സൗഹൃദം എന്നോരോര്‍മ്മ

[avatar user=”Makkichan” size=”120″ align=”right” /]

ജീവിതത്തിന്‍റെ ഇടനാഴികകളിലെന്നോ കണ്ടുമുട്ടി, വലിയ സൗഹൃദം പങ്കിട്ട് യാത്ര ചോദിച്ച സുഹൃത്തിന്‍റെ ഓര്‍മ്മകള്‍ അയാളുടെ മനസ്സില്‍ ഉണര്‍ന്നു. ഒരു യാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ സൗഹൃദമാണ്.

ഒരേ ചിറകുള്ള തൂവല്‍ പക്ഷികള്‍ ഒന്നിച്ചു പറക്കുന്നുവെന്ന് കാലം പറയുന്നത് അന്വര്‍ത്ഥമാക്കുന്നതായിരുന്നു അവരുടെ സൗഹൃദം. ഒരേ ചിന്താഗതിക്കാരും, ഒരേ ആശയങ്ങളും മൂല്യങ്ങളും ജീവിതത്തില്‍ സൂക്ഷിക്കുന്നവരുമെന്ന് അവരെപ്പറ്റി സഹയാത്രികരൊക്കെ പറഞ്ഞു. ഏതുകാര്യത്തിലും സ്വന്തമായ ചില അഭിപ്രായങ്ങളും, തീരുമാനങ്ങളും അവരുടെ സംസാരങ്ങളില്‍നിന്ന് മറ്റ് യാത്രക്കാര്‍ വായിച്ചെടുത്തു.
ആ യാത്രയ്ക്ക് ഏറെ ദൂരങ്ങളുണ്ടായിരുന്നില്ലെങ്കിലും അവര്‍ പിന്നീടുള്ള തങ്ങളുടെ ജീവിതയാത്രയില്‍ സഞ്ചരിച്ചതു തനിച്ചായിരുന്നില്ല.

ഒരുനാള്‍ അയാള്‍ തന്‍റെ സുഹൃത്തിനെ തന്‍റെതന്നെ ജീവിതത്തിന്‍റെ ഭാഗദേയമായി സ്വീകരിച്ചു. രണ്ടല്ലാതെ ഒന്നാവുകയും എന്നാല്‍ രണ്ടായിരിക്കുകയും ചെയ്യുന്ന വ്യക്തിബന്ധത്തിന്‍റെ പേരാണത്രേ സൗഹൃദം. സൗഹൃദത്തിന്‍റെ ഭാഷ പലപ്പോഴും ഓര്‍മ്മകളാ ണത്രേ. എങ്കിലും എല്ലാ ബന്ധങ്ങളും ആരംഭിക്കുന്നത് ഒരു സൗഹൃ ദത്തിലാണത്രേ. അയാള്‍ തന്‍റെ സുഹൃത്തിനെ തന്‍റെ ജീവിതപങ്കാളിയായി സ്വീകരിച്ചുവെന്നു പറയുന്നതിനേക്കാള്‍ നല്ലത് തന്‍റെ ജീവിതപങ്കാളിയായിരുന്നു അയാളുടെ ആത്മമിത്രം എന്ന് പറയുന്നതാകും കൂടുതല്‍ ശരി.

ഹൃദ്യമായ സംഭാഷണങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടമാണത്രേ. കരുതലും സ്നേഹവും ഒളിപ്പിച്ച സംഭാഷണങ്ങളാണത്രേ സൗഹൃദത്തിന്‍റെ ഭാഷ. സാന്നിധ്യവും സാമീപ്യവുമാണത്രേ ഇതിനെ ബലവത്താക്കുക. ഒരു ചെറിയ ഓര്‍മ്മയ്ക്ക് വലിയ സൗഹൃദത്തിന്‍റെ ദൂരങ്ങളുണ്ടത്രേ. അല്ലെങ്കില്‍ സൗഹൃദം ഉണര്‍ത്തുന്ന ഒരു ഓര്‍മ്മമതി ജീവന്‍ പിരിയുവോളം തുടരുന്ന സൗഹൃദത്തിന്.

അയാള്‍ വീണ്ടും തന്‍റെ ഓര്‍മ്മകളിലേക്കു മടങ്ങി. കണ്ണുനിറയാന്‍ തുടങ്ങി. ചില ഓര്‍മ്മകള്‍ക്കു കണ്ണുനീരിന്‍റെ നനവും പുഞ്ചിരിയുടെ ലാവണ്യവുമുണ്ടത്രേ. വേര്‍പാടിന്‍റെ ഓര്‍മ്മകളൊക്കെ കണ്ണുനീരിന്‍റെ നനവുള്ളവയാണ്. അതുകൊണ്ടാകാം അയാളുടെ കണ്ണുകള്‍ നിറയുക. ഏതൊരു സൗഹൃദത്തിനും ദൂരത്തിന്‍റെ പരിധിയുണ്ടെന്നത് കാലം കാട്ടിത്തരുന്ന സത്യം. കാരണം മനുഷ്യന്‍റെ ജീവിതത്തിന്‍റെ ദൂരം ദൈവം നിശ്ചയിച്ചിട്ടുണ്ടത്രേ. അതുകൊണ്ട് വേര്‍ പാട് എന്നത് ഒഴിവാക്കാനാവാത്ത ശത്രുവിന്‍റെ പേരാണാത്രേ. എങ്കിലും കാലം പലതിനെയും ഓര്‍മ്മയില്‍ മറയ്ക്കും എന്നതിനാല്‍ വേര്‍പാട് എന്ന ശത്രുവിനോടും മനുഷ്യന്‍ പൊരുത്തപ്പെടുന്നുവത്രേ.

എങ്കിലും ഓര്‍മ്മകളുണരുമ്പോള്‍ മിഴികള്‍ നിറയും. അകലെങ്ങളിലെങ്കിലും സുഹൃത്തേ നീ അടുത്തെത്തും, ഹൃദ്യമായ സംഭാഷണമായി, സൗഹൃദത്തിന്‍റെ പുഞ്ചിരിയായി, സ്നേഹത്തിന്‍റെ തലോടലായി, കരുതലിന്‍റെ കരതാരുമായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.