ഒരു സന്യാസ സമൂഹത്തിന്റെയും ആഭ്യന്തര കാര്യങ്ങളിൽ മാധ്യമങ്ങൾ ഇടപെടരുത്

ബിബിൻ മഠത്തിൽ

മറ്റൊരു സമുദായത്തിന്റെ നേരെയും നടക്കാത്ത രീതിയിലുള്ള മീഡിയ ഓഡിറ്റിംഗ് ആണു ഇപ്പോൾ കത്തോലിക്കാസഭക്കെതിരെ നടന്നു കൊണ്ടിരിക്കുന്നത്. കത്തോലിക്കാസഭയുടെ ആഭ്യന്തര കാര്യങ്ങളിൽ വരെ അവർ ഇടപെടാൻ തുടങ്ങിയിരിക്കുന്നു.

ഞെട്ടിപ്പിക്കുന്ന യാഥാർഥ്യം എന്തെന്നാൽ ഇപ്പോൾ നടക്കുന്ന മാധ്യമവിചാരണ ഒരു സന്യാസസമൂഹത്തിന്റെ ആഭ്യന്തര പ്രശ്നത്തിന്മേൽ ആണ് എന്നുള്ളതാണ്. ഒരു സന്യാസസമൂഹം അവരുടെ ഒരംഗത്തെ പുറത്താക്കിയത് ആ സന്യാസസമൂഹത്തിന്റെ നിയമം അനുസരിച്ചാണ്. അതിനെ ചോദ്യം ചെയ്യുന്നുണ്ടെങ്കിൽ ആ നിയമം വായിച്ചു പഠിച്ചിട്ട് അതിനനുസരിച്ചായിരിക്കണം. എന്നാൽ ഇപ്പോൾ അതല്ല നടക്കുന്നത്. എഫ്. സി. സി. സന്യാസസമൂഹത്തെ ഭീഷണിപ്പെടുത്തി തങ്ങളുടെ അജണ്ട നേടിയെടുക്കാനുള്ള ശ്രമമാണു മാധ്യമങ്ങളും ചില തത്പരകക്ഷികളും ചേർന്ന് നടത്തുന്നത്. വേറെ എതെങ്കിലും ഒരു സമുദായത്തിനെതിരെയൊ ഏതെങ്കിലും ഒരു സംഘടനക്കെതിരെയൊ ഇത്രയും ശക്തമായ മാധ്യമ ആക്രമണം ഉണ്ടാകുമൊ? ഏതെങ്കിലും ഒരു സമൂഹമൊ പാർട്ടിയൊ ഓർഗനൈസേഷനൊ അവരുടെ അംഗത്തിനെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചാൽ അതുംകൊണ്ട് ഒരു വാർത്തക്കപ്പുറം അന്തിചർച്ചകളിലേക്കും കടക്കാൻ ഏതെങ്കിലും മാധ്യമം തയാറാകുമൊ?

കേരളത്തിന്റെ തനതായ ഒരു സന്യാസസമൂഹമാണു എഫ്.സി.സി. അൽഫോൻസാമ്മയേയും റാണിമരിയയേയും ഒക്കെ കേരളസഭക്ക് നൽകിയവർ. അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള മാധ്യമനീക്കം അപലപനീയമാണ്. ഇത് ഒരു ടെസ്റ്റ് ഡോസാണ്. ഇന്ന് അവർ എഫ്. സി. സിയുടെ ആഭ്യന്തര കാര്യത്തിൽ ഇടപെട്ടെങ്കിൽ നാളെ അവർ സഭയിലെ മറ്റേത് സമൂഹത്തിന്റെയും ആഭ്യന്തര കാര്യത്തിൽ ഇടപെടും. അതിൽ സംശയമൊന്നുമില്ല. അതുകൊണ്ടാണു ഇത് എതിർക്കപ്പെടേണ്ടത്.

ഇവിടെ എന്നെ ഏറ്റവുമധികം വിഷമിപ്പിക്കുന്നത് കത്തോലിക്കാസഭയിലെ സംഘടനകളുടെ നിഷ്ക്രിയത്വം ആണ്. നമ്മുടെ ഒരു സന്യാസസമൂഹം അവരുടേതായ കാര്യങ്ങളിൽ സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കുന്നതിനെ ഭീഷണിയിലൂടെയും അപവാദങ്ങളിലൂടെയും തടയാൻ ശ്രമിച്ചിട്ടും നിങ്ങൾ എന്തിനാണു കൈയും കെട്ടി നോക്കി നിൽക്കുന്നത്? ആവശ്യമുള്ളതും ഇല്ലാത്തതുമായ എത്രയോ കാര്യങ്ങളിൽ നിങ്ങൾ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നു.  എന്നാൽ ഇപ്പോൾ മാധ്യമങ്ങളുടെയും മറ്റു തത്പരകക്ഷികളുടെയും വ്യക്തമായ ഇടപെടൽ ഉണ്ടായിട്ടും നിങ്ങളെന്ത് ചെയ്തു? ഇടവക തലത്തിലെങ്കിലും ഒരു പ്രതിഷേധ യോഗം സംഘടിപ്പിച്ച് ഇക്കാര്യം ചർച്ച ചെയ്യാനും സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കാനും നിങ്ങൾക്ക് ശ്രമിച്ചു കൂടേ? നമ്മുടെ സന്യാസഭവനങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയല്ല എന്ന് നിങ്ങൾ കരുതുന്നുണ്ടോ? അതോ കത്തോലിക്കന്റെ സ്വത്വബോധം മാധ്യമങ്ങൾക്കും സാമൂഹികമാധ്യമങ്ങൾക്കും മറ്റു മത-രാഷ്ട്രീയ തീവ്രവാദിഗ്രൂപ്പുകൾ കെട്ടിച്ചമക്കുന്ന അജണ്ടകൾക്കും അടിയറവ് വച്ചോ?

ക്രൈസ്തവ സന്യാസഭവനങ്ങളിലെന്മേലുള്ള മാധ്യമങ്ങളുടെയും തത്പരകക്ഷികളുടെയും ഇടപെടലുകൾ അവസാനിപ്പിക്കേണ്ടതാണ്. അതിനു വേണ്ടത് ഇനിയും ചെയ്തില്ലെങ്കിൽ കത്തോലിക്കാ വിശ്വാസീ, നിനക്ക് വിശ്വാസം പകർന്നു തന്ന നിന്റെ പൂർവ്വികർ പോലും നിന്നോട് പൊറുക്കില്ല.

ബിബിൻ മഠത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.