ജീവിതത്തിലെ സഹനങ്ങളുടെ അര്‍ത്ഥം എന്താണ്

സഹനങ്ങള്‍ മനുഷ്യജീവിതത്തിന്റെ ഭാഗമാണ്. എന്തുകൊണ്ടാണ് തങ്ങളുടെ ജീവിതത്തില്‍ സഹനങ്ങള്‍ ഉണ്ടാകുന്നതെന്ന് ചിന്തിക്കാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. ജീവിതത്തിലുണ്ടാകുന്ന സഹനങ്ങളുടെ അര്‍ത്ഥം എന്താണ്?

നമ്മളെല്ലാം ജീവിതത്തില്‍ മിക്ക ദിവസങ്ങളിലും സഹനങ്ങളിലൂടെ കടന്നുപോകാറുണ്ട്. യേശു ലോകത്തിലേയ്ക്കു വന്നത് നമ്മുടെ സഹനങ്ങളെ എടുത്തുമാറ്റാനല്ല. മറിച്ച്, സഹനങ്ങളെ നമ്മുടെ രക്ഷയ്ക്കുള്ള മാര്‍ഗ്ഗമായി രൂപാന്തരപ്പെടുത്താനാണ്. അതുകൊണ്ടു തന്നെ നമ്മുടെ ജീവിതത്തിലെ സഹനത്തിന് അര്‍ത്ഥം കൈവരുന്നത് യേശുക്രിസ്തുവിലൂടെ മാത്രമാണ്.

കുരിശില്‍ വേദന സഹിച്ച യേശുവിലൂടെയാണ് ദൈവം ലോകത്തെ രക്ഷിച്ചത്. യേശുവിന്റെ കുരിശിലെ സഹനം ദൈവം ലോകത്തിന്റെ മുഴുവന്‍ രക്ഷാകര പദ്ധതിക്ക് കാരണമാക്കി. കുരിശിലെ മരണത്തിനു മുമ്പ് മനുഷ്യന്റെ സഹനാനുഭവങ്ങള്‍ എങ്ങനെയാണോ, അങ്ങനെയെല്ലാം യേശുവും എല്ലാ തരത്തിലുമുള്ള സഹനങ്ങളിലൂടെയും കടന്നുപോയി. യേശു ഈ ഭൂമിയില്‍ ജീവിച്ച നാളുകളില്‍ മനുഷ്യന്റെ വേദനകളും ദുഃഖങ്ങളും അനുഭവിച്ചറിഞ്ഞു.

അവന്റെ രക്ഷാകരപദ്ധതിയ്ക്കായുള്ള സഹനത്തില്‍ അവന് നമ്മുടെ സഹായം ആവശ്യമില്ലെങ്കിലും, നമുക്കും രക്ഷാകരപദ്ധതിയുടെ ഭാഗമാകാനും അവന്റെ കുരിശിന്റെ ഒരു ഭാഗം വഹിക്കാനും യേശു അവസരം തരുകയാണ് ചെയ്യുന്നത്. അങ്ങനെ സഹനങ്ങളിലും ആനന്ദവും സമാധാനവും കണ്ടെത്താന്‍ നമുക്ക് സാധിക്കും.