം സെൻ്റ് ജോസഫ് സെമിനാരിയിലെ റെക്ടറച്ചൻ ഫാ. റോക്കി SJ പറഞ്ഞ വാക്കുകൾ ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു. “ഓരോ ദിവ്യബലിയും വേണ്ടത്ര സമയമെടുത്ത് പ്രാർത്ഥനയുടെ അർത്ഥം നന്നായി മനസ്സിലാക്കി അർപ്പിക്കണം. ഓരോ കുർബാനയും ഒരു പുത്തൻ കുർബാന ആയിരിക്കണം. അവസാന ബലി എന്നു കരുതി അർപ്പിക്കണം.” (39)

മോളോപ്പറമ്പിലച്ചൻ അജപാലന ശുശ്രൂഷയെ അങ്ങയറ്റം സ്നേഹിച്ചിരുന്നു. വിശുദ്ധ ബലിപീഠവും കുമ്പസാരക്കൂടുമായിരുന്നു അച്ചൻ്റെ പ്രധാന ശുശ്രൂഷാ മേഖലകൾ. ദിവ്യകാരുണ്യ മിഷനറി സഭ കേരള സഭയ്ക്കു സമ്മാനിച്ച ഏറ്റവും ഉത്തമനായ ഒരു അജപാലകരിൽ ഒരുവനായിരുന്നു ഈ സന്യാസ വൈദീകൻ.
മണിക്കൂറുകൾ വിശുദ്ധ കുമ്പസാരത്തിനായി mcbs മാതൃഭവനത്തിൽ സദാ സംലഭ്യനായിരുന്ന മോളോപ്പറമ്പിലച്ചൻ ആർസിലെ വികാരി പോലെ കടുവാക്കുളം നിവാസികളുടെ പ്രിയ വികാരിയായിരുന്നു.

മോളോപ്പറമ്പിലച്ചൻ്റെ ആത്മകഥയ്ക്ക് “ദൈവം കൂടെ നടന്നപ്പോൾ” അവതാരിക എഴുതിയ പാലാ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട്, ബനഡിക്ട് പാപ്പയുടെ “ദൈവം സ്നേഹമാകുന്നു” എന്ന ചാക്രിക ലേഖനം പരാമർശിച്ചു കൊണ്ട് അബ്രാഹമച്ചനെപ്പറ്റി ഇങ്ങനെ കുറിച്ചു. “ദൈവത്തിലേക്ക് അടുത്തവർ മനുഷ്യരിൽ നിന്നകലുന്നില്ല. പിന്നെയോ അവർ യഥാർത്ഥത്തിൽ മനുഷ്യരോട് അടുത്തു വരുന്നു. ദൈവത്തിൻ്റെ പ്രവർത്തനം ജീവിതത്തിൽ മനസ്സിലാക്കിയ അച്ചൻ മറ്റുള്ളവരിലേക്ക് പ്രത്യേകിച്ച് പരിശീലനം നേടുന്നവരിലേക്ക് അതു പകരാൻ എന്നും തീഷ്ണത കാണിക്കുന്നു.”

നീണ്ട 12 വർഷക്കാലം സഭയുടെ സുപ്പീരയർ ജനറാളായിരുന്ന മോളോപ്പറമ്പിലച്ചൻ ആ കാലഘട്ടത്തെപ്പറ്റി തൻ്റെ ആത്മകഥയിൽ ഇപ്രകാരം കുറിക്കുന്നു. “സുപ്പീരിയർ ജനറൽ എന്ന നിലയിലുള്ള എന്‍റെ പ്രവർത്തനങ്ങളെപ്പറ്റി ഓർക്കുമ്പോൾ നല്ലവനായ ദൈവം വളരെ അധികം കാര്യങ്ങൾ ചെയ്യാൻ എന്നെ ഉപകരണമാക്കി എന്നു വിശ്വസിക്കാനാണ് ഇഷ്ടം. ദൈവാനുഗ്രഹവും സഭാംഗങ്ങളുടെ സഹകരണവും ഒന്നും ചേർന്നപ്പോൾ ഏറെ മുന്നേറ്റങ്ങൾ ഉണ്ടായി.” (95) “സഭയ്ക്ക് ആവശ്യമുള്ളതും എനിക്ക് ചെയ്യാൻ സാധിക്കുന്ന ഏതു ജോലിയും ഞാൻ ചെയ്യാം.” (115) ഉത്തരവാദിത്വങ്ങൾ സ്വീകരിക്കുന്നതിൽ മോളോപ്പറമ്പിലച്ചൻ സ്വീകരിച്ച നയം ഇപ്രകാരമായിരുന്നു .

നവ സന്യാസികളോട് ഗുരവച്ചൻ എന്ന നിലയിൽ “ഞാൻ നിങ്ങളുടെ നോവിസ് മാസ്റ്റർ ആണ്. നിങ്ങളെ സഹായിക്കലാണ് എൻ്റെ ജോലി. അല്ലാതെ തെറ്റുകൾ കണ്ടു പിടിച്ച് നിങ്ങളെ പറഞ്ഞു വിടലല്ല. വിളിയുടെ തടസ്സങ്ങൾ മാറ്റി വിളിയിൽ വളർത്താനാണ് ശ്രമിക്കുന്നത്. ഏതു സമയത്തും നിങ്ങൾക്ക് എൻ്റെ അടുത്തു വരാം. എന്തു കാര്യവും തുറന്നു പറയാം നിങ്ങൾ ഭയപ്പെടേണ്ടതില്ല.” (117) എന്നെപ്പോഴും ഞങ്ങളെ ഓർമ്മപ്പെടുത്തിയിരുന്നു.

തലമുറകളെ ബന്ധിപ്പിക്കുന്ന കണ്ണിയായിരുന്നു മോളോപ്പറമ്പിലച്ചൻ. കൊച്ചു കുട്ടികൾ തുടങ്ങി വാർദ്ധക്യത്തിലെത്തിയവരെ വരെ കയ്യിലെടുക്കാൻ അസാധാരണമായ സംവേദന ശേഷിയുള്ള വ്യക്തിയായിരുന്നു അബ്രാഹമച്ചൻ. ന്യൂജെൻ ഭാഷയിൽ പറഞ്ഞാൽ കൗണ്ടർ പറയുന്നതിൽ രാജാ കുമാരനായിരുന്നു മോളോപ്പറമ്പിലച്ചൻ, യുവജനതകളുടെ ഇടയിൽ അച്ചനെ പ്രിയനാക്കിയ ഒരു ഘടകം അതും ആകാം.

വിശുദ്ധ കുർബാനയുടെ സമൃദ്ധി ജീവിതത്തിൽ പകർന്നാടിയ ഒരു വ്യക്തിയായിരുന്നു മോളോപ്പറമ്പിലച്ചൻ. താൻ ആയിരിക്കുന്ന ആ ശ്രമങ്ങളിലും ബന്ധപ്പെടുന്ന വ്യക്തികളിലും ആ സമൃദ്ധി അദ്ദേഹം പകർന്നു നൽകി. അതിഥി സൽകാരത്തിലും, ആശ്രമങ്ങളിലെ ജോലിക്കാരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിലും ഒരു പുതിയ സംസ്കാരം അച്ചൻ വെട്ടി തുറന്നു. അച്ചനെക്കുറിച്ചു കുറ്റം പറയുന്ന ഒരു ആശ്രമ ശുശ്രൂഷകനെയും ഞാൻ കണ്ടിട്ടില്ല. അവരോടു നയപരമായി ഇടപെഴകുവാനുള്ള അച്ചൻ്റെ കഴിവ് പുതു തലമുറ ആർജ്ജിച്ചെടുക്കേണ്ട ഒരു സുകൃതമാണ്.

പ്രിയ ഗുരുവച്ചാ, അച്ചൻ ആരെയെങ്കിലും പറ്റി കുറ്റം പറയുന്നത് ഞാൻ ഇതുവരെ കേട്ടിട്ടില്ല. മറ്റുള്ളവരുടെ കുറ്റവുമായി അച്ചനെ സമീപിച്ചാലും അതു ഭാവാത്മകമായി കാണാൻ പരിശീലിപ്പിക്കുന്ന ആത്മീയ ശക്തിയായിരുന്നു അങ്ങ്.

സ്വർഗ്ഗത്തിലേക്കു യാത്രയായ പ്രിയ അച്ചാ, മോളോപ്പറമ്പിലച്ചൻ്റെ പിള്ളേർ എന്നു പറയാൻ ഭാഗ്യം ലഭിച്ച ഒരു ഗണത്തിൽ അംഗമാകാൻ സാധിച്ചതിൽ ഞാൻ അങ്ങേയറ്റം സന്തോഷിക്കുന്നു, അതിലുപരി അങ്ങ് എൻ്റെ നോവിസ് മാസ്റ്റർ ആയിരുന്നു എന്നു പറയുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഭൂമിയിൽ നിത്യാരാധനയുടെ പറുദീസാ തീർത്ത അച്ചനെ, സ്വർഗ്ഗം നീതിയുടെ കിരീടം നൽകി അനുഗ്രഹിക്കട്ടെ.

NB : “ദൈവം കൂടെ നടന്നപ്പോൾ ” എന്ന ബഹു. മോളോപ്പറമ്പിലച്ചൻ്റെ ആത്മകഥയിലെ പേജു നമ്പറുകളാണ് ബ്രാക്കറ്റിൽ നൽകിയിരിക്കുന്നത്.

ഫാ. ജയ്സൺ കുന്നേൽ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.