വല്ല്യേട്ടന്‍

[avatar user=”Makkichan” size=”120″ align=”right” /]

യാത്ര പിരിയുമ്പോള്‍ അന്ന് അവസാനമായി അവള്‍ കൊടുത്ത കുറുപ്പടി അയാള്‍ തന്‍റെ ഡയറിയില്‍ സൂക്ഷിച്ചിരുന്നു. കണ്ടുമുട്ടിയ ഒരു വലിയ സൗഹൃദത്തിന്‍റെ ബാക്കിപത്രംപോലെ അയാള്‍ ആ കുറിപ്പടി തന്‍റെ ജീവിതത്തിലെ നിധിയായിതന്നെ സൂക്ഷിച്ചു.

മനുഷ്യന്‍ സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്ന് തത്ത്വചിന്തകന്മാര്‍ വാദിക്കാറുണ്ടത്രേ. പലപ്പോഴും ആ വാദങ്ങള്‍ക്ക് സത്യത്തിന്‍റെ മുഖഛായയുണ്ടെന്നതും സത്യം തന്നെ. ചില സാഹചര്യങ്ങള്‍ മനുഷ്യര്‍ ഒരുക്കുന്നു, ചില സാഹചര്യങ്ങള്‍ കാലം ഒരുക്കുന്നു, ചില സാഹചര്യങ്ങള്‍ സ്വയം ഒരുക്കുന്നു, ചില സാഹചര്യങ്ങള്‍ മറ്റുള്ളവര്‍ ഒരുക്കുന്നു, എല്ലാറ്റിലുമുപരിയായി ചില സാഹചര്യങ്ങള്‍ ദൈവം ഒരുക്കുന്നുവത്രെ മനുഷ്യജീവിതത്തില്‍. പല സാഹചര്യങ്ങളെയും അതിജീവിക്കലും അഭിമുഖീകരിക്കലുമാണത്രേ പലപ്പോഴും ജീവിതം.

ദൈവം ഒരുക്കിയ ഒരു സാഹചര്യത്തിലാണ് ആദ്യമായി അയാള്‍ അവളെ കണ്ടുമുട്ടുക. ഒരു കടല്‍തീരത്ത് തന്‍റെ കുപ്പിയിലെ മദ്യം മുഴുവന്‍ കുടിച്ചുതീരുവോളം കുടിച്ചാസ്വദിച്ചിരുന്ന അയാളില്‍ തന്‍റെ നഷ്ടപ്പെട്ട സഹോദരന്‍റെ രൂപം കണ്ടാണ് അവള്‍ ആദ്യമായി അയാളെ സമീപിക്കുക. കുട്ടിക്കാലം മുതല്‍ ഒരുമിച്ച് ഉണ്ടും ഉറങ്ങിയും വഴക്കടിച്ചും തോളിലേറ്റി നടന്നിരുന്ന തന്‍റെ വല്യേട്ടന്‍. വളര്‍ന്ന വഴിയില്‍ എന്നോ തുടങ്ങിയ ശീലം നിര്‍ത്താനാവാതെ അകാലത്തില്‍തന്നെ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി ഒരുനാള്‍ ജീവിതമവസാനിപ്പിച്ചു. ഒരുപക്ഷേ, കുഞ്ഞുനാളില്‍ തനിക്ക് തന്‍റെ വല്യേട്ടനോടുണ്ടായിരുന്ന സ്നേഹവും സ്വാതന്ത്ര്യവും വല്യേട്ടന്‍റെ വളര്‍ന്ന വഴികളിലുണ്ടായിരുന്നെങ്കില്‍ തനിക്ക് തന്‍റെ വല്യേട്ടനെ നഷ്ടപ്പെടില്ലായിരുന്നു, അവള്‍ ഓര്‍ത്തു.

മനുഷ്യര്‍ പലപ്പോഴും അങ്ങനെയാണ്, പ്രത്യേകിച്ച് സ്നേഹത്തിന്‍റെ കാര്യത്തില്‍ പലപ്പോഴും സ്വാര്‍ത്ഥരാകും. പുതിയ പുതിയ സ്നേഹങ്ങള്‍, പുതിയ പുതിയ സൗഹൃദങ്ങള്‍, പുതിയ പുതിയ ബന്ധങ്ങള്‍ പലപ്പോഴും മനുഷ്യന്‍റെ അന്വേഷണങ്ങള്‍ അങ്ങനെയാണത്രേ. കളിക്കട്ടുകാരനും, കൂട്ടുകാരിയും വല്യേട്ടനും കുഞ്ഞിപെങ്ങളുമൊക്കെ ഈ അന്വേഷണവഴികളില്‍ പുതുമയുടെ മുഖങ്ങള്‍ തേടുന്നുവെന്നത് കാലം വരച്ചുകാട്ടുന്ന ചിത്രങ്ങളാണത്രേ.

ഏതായാലും തന്‍റെ വല്യേട്ടന്‍റെ ഗതി ഇയാള്‍ക്ക് ഉണ്ടാകരുതെന്ന നിശ്ചയത്തോടെ അവള്‍ അയാളുടെ അടുത്തെത്തി. ഏട്ടാ, എന്ന അവളുടെ വിളി താന്‍ കുടിച്ചുതീര്‍ത്ത മദ്യത്തെ മുഴുവന്‍ നിര്‍വീര്യമാക്കി എന്ന തോന്നല്‍ അയാളില്‍ ഉണര്‍ത്തി. കുഞ്ഞുനാളിലെ ഈ കടല്‍ക്കരയില്‍ ഏട്ടാ എന്ന നിലവിളിയവശേഷിപ്പിച്ച് കടലില്‍ പോയ്മറഞ്ഞ തന്‍റെ കുഞ്ഞിപെങ്ങളുടെ ഓര്‍മ്മ. ദൈവം ഒരുക്കുന്ന സാഹചര്യങ്ങള്‍ക്ക് പിന്നില്‍ ഇങ്ങനെ ചില ഓര്‍മ്മക്കുറിപ്പുകള്‍ മറഞ്ഞിരിപ്പുണ്ടത്രേ.

അയാള്‍ അവളുടെ മിഴികളിലേക്ക് തുറിച്ചുനോക്കിയ ഓര്‍മ്മയില്‍ മറഞ്ഞ തന്‍റെ കുഞ്ഞിപെങ്ങളുടെ മിഴികള്‍. അന്ന് ആ കടല്‍പ്പുറത്ത് അവരുടെ സൗഹൃദം തുടങ്ങി.
നഷ്ടപ്പെട്ട സ്നേഹത്തിന്‍റെ ഓര്‍മ്മകള്‍ തിരിച്ചെത്തിയപ്പോള്‍ അയാള്‍ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു നടന്നു. ഇനിയൊരിക്കലും അയാള്‍ മദ്യപിക്കില്ല എന്ന് അവള്‍ക്കന്ന് വിശ്വസിക്കാനാവുമായിരുന്നില്ല. പക്ഷേ, ദൈവം ഒരുക്കുന്ന സാഹചര്യങ്ങള്‍ പലപ്പോഴും മനുഷ്യന്‍റെ വിശ്വാസങ്ങളെ മാറ്റിമറിക്കുമത്രേ. അല്ലെങ്കില്‍ പിന്നെ അന്ന് അയാള്‍ അവസാനമായി മദ്യപിക്കുമായിരുന്നോ?

അങ്ങനെ നാളുകള്‍ പലതു കഴിഞ്ഞു. തന്‍റെ ജീവിതത്തെ മാറ്റിമറിച്ച ആ സൗഹൃദം അയാള്‍ നഷ്ടപ്പെടുത്താതെ ഏറെനാള്‍ കാത്തുസൂക്ഷിച്ചു. അവസാനമായി അവര്‍ കണ്ടുമുട്ടിയത് ക്യാന്‍സര്‍ വിദഗ്ധ ചികിത്സാ ആശുപത്രിയില്‍ വച്ചായിരുന്നു. മരണം ഒരു മിഴിയകലെ നില്ക്കുമ്പോഴും പുഞ്ചിരിക്കുന്ന സൗഹൃദം, അയാള്‍ക്ക് തന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല, ഒരു നിമിഷം തന്‍റെ ജീവിതത്തിന്‍റെ സമനില തെറ്റുന്നതായി അയാള്‍ക്കു തോന്നി. തന്നെ സ്നേഹിക്കുന്നവര്‍ക്കൊക്കെ ദൈവം വേദനകള്‍ മാത്രമേ സമ്മാനിക്കുകയുള്ളോ? അയാള്‍ തന്നോടുതന്നെ ചോദിച്ചു. എന്തിനാണ് വേദനിക്കാനായി മാത്രം മനുഷ്യര്‍ ഇങ്ങനെ സ്നേഹിക്കുന്നത്? ഉത്തരം കിട്ടുന്നില്ല.

അയാളുടെ നിറഞ്ഞകണ്ണുകള്‍ തുടച്ചുകൊണ്ട് ആ മരണക്കിടക്കയിലിരുന്ന് അവള്‍ ഒരുക്കല്‍ കൂടി വിളിച്ചു, ‘ഏട്ടാ’. ചങ്കുപൊട്ടുന്ന വേദനയുള്ളപ്പോള്‍ മനുഷ്യര്‍ പൊതുവേ വലിയ മൗനത്തിലാണത്രേ. അയാള്‍ അവളുടെ കൈയില്‍ മുറുകെ പിടിച്ചു. കണ്ണുനീര് ആ കൈകളില്‍ വീണുകൊണ്ടിരുന്നു. അവളുടെ കണ്ണുകളും നിറയാന്‍ തുടങ്ങി. അപ്പോഴേക്കും ഡോക്ടറെത്തി, അയാളോട് പുറത്തുനില്ക്കാന്‍ ആവശ്യപ്പെട്ടു. അവളുടെ മുഖം വിളറി തുടങ്ങി. കട്ടിലിനരികില്‍ ഇരുന്ന ഒരു പേപ്പര്‍ തുണ്ടില്‍ അവള്‍ എന്തോ കുറിച്ച് അയാളുടെ കൈയില്‍ കൊടുത്തു. ആ പേപ്പര്‍തുണ്ട് തന്‍റെ ഹൃദയത്തോടു ചേര്‍ത്തുവച്ച് അയാള്‍ പുറത്തു പ്രാര്‍ത്ഥിച്ചുനിന്നു. നിമിഷങ്ങള്‍ക്കകം മാലാഖമാരുടെ സൗഹൃദം തേടി അവള്‍ നിത്യതയില്‍ മറഞ്ഞിരുന്നു.

അയാള്‍ വീണ്ടും കൈയില്‍ ഒരു കുപ്പി മദ്യവുമായി ആ കടല്‍ ക്കരയിലെത്തി. മദ്യം കൈയിലെടുത്ത് ഗ്ലാസില്‍ പകര്‍ത്തുംമുമ്പ് അവള്‍ അവസാനമായി കുറിച്ചുകൊടുത്ത ആ കുറിപ്പടിയെടുത്ത് തുറന്നു വായിച്ചു. കണ്ണുനീരില്‍ കുതിര്‍ന്ന അക്ഷരങ്ങള്‍, വാക്യം മുറിഞ്ഞുപോയ അക്ഷരങ്ങള്‍, അയാള്‍ ആ അക്ഷരങ്ങളെ കൂട്ടിവായിച്ചു:
സ്നേഹത്തിന് മരണമില്ല,
സൗഹൃദങ്ങള്‍ക്കു ദൂരമില്ല
യാത്ര തുടരുന്നു ഞാന്‍
ഇനിയെന്നുമോര്‍മ്മയില്‍.

അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആ മദ്യകുപ്പിയും ഗ്ലാസും അയാള്‍ ദൂരേക്കു വലിച്ചെറിഞ്ഞു. ഇനിയും മരിക്കാത്ത തന്‍റെ സുഹൃത്തിന്‍റെ സ്നേഹസ്മരണകളില്‍ അയാള്‍ വീണ്ടും തന്‍റെ ജീവിതത്തിന് അര്‍ത്ഥം കണ്ടെത്തി, ആ കുറിപ്പടി തന്‍റെ ജീവിതത്തിന്‍റെ ഏറ്റവും വലിയ സമ്പാദ്യമായി അയാള്‍ തന്‍റെ ഡയറിയില്‍ സൂക്ഷിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.