സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി ക്രിസ്ത്യൻ പ്രതിനിധി സംഘം

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി യു.എസിലെ ക്രിസ്ത്യൻ പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തി. അമേരിക്കൻ ട്രേഡ് സെന്റർ ആക്രമണത്തിന്റെ പതിനെട്ടാം വാർഷികത്തിന്റെ തലേന്ന് ജിദ്ദ പാലസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

ഇവാഞ്ചലിക്കൽ ഗ്രന്ഥകാരനും അമേരിക്കൻ – ഇസ്രായേൽ പൗരത്വവുമുള്ള ജോയൽ റോസൻബർഗിന്റെ നേതൃത്വത്തിലുള്ള ഒമ്പത് അംഗ സംഘവുമായാണ് സൗദി കിരീടാവകാശി കൂടിക്കാഴ്ച നടത്തിയത്. പരസ്പര സൗഹാർദ്ദവും തീവ്രവാദവുമായിരുന്നു കൂടിക്കാഴ്ചയിലെ ചർച്ചാവിഷയങ്ങളെന്ന് വാഷിംഗ്ടണിലെ സൗദി എംബസി വ്യക്തമാക്കി. സൗദി, പുരോഗമനത്തിന്റെ പാതയിലാണെങ്കിലും ചില മേഖലകളിൽ മാറ്റം വരേണ്ടതുണ്ടെന്ന് ക്രിസ്ത്യൻ പ്രതിനിധിസംഘം വ്യക്തമാക്കിയിരുന്നു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇവാഞ്ചലിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ റവ. ജോണി മൂർ, പ്രശസ്ത അമേരിക്കൻ സുവിശേഷകൻ ബില്ലി ഗ്രഹാമിന്റെ മുൻ വക്താവ് കൂടിയായിരുന്ന ലാറി റോസ്, ന്യൂ മെക്‌സിക്കോയിലെ കാൽവരി അൽബുക്കർക്ക് സമൂഹത്തിന്റെ വചനപ്രഘോഷകനായ സ്‌കിപ് ഹെയിറ്റ്‌സിഗ് എന്നിവര്‍ അടങ്ങിയതായിരുന്നു ക്രിസ്ത്യൻ പ്രതിനിധിസംഘം.

മതസ്വാതന്ത്ര്യത്തിന് വിലക്കുള്ള സൗദിയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് നിരീക്ഷകർ ഈ കൂടിക്കാഴ്ചയെ നിർണ്ണായകമെന്ന് വിശേഷിപ്പിക്കുന്നത്.